Friday, August 3, 2012
മാണിയുടെ മരുമകനെതിരായ കണ്ടെത്തലുകള്‍ ഗുരുതരം
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവിയില്‍ നിയമിതനായ മന്ത്രി കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫിനെതിരെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ ശിവദാസന്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതീവ ഗുരതരമായ കണ്ടെത്തലുകള്‍. ചീഫ് സെക്രട്ടറിയുടെ പേരില്‍ നുണപ്രസ്താവം നടത്തുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2000 ഏപ്രിലില്‍ നിയോഗിച്ച കമീഷന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോടെയാണ് 2004ല്‍ എം പി ജോസഫിനെ സിവില്‍ സര്‍വീസില്‍നിന്നു പുറത്താക്കിയത്. സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ, സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ച് വിദേശജോലി സ്വീകരിച്ച എം പി ജോസഫ്, കമീഷന്‍ ഉന്നയിച്ച നാലു ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ല. 2000 സെപ്തംബര്‍മുതല്‍ 2005 നവംബര്‍വരെ പത്തുതവണ കത്തയച്ചശേഷമാണ് കമീഷന്‍ ഉന്നയിച്ച കുറ്റാരോപണത്തിന് മറുപടി നല്‍കിയത്. വിദേശജോലിക്ക് നാലുവര്‍ഷത്തെ അസാധാരണ അവധിക്ക് അപേക്ഷിച്ചപ്പോള്‍ "നിയമം അനുവദിക്കുന്നെങ്കില്‍മാത്രം" എന്ന് അന്നത്തെ മുഖ്യമന്ത്രി ഫയലില്‍ എഴുതിയിട്ടും എം പി ജോസഫ് അവധിയില്‍ പ്രവേശിച്ചു. സര്‍ക്കാരിന്റെ അനുവാദമില്ലാതെ എങ്ങനെ അവധിയില്‍ പ്രവേശിക്കുമെന്ന് ചീഫ് സെക്രട്ടറി ഫയലെഴുതിയപ്പോള്‍ തനിക്ക് അവധി അനുവദിച്ചെന്ന നുണപ്രസ്താവം നടത്തി. കമീഷനുമുന്നില്‍ തെറ്റായ ന്യായവാദങ്ങള്‍ നിരത്തിയെങ്കിലും തന്റെ വാദങ്ങള്‍ക്ക് തെളിവു ഹാജരാക്കാന്‍ ജോസഫിനായില്ല. ഒടുവില്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ (സിഎടി)നിന്നുള്ള വിധിയും എതിരായിട്ടും സര്‍ക്കാരിനെതിരെ ആക്ഷേപമുന്നയിക്കുകയായിരുന്നു.
1992ലാണ് എം പി ജോസഫ് ഐക്യരാഷ്ട്രസംഘടനയുടെ ലേബര്‍ ഓര്‍ഗനൈസേഷനുകീഴില്‍ മൂന്നുവര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ പോയത്. പിന്നീട് ഇത് രണ്ടുവര്‍ഷത്തേക്ക് നീട്ടിക്കൊടുത്തു. സിവില്‍ സര്‍വീസ് ചട്ടപ്രകാരം 25 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കേ അഞ്ചുവര്‍ഷത്തെ വിദേശ ഡെപ്യൂട്ടേഷന്‍ നല്‍കാറുള്ളു. പ്രത്യേകാനുമതിയോടെ അഞ്ചുവര്‍ഷത്തെ വിദേശജോലി പൂര്‍ത്തിയാക്കി 1998 സെപ്തംബര്‍ ഒന്നിന് ജോസഫ് സര്‍വീസില്‍ മടങ്ങിയെത്തി. തൊട്ടടുത്തദിവസം നാലുവര്‍ഷത്തെ അസാധാരണ അവധിക്ക് അപേക്ഷ നല്‍കി. അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. അപ്പോഴേക്കും ബന്ധപ്പെടാന്‍ മേല്‍വിലാസംപോലും നല്‍കാതെ ജോസഫ് തിരുവനന്തപുരം വിട്ടുപോയി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഡല്‍ഹിയിലെ വിലാസത്തില്‍ ബന്ധപ്പെട്ട് ജോസഫിനോട് രണ്ടാഴ്ചയ്ക്കകം സര്‍വീസില്‍ പ്രവേശിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അവധി അനുവദിച്ചിട്ടില്ലെന്നും വിദേശ ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ച് സര്‍വീസില്‍ പ്രവേശിച്ചില്ലെങ്കില്‍ അച്ചടക്കനടപടിയെടുക്കുമെന്നുമായിരുന്നു അറിയിപ്പ്. വഴങ്ങാതിരുന്ന ജോസഫ് സര്‍ക്കാര്‍നടപടി ചോദ്യംചെയ്ത് 1999 നവംബറില്‍ സിഎടിയില്‍ അപ്പീല്‍ നല്‍കി. തനിക്ക് ചീഫ് സെക്രട്ടറി എം മോഹന്‍ദാസ് അവധി അനുവദിച്ചിരുന്നെന്നും യുഎന്നിലേത് വിദേശ ഡെപ്യൂട്ടേഷനല്ലെന്നുമുള്ള ജോസഫിെന്‍റ വാദം സിഎടി തള്ളിയപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ന്നാണ് കമീഷനെ വച്ചത്. കമീഷന്‍ ഉന്നയിച്ച നാലു ചോദ്യങ്ങളില്‍ ഒന്നാമത്തേത് ചീഫ് സെക്രട്ടറി അവധി അനുവദിച്ചതിന്റെ രേഖയാണ്. അതു ഹാജരാക്കാന്‍ ജോസഫിനായില്ല. അതേസമയം, ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും എഴുതിയ ഫയല്‍നോട്ടുകള്‍ എതിരാവുകയുംചെയ്തു. യുഎന്‍ ഉദ്യോഗം വിദേശ അസൈന്‍മെന്റല്ല എന്ന വാദവും കമീഷന്‍ തള്ളി. അവധി അപേക്ഷ തള്ളിയ സിഎടി വിധിയെ ക്കുറിച്ചും ജോസഫിന് മറുപടിയുണ്ടായില്ല. കമീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ 2004 ഏപ്രില്‍ 23ന് ജോസഫിനെ സിവില്‍ സര്‍വീസില്‍നിന്നു പുറത്താക്കുകയായിരുന്നു. ഇത്തരമൊരാളെയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവിയില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
എം എസ് അശോകന്‍ ദേശാഭിമാനി 030812
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവിയില്‍ നിയമിതനായ മന്ത്രി കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫിനെതിരെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ ശിവദാസന്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതീവ ഗുരതരമായ കണ്ടെത്തലുകള്‍.
ReplyDelete