Friday, August 3, 2012

മാറാട്ടെ ഗൂഢാലോചനയില്‍ പങ്കാളിയായ ലീഗ് നേതാവിന് ചെയര്‍മാന്‍പദവി


മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചന അറിയാമെന്ന് ജുഡീഷ്യല്‍ അന്വേഷണകമീഷന്‍ കണ്ടെത്തിയ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസില്ല. ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘം, ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജിയെ പ്രതിയാക്കാമെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപടിയെടുത്തില്ല. ജുഡീഷ്യല്‍കമീഷനും പൊലീസും, ഗൂഢാലോചനക്കാരനെന്ന് കണ്ടെത്തിയ നേതാവിന് സര്‍ക്കാര്‍ ഉന്നതപദവിയും നല്‍കി. മായിന്‍ഹാജി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ ചെയര്‍മാനാണിപ്പോള്‍. ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന കുറ്റം ആരോപിച്ച് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ അറസ്റ്റ്ചെയ്ത് ജയിലിലടച്ച, അതേ സര്‍ക്കാരാണ് നീതിന്യായസംവിധാനവും പൊലീസും കുറ്റക്കാരനായി കണ്ടെത്തിയയാളെ സംരക്ഷിക്കുന്നത്. ലീഗ്നേതാവിനെ സംശയിക്കാവുന്ന പ്രതിയാക്കി കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ട് സംഘത്തലവനെ സ്ഥലംമാറ്റുകയും ചെയ്തു. അന്വേഷണസംഘത്തലവനായ എസ്പി സി എം പ്രദീപ്കുമാര്‍ പൊലീസില്‍ നിന്ന് സ്വയംവിരമിക്കലിന് അപേക്ഷിച്ചിരിക്കയാണ്.

മാറാട് ഒമ്പതുപേര്‍ കൂട്ടക്കൊലക്കിരയായ സംഭവത്തിന്റെ ഗൂഢാലോചന മുന്‍കൂര്‍ അറിയാമെന്നാണ് മായിന്‍ഹാജിക്കെതിരായുള്ള കുറ്റം. കേരളത്തെ നടുക്കിയതും വര്‍ഗീയസംഘര്‍ഷത്തിന് തീകൊളുത്തിയതുമായ സംഭവമാണ് മാറാട് കൂട്ടക്കൊല. 2003 മെയ് രണ്ടിന് മാറാടുണ്ടായ വര്‍ഗീയ-തീവ്രവാദി അക്രമത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 2002-ലെ മാറാട് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കരുവാക്കി മതമൗലികവാദികളും മതതീവ്രവാദികളും നടത്തിയ ഏകപക്ഷീയ ഭീകരാക്രമണമാണ് 2003-ലെ കൂട്ടക്കൊലയെന്ന് മാറാട് ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ തോമസ് പി ജോസഫ് കണ്ടെത്തിയിരുന്നു. ആദ്യകലാപത്തില്‍ കൊല്ലപ്പെട്ട അബൂബക്കറിന്റെ സഹോദരന്‍ മുഹമ്മദലിയും കേസില്‍ പ്രതിയായ ലീഗ് പ്രാദേശിക നേതാവ് പി പി മൊയ്തീന്‍കോയയും പ്രതികാരം നടത്തേണ്ടതിനെപ്പറ്റി മായിന്‍ഹാജിയോട് സംസാരിച്ചിരുന്നെന്ന് കമീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ലീഗ് പ്രാദേശിക നേതാവായ പി പി മൊയ്തീന്‍കോയക്കൊപ്പം തന്നോട് ചിലര്‍ ഇക്കാര്യം സംസാരിച്ചകാര്യം മൊഴിയില്‍ മായിന്‍ഹാജി സമ്മതിച്ചിരുന്നു. ജുഡീഷ്യല്‍ അന്വേഷണകമീഷന്‍ റിപ്പോര്‍ട്ട് മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂഴ്ത്തിവച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷമാണിത് അംഗീകരിച്ചത്.

കമീഷന്‍ ശുപാര്‍ശ പ്രകാരമുള്ള തുടരന്വേഷണത്തിന് സിബിഐയെ ലഭ്യമാകാത്തതിനാല്‍ അന്നത്തെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തെ നിയമിച്ചു. കൂട്ടക്കൊലക്ക് പിന്നിലെ സാമ്പത്തിക-പണമിടപാടുകള്‍ അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം 2010 സെപ്തംബര്‍ 25-ന് കേസെടുത്തിരുന്നു. മായിന്‍ഹാജിയെ സംശയിക്കാവുന്ന പ്രതിയാക്കി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(അഞ്ച്)യില്‍ എഫ്ഐആറും സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 302(കൊലപാതകം), 120-ബി (ക്രിമിനല്‍ ഗൂഢാലോചന),109(വര്‍ഗീയ-സാമുദായിക കലാപത്തിന് പ്രേരണ) എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചതിന്റെ അടുത്തദിവസമാണ് ക്രൈംബ്രാഞ്ച് എസ്പി സി എം പ്രദീപ്കുമാറിനെ സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് തോമസ് പി ജോസഫ് കമീഷന്‍ തന്റെ പേര് പരാമര്‍ശിച്ചത് ഒഴിവാക്കണമെന്നാവശ്യപ്പട്ട് മായിന്‍ഹാജി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളുമെന്നതിനാല്‍ പിന്‍വലിക്കയായിരുന്നു.

പി വി ജീജോ deshabhimani 030812

1 comment:

  1. മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചന അറിയാമെന്ന് ജുഡീഷ്യല്‍ അന്വേഷണകമീഷന്‍ കണ്ടെത്തിയ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസില്ല. ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘം, ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജിയെ പ്രതിയാക്കാമെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപടിയെടുത്തില്ല.

    ReplyDelete