Wednesday, August 8, 2012

ഗതാഗതവകുപ്പില്‍ സ്ഥലംമാറ്റത്തിന് കോടികള്‍ മറിയുന്നു


ഗതാഗതവകുപ്പില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ വന്‍ അഴിമതി. മാനദണ്ഡം മാറ്റിമറിച്ച് മന്ത്രിതലത്തില്‍ത്തന്നെ അഴിമതിക്ക് അവസരമൊരുക്കി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്റ് ആര്‍ടിഒ, ആര്‍ടിഒ തുടങ്ങിയ തസ്തികകളിലെ സ്ഥലംമാറ്റത്തിലാണ് കോടികള്‍ കൈമറിയുന്നത്. സ്ഥലംമാറ്റ പട്ടിക ഈയാഴ്ചതന്നെ പുറത്തിറങ്ങുമെന്നാണ് വിവരം. മന്ത്രിയുടെ ഉറ്റബന്ധുക്കളായ രണ്ടുപേരും ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിന് നേതൃത്വം നല്‍കുന്ന സര്‍വീസ് സംഘടനാ നേതാവും രണ്ട് കീഴുദ്യോഗസ്ഥരും അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലെ ഉന്നതനും ചേര്‍ന്ന ലോബിയാണ് സ്ഥലംമാറ്റത്തിന് ചുക്കാന്‍പിടിക്കുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലമാറ്റത്തില്‍ മൂന്ന് കോടിയിലേറെ രൂപയുടെ അഴിമതി നടന്നതായാണ് ആക്ഷേപം. 325 അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരില്‍ 188 പേര്‍ക്കായിരുന്നു സ്ഥലംമാറ്റം. പുതിയതായി നിയമിച്ച 66 പേരെയും ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. നിയമനം ലഭിച്ച് ഒരുവര്‍ഷം തികയാത്ത 19 പേര്‍ക്കും പട്ടികയില്‍ സ്ഥാനം കിട്ടി. ഇവരുടെ സ്ഥലംമാറ്റം പിന്നീട് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ റദ്ദാക്കി. പുതിയ നിയമനം ലഭിച്ചവരെ ആദ്യവര്‍ഷം എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ത്തന്നെ ജോലി ചെയ്യിപ്പിക്കണമെന്നാണ് വ്യവസ്ഥ. ഇത് മറികടന്നാണ് ഫ്ളയിങ് സ്ക്വാഡില്‍ നിയമിച്ചവര്‍ക്ക് ചെക്പോസ്റ്റുകളിലെ ഓഫീസുകളുടെ സ്വതന്ത്ര ചുമതല നല്‍കി ഉത്തരവിറക്കിയത്. 147 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരില്‍ 72 പേരെ സ്ഥലംമാറ്റി. ജോയിന്റ് ആര്‍ടിഒ, ആര്‍ടിഒ തസ്തികകളിലെ സ്ഥലംമാറ്റപട്ടിക തയ്യാറാക്കുന്നത് ഗതാഗത സെക്രട്ടറിയുടെ ഓഫീസിലാണ്. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ നാലുപേര്‍ ഉള്‍പ്പെടെ 23 ആര്‍ടിഒമാരും 70 ജോയിന്റ് ആര്‍ടിഒമാരുമാണ് നിലവിലുള്ളത്. "ലേലം വിളി"ക്കുശേഷമാണ് ഈ തസ്തികകളിലേക്ക് സ്ഥലംമാറ്റ പട്ടിക തയ്യാറായത്. നാലുലക്ഷം മുതല്‍ 30 ലക്ഷം രൂപവരെയാണ് നിരക്ക്. പാലക്കാട് അടക്കമുള്ള അതിര്‍ത്തി ജില്ലകളിലെ നിയമനത്തിനാണ് കൂടുതല്‍ തുക. ചെക്പോസ്റ്റുകളുടെ എണ്ണം വര്‍ധിക്കുംതോറും നിരക്ക് കൂടും. ഏഴ് ചെക്പോസ്റ്റുള്ള പാലക്കാട് ജില്ലയിലേക്കുള്ള സ്ഥലംമാറ്റത്തിന് 30 ലക്ഷം വരെ നല്‍കാന്‍ ചിലര്‍ തയ്യാറായി. നിലവിലുള്ള സ്ഥലത്ത് തുടരുന്നതിനും വന്‍കോഴ നല്‍കേണ്ടിവരുന്നു.

സാങ്കേതികവിഭാഗത്തില്‍ ജീവനക്കാരുടെ സ്ഥലംമാറ്റം മൂന്നുവര്‍ഷത്തിലൊരിക്കല്‍ എന്ന മാനദണ്ഡം മാറ്റിയാണ് വന്‍ അഴിമതിക്ക് കളമൊരുക്കിയത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് രണ്ടുവര്‍ഷവും ജോയിന്റ് ആര്‍ടിഒക്കും ആര്‍ടിഒക്കും ഒരുവര്‍ഷവുമായി ചുരുക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. ഈ തീരുമാനത്തിനെതിരെ നിയമസഭയില്‍ ആക്ഷേപം ഉയര്‍ന്നപ്പോള്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും മാറ്റാനാകില്ലെന്നുമായിരുന്നു ഗതാഗതമന്ത്രിയുടെ മറുപടി.
(ജി രാജേഷ്കുമാര്‍)

deshabhimani 080812

1 comment:

  1. ഗതാഗതവകുപ്പില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ വന്‍ അഴിമതി. മാനദണ്ഡം മാറ്റിമറിച്ച് മന്ത്രിതലത്തില്‍ത്തന്നെ അഴിമതിക്ക് അവസരമൊരുക്കി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്റ് ആര്‍ടിഒ, ആര്‍ടിഒ തുടങ്ങിയ തസ്തികകളിലെ സ്ഥലംമാറ്റത്തിലാണ് കോടികള്‍ കൈമറിയുന്നത്. സ്ഥലംമാറ്റ പട്ടിക ഈയാഴ്ചതന്നെ പുറത്തിറങ്ങുമെന്നാണ് വിവരം. മന്ത്രിയുടെ ഉറ്റബന്ധുക്കളായ രണ്ടുപേരും ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിന് നേതൃത്വം നല്‍കുന്ന സര്‍വീസ് സംഘടനാ നേതാവും രണ്ട് കീഴുദ്യോഗസ്ഥരും അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലെ ഉന്നതനും ചേര്‍ന്ന ലോബിയാണ് സ്ഥലംമാറ്റത്തിന് ചുക്കാന്‍പിടിക്കുന്നത്.

    ReplyDelete