അനീഷ് രാജന്റെ കുടുംബസഹായനിധി കൈമാറി
നെടുങ്കണ്ടം: കോണ്‍ഗ്രസുകാര്‍ അരുംകൊല ചെയ്ത എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ കുടുംബസഹായനിധി വിതരണ ചടങ്ങ് വികാരനിര്‍ഭരമായി. നെടുങ്കണ്ടം ഏരിയകമ്മിറ്റി സമാഹരിച്ച ആറുലക്ഷം രൂപയുടെ ചെക്കാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനീഷ് രാജന്റെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. ചെക്ക് സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അനീഷ് രാജന്റെ അമ്മ സബിത മോഹാലസ്യപ്പെട്ടുവീണു. പിന്നീട് അച്ഛന്‍ രാജന്‍ ചെക്ക് പിണറായിയില്‍നിന്നും ഏറ്റുവാങ്ങി.
യൂത്ത് കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റ് അറയ്ക്കപ്പറമ്പില്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം അനീഷ് രാജനെ കൊലപ്പെടുത്തിയത് മാര്‍ച്ച് 18നാണ്. സിപിഐ എം നെടുങ്കണ്ടം ഏരിയകമ്മിറ്റി പരിധിയിലെ ഒന്‍പത് ലോക്കല്‍കമ്മിറ്റികള്‍ സമാഹരിച്ച ആറുലക്ഷം രൂപയുടെ ചെക്കാണ് ആയിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തില്‍ പിണറായി കൈമാറിയത്. അനീഷിന്റെ ജീവന് ഇതുപകരമാവില്ലെന്നും അനീഷ് ചൊരിഞ്ഞ സ്നേഹവും വാത്സല്യവും പാര്‍ടിയും പ്രവര്‍ത്തകരും നല്‍കാന്‍ തയ്യാറാകണമെന്നും പിണറായി അഭ്യര്‍ഥിച്ചു. സിപിഐ എം ജില്ലാകമ്മിറ്റിയംഗം എന്‍ കെ ഗോപിനാഥന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, സെക്രട്ടറി ടി പി ബിനീഷ് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ഇന്‍ചാര്‍ജ് അഡ്വ. ജി ഗോപകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജന്‍, പി എന്‍ വിജയന്‍, വി എന്‍ മോഹനന്‍, കെ എസ് മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
സിപിഐ എമ്മിനെ ആക്രമിക്കുന്നത് വംശഹത്യവരെ നടത്തിയവര്‍: പിണറായി
നെടുങ്കണ്ടം: രാജ്യത്ത് കൊലപാതക പരമ്പര മുതല്‍ വംശഹത്യവരെ നടത്തിയ കോണ്‍ഗ്രസ്, വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ സിപിഐ എമ്മിനെ ആക്രമിക്കുകയാണെന്നും ഏത് വെല്ലുവിളിയും പ്രതിസന്ധിയും നേരിടാനുള്ള കരുത്ത് പാര്‍ടിക്കുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രക്തസാക്ഷി അനീഷ് രാജന്റെ കുടുംബസഹായനിധി കൈമാറിയശേഷം നെടുങ്കണ്ടത്ത് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
അനീഷ് രാജന്‍ ഉള്‍പ്പെടെ ഏറെ ആളുകളെ കൊന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. ഇന്ദിരാഗാന്ധി നേതാവായിരിക്കെ കേസില്‍ പ്രതിയായതിന് രാജ്യം മുഴുവന്‍ അക്രമം അഴിച്ചുവിട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടപ്പോള്‍ സിഖുകാരെയെല്ലാം തെരഞ്ഞുപിടിച്ച് വംശഹത്യ നടത്തിയത് കോണ്‍ഗ്രസ് നേതൃത്വമാണ്. ആയിരക്കണക്കിന് സിഖുകാര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ വന്‍മരം കടപുഴകി വീഴുമ്പോള്‍ ഇതുണ്ടാവുമെന്നാണ് ന്യായീകരിച്ചത്. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ഒരു പങ്കും ഇല്ലെന്ന് വ്യക്തമാക്കിയിട്ടും സിപിഐ എമ്മിനെ കൊലയാളി പാര്‍ടിയായി വലതു മാധ്യമങ്ങളും കോണ്‍ഗ്രസും ചിത്രീകരിക്കുകയാണ്. സിപിഐ എമ്മിനെ വേട്ടയാടുന്ന പൊലീസ്, അനീഷ്രാജന്റെ കൊലയാളികളെ പിടിക്കാന്‍ നടപടിയെടുക്കുന്നില്ല. കോണ്‍ഗ്രസിന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസ് നിഗമനം. മുസ്ലീംലീഗുകാരുടെ ആക്രമണം അന്വേഷിക്കാനെത്തിയ സിപിഐ എം നേതാക്കളെയും ആക്രമിക്കുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ ഗൂഢാലോചന നടത്തുന്നതായി പൊലീസ് കഥ മെനഞ്ഞ് കേസെടുക്കുന്നു. നേതാക്കളെ പ്രതിയാക്കി കേസെടുത്ത് റിമാന്‍ഡിലിടുന്നു. അനീഷിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് സംഘമാണെന്ന് അറിഞ്ഞിട്ടും സിപിഐ എം പ്രവര്‍ത്തകരെ പ്രതിയാക്കാനാണ് പൊലീസ് ഗവേഷണം.
ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് നിജസ്ഥിതി മറച്ച് സിപിഐ എമ്മിനെ വേട്ടയാടുകയാണ്. സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാതെ ഭൂരിപക്ഷം വലതുപക്ഷ മാധ്യമങ്ങളും വര്‍ഗ താല്‍പര്യം സംരക്ഷിക്കുകയാണ്. യഥാര്‍ഥ വസ്തുതയുടെ തമസ്കരണം, സിപിഐ എമ്മിനെതിരെ കള്ളക്കഥ മെനയല്‍, ഇക്കാര്യങ്ങള്‍ പര്‍വതീകരിക്കല്‍ മുതലായവയാണ് മാധ്യമങ്ങള്‍ നിരന്തരം നടത്തുന്നന്നത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നടത്താന്‍ നേതൃത്വം കൊടുക്കുന്ന സിപിഐ എമ്മിനെ തകര്‍ക്കുകയെന്ന നിലപാടാണ് സംഘടിതമായി നടത്തുന്നത്. എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തണമെങ്കില്‍ സിപിഐ എമ്മിനെ ആക്രമിക്കേണ്ടതുണ്ട്. 95 ശതമാനം മാധ്യമങ്ങളും വസ്തുതകള്‍ തമസ്കരിച്ച് കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. എല്ലാ ആക്രമണങ്ങളും ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്നും പിണറായി പറഞ്ഞു.
"പന്ന്യന് തെറ്റിദ്ധാരണയും ആശയക്കുഴപ്പവും"
നെടുങ്കണ്ടം: സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ചില കാര്യങ്ങളില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഉണ്ടായെന്ന് പിണറായി വിജയന്‍. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റുചെയ്തപ്പോള്‍ സംസ്ഥാന ഹര്‍ത്താലിന് കണ്ണൂര്‍ ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തെന്നാണ് പന്ന്യന്‍ ധരിച്ചിരിക്കുന്നത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തശേഷം സിപിഐയെ ബന്ധപ്പെട്ടുവെന്നാണ് പന്ന്യന്‍ പറയുന്നത്. പന്ന്യന്റെ ആ ധാരണ ശരിയല്ല. കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നതിന് സിപിഐ എം നേതാവ് കെ പി സഹദേവന്‍, സിപിഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി രവീന്ദ്രനെ വിളിച്ച് അഭിപ്രായം ആരാഞ്ഞു. തങ്ങളില്ലെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്. അതിനു ശേഷമാണ് സിപിഐ എം സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന് പിന്തുണ സിപിഐയോട് ചോദിച്ചപ്പോള്‍തന്നെ മറുപടി ലഭിച്ചുകഴിഞ്ഞിരുന്നു. പിന്നെ സംസ്ഥാന ഹര്‍ത്താല്‍ നടത്താന്‍ സിപിഐയോട് ചോദിക്കണോ.
പി ജയരാജന്‍ കേസില്‍ പ്രതിയാക്കേണ്ട ക്രിമിനലാണ് എന്ന് സിപിഐ കരുതുന്നുണ്ടോ.ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ താല്‍പര്യം സിപിഐ മനസ്സിലാക്കാത്തതെന്തൊണ്. കഴിഞ്ഞദിവസം പി ജയരാജനെ എല്‍ഡിഎഫ് സുഹൃത്കക്ഷിസംഘം ജയിലില്‍ പോയി കാണുന്നതിന്മുമ്പ് സിപിഐയുമായി ബന്ധപ്പെട്ടുവെങ്കിലും അവര്‍ പോകാന്‍ തയ്യാറായില്ല. പോകണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ ഈ മനോഭാവം പരിശോധിക്കണം- പിണറായി അഭ്യര്‍ഥിച്ചു.
deshabhimani 140812

രാജ്യത്ത് കൊലപാതക പരമ്പര മുതല്‍ വംശഹത്യവരെ നടത്തിയ കോണ്‍ഗ്രസ്, വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ സിപിഐ എമ്മിനെ ആക്രമിക്കുകയാണെന്നും ഏത് വെല്ലുവിളിയും പ്രതിസന്ധിയും നേരിടാനുള്ള കരുത്ത് പാര്‍ടിക്കുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രക്തസാക്ഷി അനീഷ് രാജന്റെ കുടുംബസഹായനിധി കൈമാറിയശേഷം നെടുങ്കണ്ടത്ത് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ReplyDelete