Wednesday, August 8, 2012
ഭരണ ദുരുപയോഗം അതിരുകടക്കുന്നു
പാട്ടക്കരാര്‍ ലംഘിച്ച് നിയമവിരുദ്ധമായി തോട്ടങ്ങള്‍ വിറ്റുകാശാക്കാന്‍ ശ്രമിക്കുന്ന വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ക്കുവേണ്ടിയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ഭരണ ദുരുപയോഗം എല്ലാ അതിരുകളും അതിലംഘിക്കുകയാണ്. ഇത് പ്രതിപക്ഷത്തിനു മാത്രമല്ല, യുഡിഎഫിനും അതിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിലെതന്നെ വലിയ ഒരു വിഭാഗത്തിനും തിരിച്ചറിയാന്‍ കഴിയുന്ന നിലയായിരിക്കുന്നു. ഒരു കൊലപാതകത്തിന്റെ പേരില്‍ കള്ളക്കേസുകളും വിവാദങ്ങളും ഇളക്കിവിട്ട് ജനവിരുദ്ധവും സംസ്ഥാനവിരുദ്ധവുമായ ഒട്ടനവധി പ്രവൃത്തികള്‍ ചെയ്യുകയാണ് യുഡിഎഫ് സര്‍ക്കാര്‍; വിവാദ കോലാഹലങ്ങള്‍ തങ്ങളുടെ ദുഷ്ചെയ്തികള്‍ മറച്ചുകൊള്ളും എന്ന പ്രതീക്ഷയോടെ.
നെല്ലിയാമ്പതി വിവാദം കത്തിനില്‍ക്കുന്നതിനിടയിലാണ് 700 കോടി മതിക്കുന്ന കിനാലൂര്‍ എസ്റ്റേറ്റ് 40 കോടിക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എസ്റ്റേറ്റ് ഉടമകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സര്‍ക്കാര്‍ വക്കീലുമാരെ മാറ്റിക്കൊടുത്തു. അവരുടെ വാദത്തെ നിര്‍വീര്യമാക്കാന്‍ പ്രേരിപ്പിച്ചു. കേസുകള്‍ തോറ്റുകൊടുക്കുന്ന തന്ത്രം തുടരെ കോടതികളില്‍ അരങ്ങേറുന്നു. അവശേഷിക്കുന്ന മിച്ചഭൂമി ഏറ്റെടുക്കല്‍കൂടി ഇല്ലാതാക്കാന്‍തക്ക വിധത്തിലുള്ള ഭൂനിയമഭേദഗതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. ഭരണം എന്നത് വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ക്കുവേണ്ടിയുള്ള ഒരു താല്‍പ്പര്യസംരക്ഷണ സംവിധാനമായി മാറ്റിയിരിക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ തോട്ടങ്ങളും റവന്യൂ വനഭൂമിയും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കേണ്ടതിനുപകരം ഏറ്റെടുക്കല്‍ ഒഴിവാക്കാനുള്ള പഴുതുകള്‍ കണ്ടെത്തി എസ്റ്റേറ്റ് ഉടമകളെ തുണയ്ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ നെല്‍വയല്‍ സംരക്ഷണ നിയമം നടപ്പാകാതിരിക്കാനുള്ള വഴികള്‍ തേടുകയാണ്; ഭൂപരിഷ്കരണ നിയമങ്ങള്‍ വന്‍കിട ഭൂഉടമകള്‍ക്കുവേണ്ടി എങ്ങനെയൊക്കെ ഭേദഗതിപ്പെടുത്തിക്കൊടുക്കാമെന്ന് ആരായുകയാണ്.
ചെറുനെല്ലിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ സ്വകാര്യ എസ്റ്റേറ്റുകള്‍ 27 വന്‍കിടക്കാര്‍വച്ചനുഭവിക്കുകയാണ്. ഇത് ഏറ്റെടുക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് പി സി ജോര്‍ജിന്റെ ഇടപെടലോടെയാണ് മുഖ്യമന്ത്രിതന്നെ മരവിപ്പിച്ചത്. താന്‍ ഉള്‍പ്പെട്ട അഴിമതിക്കേസ് കേള്‍ക്കുന്ന ജഡ്ജിയെ അധിക്ഷേപിച്ച് തെറിപ്പിച്ചയാളായതുകൊണ്ടുകൂടിയാകണം ഉമ്മന്‍ചാണ്ടിക്ക് പി സി ജോര്‍ജിനോട് അതിരുകവിഞ്ഞ വിധേയത്വമുള്ളത്. പി സി ജോര്‍ജ് സ്വന്തം പാര്‍ടി എംഎല്‍എയെ ജാതിപറഞ്ഞ് അധിക്ഷേപിച്ചിട്ടും ഉമ്മന്‍ചാണ്ടി അറിഞ്ഞമട്ട് നടിച്ചില്ല. നെല്ലിയാമ്പതി- ചെറുനെല്ലി എസ്റ്റേറ്റുകളുടെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമുള്ളയാളെന്ന് നേരത്തെതന്നെ അറിയാവുന്ന പി സി ജോര്‍ജിനെയും നെല്ലിയാമ്പതിയില്‍ കൈയേറ്റ ഭൂമിയില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച ജോണിനെല്ലൂരിനെയുംവരെ തോട്ട ഉടമകള്‍ പാട്ടക്കരാര്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള യുഡിഎഫ് ഉപസമിതിയില്‍ വച്ചത് ഉമ്മന്‍ചാണ്ടിതന്നെയാണ്. സമിതിയെ പ്രഹസനമാക്കി മാറ്റുക എന്നതല്ലാതെ മറ്റെന്ത് താല്‍പ്പര്യമാണ് ഉമ്മന്‍ചാണ്ടിയെ ഇക്കാര്യത്തില്‍ നയിച്ചത്?
വനഭൂമി പണയപ്പെടുത്തി വായ്പയെടുത്ത കേസുകള്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വനംമന്ത്രിതന്നെ ആവശ്യപ്പെട്ടു. എന്നാല്‍, ഉമ്മന്‍ചാണ്ടി ആ ആവശ്യം നിരാകരിച്ചു. അന്വേഷണം ഒഴിവാക്കാന്‍ കഴിയാത്ത നിലയായതിനാല്‍ വിജിലന്‍സ് അന്വേഷണം മതി എന്ന് നിശ്ചയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്ക് എന്തായിരുന്നു താല്‍പ്പര്യം? വ്യാജരേഖ ചമച്ച് വനഭൂമി പണയപ്പെടുത്തി കോടികള്‍ തട്ടിയെടുത്ത കേസുകള്‍ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ക്രൈംബ്രാഞ്ചാണ് വിജിലന്‍സിനേക്കാള്‍ നല്ലത് എന്ന് ആര്‍ക്കാണറിയാത്തത്? നെല്ലിയാമ്പതി എസ്റ്റേറ്റ് കേസുകളിലും മറ്റും റവന്യൂവകുപ്പിന്റെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറെ വാദിക്കാന്‍ നിയോഗിക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. ഇതില്‍ മുഖ്യമന്ത്രിയും പി സി ജോര്‍ജിന്റെ പാര്‍ടിയും ഒത്തുകളിക്കുകയായിരുന്നുവെന്നത് പകല്‍പോലെ വ്യക്തമാണ്. ഹാരിസണ്‍ മലയാളം കൈവശംവച്ചുകൊണ്ടിരുന്ന മിച്ചഭൂമി ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞ സ്പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡര്‍ എന്തുകൊണ്ടാണ് ഇതര തോട്ടംകേസുകളുടെ കാര്യത്തില്‍ അസ്വീകാര്യനായത്? ഹാരിസണ്‍ കേസിലെന്നപോലെ ഇതര കേസുകളിലും സര്‍ക്കാര്‍ഭാഗം വിജയിക്കുമെന്ന ഭയം അല്ലാതെ മറ്റൊന്നുമല്ല ഇതിനു പിന്നിലുള്ളത്. മുഖ്യമന്ത്രിക്കാവശ്യം സര്‍ക്കാര്‍ ജയിക്കുകയല്ല, തോട്ടം ഉടമകള്‍ ജയിക്കുകയാണ്. റവന്യൂ കേസുകളില്‍ ഫലപ്രദമായി ഇടപെട്ടുകൊണ്ടിരുന്ന സര്‍ക്കാര്‍ പ്ലീഡറെ വനംകേസുകള്‍ക്കും നിയോഗിക്കണമെന്ന ഉത്തരവുതന്നെ പൂഴ്ത്തിവയ്ക്കപ്പെട്ടു.
നെല്ലിയാമ്പതിയിലെ മിന്നാംപാറ എസ്റ്റേറ്റ് കൈവശംവച്ചവര്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഒത്തുകളിച്ച സര്‍ക്കാരാണിത്. മിന്നാംപാറയിലെ 200 ഏക്കര്‍ ഭൂമി ഉടമസ്ഥാവകാശം തെളിയിക്കുന്നവര്‍ക്ക് വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ പോകുന്നത് ആദ്യമൊക്കെ ഒഴിവാക്കാന്‍ നോക്കി. ഈ കളി വിവാദമായപ്പോള്‍ നിവൃത്തിയില്ലാതെ മൂന്നുമാസക്കാലാവധിയുടെ അവസാനദിവസം സുപ്രീംകോടതിയില്‍ ചെന്നു. കേസ് കോടതി പരിഗണിച്ചപ്പോള്‍ ഉടനെ പരിഗണിക്കാതെ അവധിക്കുവയ്ക്കാന്‍ അപേക്ഷിച്ചു. എസ്റ്റേറ്റ് ഉടമകള്‍ വന്‍കിട അഭിഭാഷകരെവച്ച് വാദിക്കുമ്പോള്‍ തുല്യനിലയിലുള്ള അഭിഭാഷകരെ നിയോഗിക്കാന്‍പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് താല്‍പ്പര്യമില്ല. നെല്ലിയാമ്പതി കേസില്‍ തുടക്കംതൊട്ട് സര്‍ക്കാര്‍ എസ്റ്റേറ്റ് ഉടമകളുമായി ഒത്തുകളിക്കുകയായിരുന്നു. സര്‍ക്കാരിന്റെ അലംഭാവംകൊണ്ടാണ് ഹൈക്കോടതിയില്‍ കേസ് തോറ്റതുതന്നെ.
എഴുനൂറുകോടിയുടെ കിനാലൂര്‍ എസ്റ്റേറ്റ് 40 കോടി എന്ന തുച്ഛവിലയ്ക്കാണ് വിറ്റുതുലയ്ക്കാന്‍പോകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത 2400 ഏക്കര്‍ സ്ഥലമാണിത്. വില തുച്ഛമാണെന്നതുമാത്രമല്ല, വില്‍പ്പനയ്ക്കുള്ള നികുതിയിലും ആദായനികുതിയിലും ഒക്കെ ഇളവുകിട്ടാന്‍ പാകത്തില്‍ വ്യവസ്ഥകള്‍ ക്രമീകരിക്കുകകൂടി ചെയ്തിരിക്കുന്നു. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ടുകൊണ്ട് ബഹളമുണ്ടാക്കി ശ്രദ്ധപിടിച്ചുപറ്റുക എന്നതിനപ്പുറത്ത് മറ്റെന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ യുഡിഎഫ് ബദല്‍ സംഘാംഗങ്ങള്‍ ഇതേക്കുറിച്ചൊക്കെ അഭിപ്രായം പറയണം. തങ്ങളേക്കാള്‍ പി സി ജോര്‍ജ് ഉമ്മന്‍ചാണ്ടിക്ക് പ്രിയങ്കരനാകുന്നതിന്റെ കാരണമന്വേഷിക്കണം. പാട്ടക്കരാര്‍ ലംഘിച്ചതും കാലാവധി കഴിഞ്ഞതുമായ നെല്ലിയാമ്പതിയിലെയും മറ്റും തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള സത്യസന്ധതയിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉയരുമെന്നു കരുതുന്നതില്‍ അര്‍ഥമില്ല. എങ്കിലും അത് ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു; അത് ചെയ്യുന്നതാകട്ടെ, തൊഴിലാളികളുടെ തൊഴില്‍- ജീവിത- സുരക്ഷ ഉറപ്പാക്കിക്കൊണ്ടാവുകയും വേണം. അത്തരമൊരു പദ്ധതിക്കായി കേരളത്തിന്റെയാകെ ശബ്ദം ഉയരേണ്ടതുണ്ട്.
deshabhimani editorial 090812
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
പാട്ടക്കരാര്‍ ലംഘിച്ച് നിയമവിരുദ്ധമായി തോട്ടങ്ങള്‍ വിറ്റുകാശാക്കാന്‍ ശ്രമിക്കുന്ന വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ക്കുവേണ്ടിയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ഭരണ ദുരുപയോഗം എല്ലാ അതിരുകളും അതിലംഘിക്കുകയാണ്. ഇത് പ്രതിപക്ഷത്തിനു മാത്രമല്ല, യുഡിഎഫിനും അതിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിലെതന്നെ വലിയ ഒരു വിഭാഗത്തിനും തിരിച്ചറിയാന്‍ കഴിയുന്ന നിലയായിരിക്കുന്നു. ഒരു കൊലപാതകത്തിന്റെ പേരില്‍ കള്ളക്കേസുകളും വിവാദങ്ങളും ഇളക്കിവിട്ട് ജനവിരുദ്ധവും സംസ്ഥാനവിരുദ്ധവുമായ ഒട്ടനവധി പ്രവൃത്തികള്‍ ചെയ്യുകയാണ് യുഡിഎഫ് സര്‍ക്കാര്‍; വിവാദ കോലാഹലങ്ങള്‍ തങ്ങളുടെ ദുഷ്ചെയ്തികള്‍ മറച്ചുകൊള്ളും എന്ന പ്രതീക്ഷയോടെ.
ReplyDelete