Wednesday, August 8, 2012
ദുരന്തനിവാരണത്തിന് മുന്നിട്ടിറങ്ങുക
മട്ടന്നൂരിനടുത്ത വെളിയമ്പ്രയിലെ പഴശ്ശി അണക്കെട്ട് മഹാപ്രളയഭീഷണിയായി കണ്ണൂര്‍ജില്ലയുടെ വലിയൊരു ഭാഗത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ ഒന്‍പത് ജീവനാണെടുത്തത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഏതുനിമിഷവും വീണ്ടും ഉരുള്‍പൊട്ടലുണ്ടാകുമെന്ന ഭീഷണി നിലനില്‍ക്കുന്നു. എളുപ്പം തിട്ടപ്പെടുത്താനാകാത്ത കൃഷിനാശമാണുണ്ടായത്. അനേകം വീടുകളും കടകളും ഇതര കെട്ടിടങ്ങളും തകര്‍ന്നു. റോഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നു. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആഘാതത്തിന്റെ തോത് കുറയ്ക്കാന്‍ നേരത്തെ കഴിഞ്ഞിരുന്നത് എല്ലാ തലത്തിലും വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമ്പോഴാണ്.
കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ സംഭവിച്ചത് നേരെ മറിച്ചാണ്. മലവെള്ളം വന്നടിക്കുന്ന ഘട്ടത്തില്‍ പഴശ്ശി ജലസേചനപദ്ധതിയിലെ ഷട്ടറുകളെല്ലാം തുറന്നിരുന്നെങ്കില്‍ സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ ഇത്ര കൊടിയ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുമായിരുന്നില്ല. മഴക്കാല പൂര്‍വ അറ്റകുറ്റപ്പണികളോ കരുതലോ അവിടെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് എട്ട് ഷട്ടര്‍ തുറക്കാന്‍ കഴിയാതെപോയത്. മൂന്നരപ്പതിറ്റാണ്ട് പ്രായമാകുന്ന പഴശ്ശി അണക്കെട്ട് തകര്‍ച്ചാഭീഷണിയിലാണ്. അങ്ങനെ സംഭവിച്ചാലുണ്ടാകുന്ന വിപത്ത് പ്രവചനാതീതമാകും. മറ്റെല്ലാം മാറ്റിവച്ച് സര്‍ക്കാര്‍ സംവിധാനങ്ങളാകെ സുരക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. ഉത്തരകേരളത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. സൈന്യത്തെയും കേന്ദ്ര ദുരന്തനിവാരണ സേനയെയും അടിയന്തരമായി എത്തിച്ച് തെരച്ചിലിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ചുമതല നല്‍കണം. കണ്ണൂരില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ പ്രയോഗിക്കാന്‍ മണിക്കൂറുകള്‍കൊണ്ട് കേന്ദ്രസേനയെ എത്തിച്ച സര്‍ക്കാര്‍, ജനങ്ങളെ രക്ഷിക്കുന്നതിന് അത്തരമൊരു നടപടിക്ക് അമാന്തിക്കുന്നത് ലജ്ജാകരം തന്നെയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂന്നുമാസംമുമ്പ് ഒരുകൊലപാതക വിവരമറിഞ്ഞ് എല്ലാം മാറ്റിവച്ചാണ് രായ്ക്കുരാമാനം ഡല്‍ഹിയില്‍നിന്ന് കോഴിക്കോട്ടേക്ക് കുതിച്ചെത്തിയത്. ഇപ്പോഴും അദ്ദേഹം ഡല്‍ഹിയിലാണ്. സംസ്ഥാനത്തിന്റെ ഒരുഭാഗമാകെ ദുരന്തത്തിന്റെ കഷ്ടപ്പാടിലും ഭീതിയിലുമാണ്. മുഖ്യമന്ത്രിക്ക് തന്റെ ശ്രദ്ധ പതിയേണ്ട വിഷയമാണ് അതെന്ന് തോന്നുന്നുപോലുമില്ല.
സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചേ തീരൂ. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായവും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കണം. ആരുടെ സഹായം തേടിയും പഴശ്ശി അണക്കെട്ടിന്റെ അപകടഭീഷണി ഒഴിവാക്കണം. ഓര്‍ക്കാപ്പുറത്തുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ മനുഷ്യസ്നേഹികളാകെ രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും സിപിഐ എം പ്രവര്‍ത്തകരും ബഹുജനസംഘടനാ പ്രവര്‍ത്തകരും അണിചേരണമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി ആഹ്വാനംചെയ്തിട്ടുണ്ട്. അതിനോട് എല്ലാവിഭാഗം ജനങ്ങളും മറ്റൊരു പരിഗണനയുമില്ലാതെ സഹകരിക്കും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
deshabhimani editorial
Labels:
സമൂഹം
Subscribe to:
Post Comments (Atom)

ReplyDelete