Wednesday, August 22, 2012

സബ്സിഡി മാര്‍ഗനിര്‍ദേശങ്ങളായില്ല തദ്ദേശഭരണം സ്തംഭനത്തില്‍


സബ്സിഡി സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളില്ലാത്തതിനാല്‍ തദ്ദേശസ്ഥാപനങ്ങളുടെ ഭരണം അനിശ്ചിതത്വത്തില്‍. കാര്‍ഷിക പ്രവൃത്തികളും ഭവനിര്‍മാണവും അങ്കണവാടികളിലെ പോഷകാഹാര വിതരണവും അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. വിളപ്രയോഗത്തിലും ഇടവിളകൃഷിയിലും തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുണ്ടാകാത്തത് സംസ്ഥാനത്തെ കാര്‍ഷികമേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കും. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം സംബന്ധിച്ച് ജൂണ്‍ 15നാണ് സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചത്. സബ്സിഡി മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീടു പുറപ്പെടുവിക്കുമെന്നാണ് സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയത്. എന്നാല്‍, രണ്ടുമാസം കഴിഞ്ഞിട്ടും ഉത്തരവ് ഇറങ്ങാത്തതാണ് അനിശ്ചിതത്വത്തിനിടയാക്കിയത്. തദ്ദേശസ്ഥാപനങ്ങളെ വെട്ടിമുറിച്ച സര്‍ക്കാര്‍ നടപടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അനിശ്ചിതമായി വൈകാന്‍ കാരണമെന്നു ചൂണ്ടിക്കാട്ടുന്നു.

സബ്സിഡി നല്‍കേണ്ട തുക എത്രയെന്ന് അറിയാത്തതിനാല്‍ കാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം വാങ്ങാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. സീസണില്‍ നടത്തേണ്ട വളപ്രയോഗം ഇതുമൂലം മുടങ്ങി. രാസവളങ്ങളുടെ വിലവര്‍ധന കാര്‍ഷികമേഖലയെ തകര്‍ക്കുന്നതിനിടെ തദ്ദേശസ്ഥാപനങ്ങളുടെ പിന്മാറ്റം കര്‍ഷകര്‍ക്ക് തിരിച്ചടിയായി. സബ്സിഡി എത്രയെന്ന് തീരമാനിക്കാത്തതിനാല്‍ അങ്കണവാടികളിലെ പോഷകാഹാര വിതരണണവും ഇതോടെ അനിശ്ചിതത്വത്തിലായി. അങ്കണവാടികള്‍ പൂട്ടേണ്ട അവസ്ഥ ഇതുമൂലം ഉണ്ടാകുമെന്നാണ് ആശങ്ക. അങ്കണവാടിയില്‍ പോകുന്ന കുട്ടികളുടെ വീടുകളിലേക്ക് സാധനങ്ങള്‍ നല്‍കുന്ന ടിഎച്ച്ആര്‍എസ് (ടാര്‍ജറ്റഡ് ഹോം റേഷന്‍ സ്ട്രാറ്റജി) പദ്ധതിയും അവതാളത്തിലായി.

ഇന്ദിരാ ആവാസ് യോജന (ഐഎവൈ) പദ്ധതിയില്‍ നടപ്പ്സാമ്പത്തികവര്‍ഷം 59620 വീട് നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍, സബ്സിഡിയിലെ അനിശ്ചിതത്വംമൂലം ഒറ്റവീടുനുപോലും ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിവര്‍ഷം രണ്ടു തവണയാണ് ഐഎവൈ പദ്ധതിക്കുള്ള തുക കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന തുകയുടെ 60 ശതമാനമെങ്കിലും ചെലവിട്ടില്ലെങ്കില്‍ രണ്ടാംഘട്ടത്തില്‍ ലഭിക്കുന്ന തുക കുറയാന്‍ ഇടയാക്കും. പദ്ധതിയെ ഇത് മൊത്തമായി ബാധിക്കും. തേദ്ദേശസ്വയംഭരണവകുപ്പിനെ വെട്ടിമുറിച്ച് മൂന്നു മന്ത്രിമാരുടെ കീഴിലാക്കിയ നടപടിയാണ് തദ്ദേശസ്ഥാപനങ്ങളുടെ പുതിയ പ്രതിസന്ധിക്കും കാരണമെന്നു ചൂണ്ടിക്കാട്ടുന്നു. മാര്‍ഗ നിര്‍ദേശങ്ങളുണ്ടാക്കുന്നതില്‍ ഏകോപനം ഇതുമൂലമുണ്ടാകുന്നില്ല. നടപ്പു സാമ്പത്തികവര്‍ഷംമുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും പഞ്ചവത്സരപദ്ധതിയാണ് നടപ്പാക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ചുള്ള നിബന്ധനകള്‍ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം വൈകാന്‍ ഇടയാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കൃത്യമായ പ്രോജക്ടുകളും അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതി നിര്‍ദേശങ്ങളും സമര്‍പ്പിച്ചാലേ പദ്ധതിക്ക് അംഗീകാരം ലഭിക്കൂ. ഇത് തയ്യാറാക്കുന്നതിലെ കാലതാമസവും തദ്ദേശഭരണം സ്തംഭിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
(ആര്‍ സാംബന്‍)

deshabhimani 210812

No comments:

Post a Comment