Sunday, August 19, 2012

കലാലയങ്ങളില്‍ "ഒരണ"യുടെ വിലപോലുമില്ലാതെ കെഎസ്യു


വിദ്യാര്‍ഥികളുടെ മനസ്സിലും കലാലയങ്ങളിലും "ഒരണ"യുടെ വിലപോലുമില്ലാത്ത സംഘടനയാണ് "കെഎസ്യു" എന്ന് വീണ്ടും തെളിഞ്ഞു. വിമോചനസമരത്തില്‍ പെറ്റുവീണ കേരള സ്റ്റുഡന്റ്സ് യൂണിയനെ സംസ്ഥാനത്തെ വിദ്യാര്‍ഥിസമൂഹം ആട്ടിയകറ്റിയതിന്റെ തെളിവാണ് ശനിയാഴ്ചത്തെ കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുഫലം. സ്വന്തം പാനലില്‍ മത്സരിച്ചവരുടെ വോട്ടുപോലും ലഭിക്കാതെ ദയനീയനിലയിലായ ഈ വിദ്യാര്‍ഥിസംഘടനയ്ക്കുവേണ്ടി മത്സരിക്കാന്‍ ആളില്ലാത്തതിനാല്‍ നേതാക്കള്‍ വ്യാജസ്ഥാനാര്‍ഥികളെ സൃഷ്ടിക്കുകയും ചെയ്തു.

കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ അനീഷ്ബാബുവിന് കിട്ടിയ വോട്ടിന്റെ എണ്ണം "രണ്ട്". എസ്എഫ്ഐ നേടിയതാകട്ടെ 126ല്‍ 123 വോട്ട്. ഒരു വോട്ട് അസാധു. നാളിതുവരെ ഒരു സര്‍വകലാശാലയുടെയും ചരിത്രത്തില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ഇത്രയും ദയനീയ തോല്‍വി ഏറ്റുവാങ്ങിയിട്ടില്ല. ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിച്ച കെഎസ്യുവിന്റെ ടോം കെ സെബാസ്റ്റ്യനും ലഭിച്ചത് രണ്ട് വോട്ട്. മത്സരിക്കാന്‍ ആരും തയ്യാറാകാത്തതിനാല്‍ ടോമിനെത്തന്നെ ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്കും മത്സരിപ്പിച്ചു. അവിടെ ലഭിച്ചതാകട്ടെ ഒരു വോട്ടും. ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ എസ്എഫ്ഐ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കെഎസ്യുവിന് ആരെയും കിട്ടാതെ വന്നപ്പോള്‍ വ്യാജപത്രികകള്‍ സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം ലിജുവിന്റെ ഭാര്യ എസ് അമ്പിളിയുടെ വ്യാജ ഒപ്പിട്ട് വൈസ് ചെയര്‍മാന്‍സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചു. ആലപ്പുഴ ബുദ്ധ ബിഎഡ് കോളേജിലെ വിദ്യാര്‍ഥിനിയാണ് അമ്പിളി. സൂക്ഷ്മപരിശോധനയില്‍ സര്‍വകലാശാല അധികൃതര്‍ തട്ടിപ്പ് കൈയോടെ പിടികൂടി. കേരളത്തിലെ പ്രമുഖ സര്‍വകലാശാലയിലെ ചെയര്‍മാന്‍, മൂന്ന് വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ കെഎസ്യു വ്യാജ നാമനിര്‍ദേശപ്പത്രിക നല്‍കിയത് സര്‍വകലാശാല പിടികൂടിയിട്ടും പത്ര- ദൃശ്യ മാധ്യമങ്ങള്‍ അറിയാത്ത ഭാവം നടിച്ചു.

കണ്ണൂര്‍, കലിക്കറ്റ്, മഹാത്മാഗാന്ധി തെരഞ്ഞെടുപ്പുകളില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ കെഎസ്യു, കേരള സര്‍വകലാശാല യൂണിയന്‍ തങ്ങള്‍ക്കായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കള്ളപ്പത്രികകള്‍ തള്ളപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നെട്ടോട്ടം. കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കെഎസ്യുവിന് ലഭിച്ചില്ല. സര്‍വകലാശാല രൂപീകരിച്ച് 15 വര്‍ഷമായിട്ടും യൂണിയന്‍ ഭാരവാഹിത്വത്തിന്റെ ഏഴയലത്ത് എത്താന്‍ കെഎസ്യുവിന് കഴിഞ്ഞിട്ടില്ല. സ്വാധീനമുണ്ടായിരുന്ന മലയോര കലാലയങ്ങളില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ കെഎസ്യു പുറത്തായി. കലിക്കറ്റില്‍ ഒരു ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനം ലഭിച്ചത് മലപ്പുറത്തുമാത്രമാണ്. എംജി സര്‍വകലാശാലയിലെ പ്രമുഖ ക്യാമ്പസുകളിലൊന്നും കെഎസ്യു ഇല്ല.

1957ല്‍ കുപ്രസിദ്ധ വിമോചനസമരത്തില്‍ "ഒരണ"സമരത്തിലൂടെ പിറന്ന് പത്രങ്ങള്‍ പാലൂട്ടി വളര്‍ത്തിയ കെഎസ്യു 55 വര്‍ഷം പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്തെ കലാശാലകളില്‍നിന്ന് പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടുകഴിഞ്ഞു. കെഎസ്യുവിന്റെ ദയനീയ പരാജയത്തില്‍ മനംനൊന്ത "മലയാളമനോരമ" ഞായറാഴ്ച പ്രസിദ്ധീകരിച്ച കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് വാര്‍ത്തയില്‍ ജയിച്ചത് എസ്എഫ്ഐയാണെന്ന് പരാമര്‍ശിച്ചതേയില്ല.

deshabhimani 200812

1 comment:

  1. കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ അനീഷ്ബാബുവിന് കിട്ടിയ വോട്ടിന്റെ എണ്ണം "രണ്ട്". എസ്എഫ്ഐ നേടിയതാകട്ടെ 126ല്‍ 123 വോട്ട്. ഒരു വോട്ട് അസാധു. നാളിതുവരെ ഒരു സര്‍വകലാശാലയുടെയും ചരിത്രത്തില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ഇത്രയും ദയനീയ തോല്‍വി ഏറ്റുവാങ്ങിയിട്ടില്ല. ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിച്ച കെഎസ്യുവിന്റെ ടോം കെ സെബാസ്റ്റ്യനും ലഭിച്ചത് രണ്ട് വോട്ട്.

    ReplyDelete