Sunday, August 19, 2012

ബസേലിയോസ് ആശുപത്രിയിലെ രോഗി-നേഴ്സ് അനുപാതം പഠിക്കാന്‍ പ്രത്യേക സമിതി


കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു. മന്ത്രിമാരായ ഷിബു ബേബിജോണും വി എസ് ശിവകുമാറും പങ്കെടുത്ത ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ആശുപത്രിയില്‍ മൂന്നുഷിഫ്റ്റ് നടപ്പാക്കും. ജോലിസമയത്തിന്റെ കാര്യത്തില്‍ നിയമപരമായി ചില പ്രശ്നങ്ങളുണ്ടെങ്കിലും ഇത് പരിഹരിച്ച് നടപ്പാക്കും. രോഗി-നേഴ്സ് അനുപാതം പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്, തൊഴില്‍വകുപ്പ്, നേഴ്സിങ് കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സമിതി. ആശുപത്രിയിലെ കിടക്കകളുടെ എണ്ണവും മറ്റ് സാഹചര്യങ്ങളും പഠിച്ച് ഒരുമാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ നേഴ്സിങ് ജീവനക്കാരുടെ എണ്ണവും മറ്റുകാര്യങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മന്ത്രിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സേവനവേതന വ്യവസ്ഥകളും മാനേജ്മെന്റ് അംഗീകരിച്ചു. ഒരു ദിവസമെങ്കിലും തൊഴില്‍ എടുത്തവര്‍ക്ക് മിനിമം വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതാണ്. ഇതനുസരിച്ച് നേഴ്സുമാരുടെ ബോണ്ട്സമ്പ്രദായം സുപ്രീംകോടതി നിര്‍ത്തലാക്കിയതിനുശേഷം ഒരുദിവസമെങ്കിലും ആശുപത്രില്‍ ജോലിചെയ്ത എല്ലാവര്‍ക്കും മിനിമം വേതനം നല്‍കും. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പരിശീലന കാലയളവായി അംഗീകരിക്കാനാവില്ലെന്നും മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

നേഴ്സുമാരുടെ സേവന വേതന വ്യവസ്ഥ സംബന്ധിച്ച ഡോ. എസ് ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കാനാവില്ല. ഇത് പരിശോധിക്കുന്നതിനായി വ്യവസായ അനുബന്ധസമിതി രൂപീകരിച്ചിരിക്കുകയാണ്. സമിതിയില്‍ സമവായം ഉണ്ടായാല്‍ നടപ്പാക്കാം. ആശുപത്രികളില്‍ മിനിമം വേതനം നല്‍കാത്തത് അംഗീകരിക്കാനാവില്ല. കോതമംഗലം ആശുപത്രിയില്‍ ഒളിക്യാമറ സ്ഥാപിച്ചതിനെക്കുറിച്ച് പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

പരസ്പര വിശ്വാസമില്ലായ്മയാണ് പ്രശ്നമുണ്ടാക്കിയതെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 15, 16 തീയതികളില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. സമരത്തെത്തുടര്‍ന്ന് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്ന പേരില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വന്നത്. ആരെയും സ്ഥിരം ജീവനക്കാരായി നിയമിക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തീരുമാനം അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. മിനിമം വേതനത്തിനുവേണ്ടിയാണ് സമരം നടത്തിയതെന്നും അത് നേടിയെടുത്തെന്നും ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ (ഐഎന്‍എ) ഭാരവാഹികള്‍ പറഞ്ഞു. സമരം വിജയമാണെന്നും അവര്‍ പറഞ്ഞു.

ഞായറാഴ്ച പകല്‍ 11ന് ആലുവ പാലസില്‍ ആരംഭിച്ച ചര്‍ച്ച മൂന്നിനാണ് അവസാനിച്ചത്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം സി എസ് വിനോദ്, ഐഎന്‍എ നാഷണല്‍ പ്രസിഡന്റ് ലിജു വേങ്ങല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, വൈസ് പ്രസിഡന്റ് ജിബിന്‍ ബോബന്‍, ജില്ലാ വൈസ് പ്രസിഡന്റ് ലിന്‍സി സൂസന്‍ ലാബി, യൂണിറ്റ് പ്രതിനിധികളായ വിദ്യ രവി, വി എസ് അനു, കൊച്ചുമോള്‍ പീറ്റര്‍, ആശുപത്രി സെക്രട്ടറി അഡ്വ. ഷിബു കുര്യാക്കോസ്, ഒത്തുതീര്‍പ്പ് സമിതി കണ്‍വീനര്‍ എം എസ് എല്‍ദോസ്, ബോര്‍ഡ് അംഗം സലിം ചെറിയാന്‍, ഐഎന്‍എ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ടി ബി മിനി, ലേബര്‍ കമീഷണര്‍ ടി ടി ആന്റണി, അഡീ. ലേബര്‍ കമീഷണര്‍ ടോണി വിന്‍സെന്റ്, റീജണല്‍ ജോ. ലേബര്‍ കമീഷണര്‍ വിന്‍സെന്റ് അലക്സ്, ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ ശശി പ്രകാശ്, ജില്ലാ ലേബര്‍ ഓഫീസര്‍ നാരായണന്‍നമ്പൂതിരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


ബസേലിയോസ് സമര ചര്‍ച്ചയ്ക്ക് ക്രൈം നന്ദകുമാര്‍ എത്തിയതില്‍ ദുരൂഹത

കൊച്ചി: കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ നേഴ്സുമാരുടെ സമരത്തെത്തുടര്‍ന്നുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനിടെ ക്രൈം നന്ദകുമാര്‍ സ്ഥലത്ത് എത്തിയതില്‍ ദുരൂഹത. ഞായറാഴ്ച പകല്‍ 11ന് ആലുവ പാലസില്‍ ചര്‍ച്ച ആരംഭിക്കുമ്പോള്‍തന്നെ നന്ദകുമാര്‍ അവിടെയുണ്ടായിരുന്നു. മന്ത്രിമാരും ആശുപത്രി അധികൃതരും നേഴ്സുമാരുടെ സംഘടനാ പ്രതിനിധികളും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചനടത്തുന്ന മുറിയിലേക്ക് ഇയാള്‍ പ്രവേശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ നന്ദകുമാര്‍ സ്ഥലംവിട്ടു. ഇയാളെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ലെന്നും ഉടന്‍തന്നെ ഇറക്കിവിട്ടെന്നും മന്ത്രി ഷിബു ബേബിജോണ്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് രണ്ടുതവണ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തിയ ചര്‍ച്ചയില്‍ ക്രൈം നന്ദകുമാറും പങ്കെടുത്തിരുന്നു. ആഗസ്ത് 15 ന് ആത്മഹത്യാ ഭീഷണിമുഴക്കി മൂന്ന് നേഴ്സുമാര്‍ ആശുപത്രി കെട്ടിടത്തിനുമുകളില്‍ കയറിയപ്പോള്‍ അവരോട് ചര്‍ച്ചനടത്താനെത്തിയ ആര്‍ഡിഒയ്ക്കൊപ്പവും നന്ദകുമാറെത്തി. നേഴ്സുമാരുടെ ഭാഗം സംസാരിക്കുന്നതിന് നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ആരെങ്കിലും നന്ദകുമാറുമായി ബന്ധപ്പെട്ടാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.


deshabhimani 200812

No comments:

Post a Comment