Wednesday, August 1, 2012
സ്പെഷ്യല്‍ പ്ലീഡറെ നിയമിച്ച ഉത്തരവ് പൂഴ്ത്തി; തോട്ടംകേസില്‍ ഏജി തന്നെ
ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ പങ്കിനെക്കുറിച്ച് ആക്ഷേപമുയര്‍ന്ന നെല്ലിയാമ്പതി ചെറുനെല്ലി തോട്ടം കേസുകള്‍ റവന്യു കേസിലെ സ്പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ടിനെ ഏല്‍പ്പിക്കാനുള്ള ഉത്തരവ് നിയമവകുപ്പ് പൂഴ്ത്തി. ചൊവ്വാഴ്ച ഹൈക്കോടതിയുടെ പരിഗണനക്കെത്തുന്ന കേസില്‍ മന്ത്രി കെ എം മാണിയുടെയും പി സി ജോര്‍ജിന്റെയും താല്‍പ്പര്യപ്രകാരം അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിതന്നെ ഹാജരാകും. റവന്യു കേസുകളില്‍ ഫലപ്രദമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സുശീല ഭട്ടിന് വനം കേസുകളുടെ ചുമതലകൂടി കൈമാറാന്‍ റവന്യു, വനംമന്ത്രിമാരും മുഖ്യമന്ത്രിയും രണ്ടാഴ്ചമുമ്പ് നിയമവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വനം സ്പെഷ്യല്‍ പ്ലീഡറായിരുന്നു ഭട്ട്. നിലവില്‍ റവന്യു സ്പെഷ്യല്‍ പ്ലീഡറായതിനാല്‍ സുശീല ഭട്ടിനെ വനം കേസുകള്‍ ഏല്‍പ്പിക്കാന്‍ നിയമവകുപ്പ് ഉത്തരവിറക്കേണ്ടതുണ്ട്. എന്നാല്‍, രണ്ടാഴ്ചയായി ഈ ഉത്തരവ് നിയമവകുപ്പ് പൂഴ്ത്തിയിരിക്കുകയാണ്. വിവാദമായ ചെറുനെല്ലി എസ്റ്റേറ്റ് കേസുകളില്‍ അഡ്വക്കറ്റ് ജനറല്‍തന്നെ ഹാജരായാല്‍ മതിയെന്നാണ് മന്ത്രി കെ എം മാണിയുടെയും പി സി ജോര്‍ജിന്റെയും താല്‍പ്പര്യം. എസ്റ്റേറ്റ് കേസുകളില്‍ സര്‍ക്കാരിനുവേണ്ടി എജി ഹാജരാകുമ്പോള്‍ പലതിലും എതിര്‍കക്ഷികളുടെ വക്കാലത്ത് എജിയുടെ പേരിലുള്ള സ്വകാര്യ വക്കീല്‍ സ്ഥാപനത്തിനാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.
ചെറുനെല്ലിയിലെ പാട്ടക്കാലാവധി കഴിഞ്ഞ സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരെ പി സി ജോര്‍ജ് നേരിട്ട് ഇടപെട്ടിരുന്നു. ഇരുപത്തേഴോളം വന്‍കിട ഉടമകള്‍ കൈവശം വച്ചിട്ടുള്ള എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവായതാണ്. എന്നാല്‍, പി സി ജോര്‍ജിന്റെ അടുത്തയാളായ തൊടുപുഴ സ്വദേശി നബീല്‍ എന്ന തോട്ടമുടമക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ വനംവകുപ്പ് നല്‍കിയിട്ടുള്ള ഒരു അപ്പീല്‍ ചൂണ്ടിക്കാട്ടി ഏറ്റെടുക്കല്‍ നടപടികള്‍ തടസ്സപ്പെടുത്തി. തോട്ടമെന്ന പേരില്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നബീല്‍ റബര്‍കൃഷിയാണ് നടത്തുന്നത്. ഇതിലെ മരങ്ങള്‍ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെയാണ് വനംവകുപ്പ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഈ കേസ് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ട ഏറ്റെടുക്കല്‍ നടപടിക്ക് തടസ്സമല്ല. എന്നിട്ടും ഭരണ സ്വാധീനമുപയോഗിച്ച് ഏറ്റെടുക്കല്‍ തടസ്സപ്പെടുത്തി. സുശീല ഭട്ട് ഹാജരായ കേസിലാണ് ഹാരിസണ്‍ എസ്റ്റേറ്റ് കൈവശം വച്ചിട്ടുള്ള മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവായത്. ഈ കേസും ഏറ്റെടുക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ശ്രമിച്ചിരുന്നു. കേസ് കോടതിയിലെത്തുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു നീക്കം.
പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ ചെറുനെല്ലിയിലെ 280 ഏക്കറോളം വനഭൂമി അറുപതോളം ഉടമകള്‍ക്കു കീഴിലാണെങ്കിലും ഏഴ് ഉടമകള്‍ മാത്രമാണ് യഥാര്‍ഥത്തിലുള്ളത്. ചെറിയ ഭൂവുടമകളാണെന്നു കാണിക്കാനാണ് ഇത്തരത്തില്‍ പല പേരുകളിലാക്കിയിട്ടുള്ളത്. ഇത് ഉയര്‍ത്തിക്കാട്ടിയാണ് ചെറുനെല്ലിയിലേത് ചെറുകിട ഭൂവുടമകളാണെന്ന വാദം പി സി ജോര്‍ജ് ഉന്നയിക്കുന്നത്. 1909ല്‍ വനഭൂമിയായി നോട്ടിഫൈ ചെയ്തിട്ടുള്ള ചെറുനെല്ലി എസ്റ്റേറ്റ് പിന്നീട് മലനാട് എന്റര്‍പ്രൈസസിനു കീഴില്‍ വന്നപ്പോഴാണ് സ്വകാര്യ മുതലാളിമാര്‍ അനധികൃതമായി വാങ്ങിയത്.
ഭരണക്കാര്‍ ചന്ദനത്തോട്ടം വെട്ടിക്കടത്തിയെന്ന് പി സി ജോര്‍ജ്
കോതമംഗലം: മറയൂരില്‍ 200 ഏക്കറോളം വരുന്ന ചന്ദനത്തോട്ടത്തിലെ ചന്ദനത്തടി മുറിച്ചെടുത്തശേഷം തീയിട്ടു നശിപ്പിച്ചതായി ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. ഭരണത്തിലിരിക്കുന്ന ഒരു രാഷ്ട്രീയപാര്‍ടിയും അതിന്റെ നേതാക്കളുമാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ചില വനംവകുപ്പ് ഉദ്യോഗസ്ഥരും പിന്നിലുണ്ട്. ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാറുമായി കോതമംഗലത്ത് എത്തിയപ്പോഴാണ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച ആനക്കൊമ്പുകള്‍ കണ്ടെടുത്തിട്ടും നടപടിയില്ല. സാധാരണക്കാരന്റെ വീട്ടില്‍നിന്നാണ് ആനക്കൊമ്പ് കണ്ടെടുത്തതെങ്കില്‍ ഉടനൊന്നും ജയിലില്‍നിന്ന് പുറത്തുവരില്ലായിരുന്നു- അദ്ദേഹം പറഞ്ഞു.
deshabhimani 020812
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ പങ്കിനെക്കുറിച്ച് ആക്ഷേപമുയര്‍ന്ന നെല്ലിയാമ്പതി ചെറുനെല്ലി തോട്ടം കേസുകള്‍ റവന്യു കേസിലെ സ്പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ടിനെ ഏല്‍പ്പിക്കാനുള്ള ഉത്തരവ് നിയമവകുപ്പ് പൂഴ്ത്തി.
ReplyDelete