Wednesday, August 8, 2012

ചോരയില്‍ കൈമുക്കുന്ന കേരള പൊലീസ്

വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ബിഹാര്‍ സ്വദേശി സത്നാം സിങ്മാന്‍ എന്ന ചെറുപ്പക്കാരന്‍ നിഷ്ഠുരമായ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട വാര്‍ത്ത ആരവങ്ങളില്ലാതെ കടന്നുപോയി. മാനസികാസ്വാസ്ഥ്യമുള്ള ചെറുപ്പക്കാരനെ അക്കാര്യം മറച്ചുവച്ചാണ് ജാമ്യമില്ലാത്ത വകുപ്പുപ്രകാരം കേസെടുത്ത് ജയിലിലടച്ചത്. ഇരുമ്പുദണ്ഡും മറ്റ് ആയുധങ്ങളുമുപയോഗിച്ചുള്ള മര്‍ദനത്തിന്റെ നാല്‍പ്പതോളം പാട് ആ യുവാവിന്റെ ശരീരത്തിലുണ്ടായിരുന്നു. പെറ്റിക്കേസ് എടുത്ത് വിട്ടയക്കേണ്ട കുറ്റത്തിനാണ് ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം വധശ്രമത്തിന് കേസെടുത്ത് ജയിലിലടച്ചത്. സത്നാം സിങ് മനോരോഗിയാണെന്നും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവരോട് കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല.

സത്നാം സിങ്ങിന്റെ കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പൊലീസാണ്. പൊലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ പൊലീസിനെത്തന്നെ ചുമതലപ്പെടുത്തി ആഭ്യന്തരമന്ത്രി സമൂഹത്തെ പരിഹസിക്കുകയാണ്. അമൃതാനന്ദമയി മഠം, പൊലീസ് ലോക്കപ്പ്, ജയില്‍, മാനസികാശുപത്രി എന്നിവിടങ്ങളില്‍ സത്നാംസിങ്ങിന് നേരിടേണ്ടിവന്ന പീഡനങ്ങളും മനോരോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ വധശ്രമക്കേസില്‍പ്പെടുത്തി ജയിലിലടച്ച പൊലീസ് നടപടിയും ആഭ്യന്തരമന്ത്രിയുടെ ഇടപെടലുമെല്ലാമാണ് അന്വേഷിക്കേണ്ടത്. അതുകൊണ്ടുതന്നെ ജുഡീഷ്യല്‍ അന്വേഷണമാണ് അഭികാമ്യം. സ്ഥിരം പ്രതികരണക്കാരുടെ അഭിപ്രായമൊന്നും മനോരോഗിയായ ഒരു ചെറുപ്പക്കാരനെ അടിച്ചുകൊന്ന സംഭവത്തില്‍ എവിടെയും കേട്ടില്ല. ഈ വാര്‍ത്തയില്‍ മാധ്യമങ്ങള്‍ക്കും വലിയ താല്‍പ്പര്യം കണ്ടില്ല. കൊല്ലപ്പെടുന്നവരുടെ മുഖംനോക്കി പ്രതികരിക്കാനും കവിതയെഴുതാനും കരയാനും ശീലിച്ചവരില്‍നിന്ന് സാമാന്യനീതി പ്രതീക്ഷിക്കാനാകില്ലല്ലോ.

സത്നാംസിങ്ങിന്റെ ദാരുണമായ കൊലപാതകം ഉയര്‍ത്തുന്ന നിരവധി നിയമ- നൈതിക പ്രശ്നങ്ങളുണ്ട്. അതില്‍ പ്രധാനം കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും പ്രവര്‍ത്തനമാണ്. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായശേഷം കേരള പൊലീസ് കൂടുതല്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. ക്രിമിനല്‍ സ്വഭാവക്കാരായ മര്‍ദകവീരന്മാരെ കയറൂരി വിട്ടിരിക്കുകയാണ്. ചോരക്കൊതിയന്മാരായ ഇത്തരക്കാരാണ് ലോക്കപ്പുകളെ കൊലക്കളമാക്കുന്നത്. നിയമം അതിന്റെ വഴിക്കുപോകുമെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വാക്കുകള്‍ അവരെ നിരന്തരം പരിഹാസ്യരാക്കുന്നു. ഒരാളെ അറസ്റ്റുചെയ്യുമ്പോഴും ലോക്കപ്പില്‍ പാര്‍പ്പിക്കുമ്പോഴും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തുകയാണ്. കണ്ണൂരിലെ ഡിവൈഎസ്പിയുടെ കമ്പിപ്രയോഗം കുപ്രസിദ്ധമായിക്കഴിഞ്ഞു. ആ സംഭവത്തിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയതായാണ് അറിയുന്നത്.

വൈദ്യുതിചാര്‍ജ് വര്‍ധനയ്ക്കെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നാട്ടിലെ ചെറുപ്പക്കാരെയാകെ തല്ലിച്ചതയ്ക്കാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയത്? പാതിരാത്രി വീടുകള്‍ കയറിയിറങ്ങി റെയ്ഡ് നടത്തുന്നത് ഏത് ക്രമസമാധാനപാലനത്തിന്റെ ഭാഗമാണ്? റെയ്ഡിനെത്തിയ പൊലീസ് മനോരോഗികളെപ്പോലെയാണ് പെരുമാറിയത്. പയ്യന്നൂരില്‍ പൊലീസ് അതിക്രമം നടന്ന പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസം ഈ ലേഖകന്‍ സന്ദര്‍ശിച്ചിരുന്നു. അവിശ്വസനീയമായ കാര്യങ്ങളാണ് അവിടെ കാണാന്‍ കഴിഞ്ഞത്. വീടുകളിലെത്തി ഭീഷണി മുഴക്കിയ പൊലീസ് വീട്ടുസാധനങ്ങള്‍ തകര്‍ത്തെറിഞ്ഞു. കിണറ്റില്‍ മാലിന്യം വിതറാനും കൃഷി നശിപ്പിക്കാനും പൊലീസിന് ഒരുമടിയുമുണ്ടായില്ല. ആഗസ്ത് 15ന്റെ ഫ്രീഡംറാലിയുടെ പ്രചാരണാര്‍ഥം പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച ബോര്‍ഡുകളും കൊടിമരങ്ങളും പൊലീസ് തകര്‍ത്തു. കിണറ്റില്‍ മാലിന്യം വിതറുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കേരള പൊലീസ് ഓര്‍മിപ്പിക്കുന്നത് മുന്‍ കോണ്‍ഗ്രസ് ഭരണകാലത്തെ തങ്കമണി, കിള്ളി സംഭവങ്ങളെയാണ്. സാമൂഹ്യവിരുദ്ധര്‍പോലും ചെയ്യാത്ത നികൃഷ്ടമായ നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും അറസ്റ്റുചെയ്ത് മൂന്നാംമുറ പ്രയോഗങ്ങള്‍ക്ക് വിധേയമാക്കുന്നത് പതിവായിരിക്കുന്നു. ഡിവൈഎഫ്ഐ വില്ലേജ് ഭാരവാഹിയായ മിഥുന് പയ്യന്നൂര്‍ പൊലീസ് ലോക്കപ്പില്‍ ഭീകരമര്‍ദനമാണ് നേരിടേണ്ടി വന്നത്. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുശേഷവും കോടതിയില്‍ ഹാജരാക്കാതെ പയ്യന്നൂര്‍ സിഐയുടെ നേതൃത്വത്തില്‍ ക്രൂരമായ ലോക്കപ്പ് മര്‍ദനം അരങ്ങേറി. കടുത്ത ഇസ്നോഫീലിയ രോഗിയും കാഴ്ചശക്തി കുറഞ്ഞയാളുമാണ് മിഥുന്‍. മര്‍ദനത്തെത്തുടര്‍ന്ന് എഴുന്നേറ്റുനില്‍ക്കാന്‍പോലുമാകാതെ അവശനിലയിലായ മിഥുനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സിപിഐ എം കണ്ണൂര്‍ ഏരിയ സെക്രട്ടറി ചന്ദ്രനെ പൊലീസ് ഹീനമായി ആക്രമിക്കുന്നത് കേരളംകണ്ടു. എന്തു കുറ്റത്തിനാണ് ഈ മനുഷ്യന്റെ തല തല്ലിത്തകര്‍ത്തതെന്ന് പൊലീസിന് പറയാന്‍ കഴിയുമോ? അറസ്റ്റുചെയ്യപ്പെട്ട കണ്ണൂരിലെ എസ്എഫ്ഐ നേതാവ് നിഷാദിന് പയ്യന്നൂര്‍മുതല്‍ തളിപ്പറമ്പുവരെ പൊലീസ് വാഹനത്തിലും തുടര്‍ന്ന് ലോക്കപ്പിലും മൃഗീയ മര്‍ദനമാണ് ഏല്‍ക്കേണ്ടിവന്നത്. കണ്ണൂരിലെ ഡിവൈഎഫ്ഐ നേതാവ് ഷെബീര്‍ അലിയും തലശേരിയിലെ രമേശും ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്ന് മൃതപ്രായരായി. ലോക്കപ്പ് മര്‍ദനവും പൊലീസ് ഭീകരതയും അരങ്ങുവാഴുമ്പോള്‍ത്തന്നെ മുസ്ലിംലീഗിന്റെ ആജ്ഞാനുവര്‍ത്തിയായി സംസ്ഥാനഭരണം മാറിയതിന്റെ ദുരന്തവും കേരളം നേരിടുകയാണ്. കേരളത്തിലിന്ന് ഇരട്ടനീതിയാണ് നിലനില്‍ക്കുന്നത്. "എല്ലാവരും സമന്മാരാണ്. എന്നാല്‍, ചിലര്‍ കൂടുതല്‍ സമന്മാരാണ്" എന്ന് പരിഹാസരൂപേണ ജോര്‍ജ് ഓര്‍വെല്‍ എഴുതിയിട്ടുണ്ട്. കേരളത്തില്‍ ചിലര്‍ ഇന്നു കൂടുതല്‍ സമന്മാരാണ്. സമാന സംഭവങ്ങളില്‍ വ്യത്യസ്ത നീതി നടപ്പാക്കാന്‍ ആഭ്യന്തരവകുപ്പിന് ഒരു മടിയുമില്ല. ഒരു പ്രസംഗത്തിന്റെ പേരില്‍ എം എം മണിയെ വേട്ടയാടുകയും കൊലക്കേസ് പ്രതിയാക്കുകയും ചെയ്യുമ്പോള്‍, പരസ്യമായി പൊതുയോഗത്തില്‍ പേരെടുത്തു പറഞ്ഞ് കൊല്ലുമെന്നു ഭീഷണിമുഴക്കിയ പി കെ ബഷീര്‍ എംഎല്‍എയുടെ പേരിലുള്ള പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസുപോലും പിന്‍വലിച്ചു. ഞങ്ങള്‍ കമ്യൂണിസ്റ്റുകാരെ കൊന്നിട്ടുണ്ടെന്ന് പരസ്യപ്പെടുത്തിയ എം എം ഹസ്സന്‍ പെറ്റിക്കേസില്‍പ്പോലും പ്രതിയായില്ല. കെ സുധാകരന്റെ പ്രസംഗങ്ങളിലെ കൊലവിളിക്ക് സംസ്ഥാന പൊലീസിന്റെ കാവലേര്‍പ്പെടുത്തിയ തിരുവഞ്ചൂര്‍, സംസ്ഥാന ചരിത്രത്തിലെ ആഭ്യന്തരമന്ത്രിമാരില്‍ "ശ്രദ്ധേയനാകുന്നത്" നഗ്നമായ അധികാര ദുര്‍വിനിയോഗവും ഇരട്ടനീതി നിര്‍വഹണവുംകൊണ്ടാണ്. പൗരന്മാരെ തരംതിരിച്ച് വേട്ടയാടുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനവീക്ഷണങ്ങളെത്തന്നെയാണ് അപകടത്തിലാക്കുന്നത്. മലപ്പുറത്ത് അരീക്കോട് പൊലീസ് രജിസ്റ്റര്‍ചെയ്ത ഇരട്ടക്കൊലക്കേസിലെ ആറാം പ്രതിയായ പി കെ ബഷീര്‍ എംഎല്‍എയെ പൊലീസ് ചോദ്യംചെയ്തത് അതീവ രഹസ്യമായി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍വച്ചായിരുന്നു. എന്നാല്‍, ഒരു കേസിലും പ്രതിയല്ലാത്ത ടി വി രാജേഷിനെ മൊഴിയെടുക്കാന്‍ പൊലീസ് വിളിച്ചുവരുത്തിയത് നാടൊട്ടുക്ക് പെരുമ്പറകൊട്ടി വിളംബരം ചെയ്തശേഷം പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. കൊലക്കേസ് പ്രതിയായ എംഎല്‍എക്ക് കൊടുത്ത പരിഗണനപോലും പ്രതിയല്ലാത്ത എംഎല്‍എയ്ക്ക് കൊടുക്കാത്ത പൊലീസിനെ ചൂണ്ടി നിയമം അതിന്റെ വഴിക്കുപോകും എന്ന് തിരുവഞ്ചൂര്‍ പറയുമ്പോള്‍ അതിന്റെയര്‍ഥം നിയമം ലീഗിന്റെ വഴിക്കുപോകും എന്നാണ്. ഹര്‍ത്താലിനോടനുബന്ധിച്ച് ആക്രമിക്കപ്പെട്ട കോണ്‍ഗ്രസ്- ലീഗ് ഓഫീസുകളുടെ കണക്കുപറയാന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ഓടിയെത്തിയ ആഭ്യന്തരമന്ത്രി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നിലയിലേക്ക് താഴുകയായിരുന്നു. അന്ന് തകര്‍ക്കപ്പെട്ട സിപിഐ എം ഓഫീസുകളുടെ കണക്കുപറയാന്‍ തിരുവഞ്ചൂര്‍ മറന്നുപോയി.

അക്രമത്തെക്കുറിച്ച് ഉപന്യാസമെഴുതുന്നവര്‍ തളിപ്പറമ്പ് സഹകരണ ആശുപത്രി തല്ലിത്തകര്‍ത്ത് ഐസിയുവിലെ രോഗികളെപ്പോലും ആക്രമിച്ച ലീഗ് ഭീകരതയെക്കുറിച്ച് മൗനം പാലിച്ചു. ഡിസിസി ഓഫീസിന്റെ ഗെയ്റ്റിന്റെ പെയിന്റുപോയതില്‍ രോഷം കൊണ്ടവര്‍ തൊട്ടടുത്തുള്ള സിഐടിയു കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടത് കണ്ടില്ലെന്നു നടിച്ചു. എല്ലാ അക്രമങ്ങളെയും തള്ളിപ്പറയാന്‍ ആര്‍ജവം കാണിക്കാത്തവര്‍ പരോക്ഷമായി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്്. സിപിഐ എം വടകര ഏരിയ കമ്മിറ്റി ഓഫീസ് തകര്‍ത്ത് നീങ്ങിയ ലീഗ് സംഘം റോഡില്‍ കാണുന്നവരുടെയെല്ലാം പേര് ചോദിച്ചശേഷം ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഈ വര്‍ഗീയ പേക്കൂത്ത് നാടിനെ എങ്ങോട്ടാണ് നയിക്കുക?

ഹര്‍ത്താലിന്റെ മറവില്‍ അക്രമം എന്ന് വിലപിക്കുന്നവര്‍ ഹര്‍ത്താല്‍ നടത്തിയവരുടെ അക്രമത്തില്‍ ആരും മരിച്ചില്ലെന്നും മറിച്ച് ഹര്‍ത്താലിനെ എതിര്‍ത്തവരുടെ അക്രമത്തിലാണ് കാസര്‍കോട്ട് ഉദുമയില്‍ ഡിവൈഎഫ്ഐ നേതാവ് മനോജ് കൊല്ലപ്പെട്ടതെന്നും മനസ്സിലാക്കണം. കൊല്ലപ്പെട്ട മനോജിന്റെ മൃതദേഹത്തോടുപോലും ക്രൂരതയാണ് സര്‍ക്കാര്‍ കാണിച്ചത്. 36 മണിക്കൂര്‍ പോസ്റ്റ്മോര്‍ട്ടം വൈകിപ്പിച്ച പൊലീസ് നടപടി ജനാധിപത്യസമൂഹത്തിന് യോജിച്ചതല്ല. കൊല്ലപ്പെട്ടു കഴിഞ്ഞാലെങ്കിലും രാഷ്ട്രീയവിരോധം വെടിയാനുള്ള മാന്യത ആഭ്യന്തരമന്ത്രിക്കുണ്ടാകണം. നിരപരാധികളെ തല്ലിക്കൊല്ലുകയും ലീഗ് ക്രിമിനലുകളുടെ മുമ്പില്‍ തൊപ്പിയൂരി സലാം പറയുകയും ചെയ്യുന്ന പൊലീസ് നാടിനപമാനമാണ്.

ഒരു പ്രതിഷേധസമരത്തില്‍ പങ്കെടുത്താല്‍, ഒന്ന് മുദ്രാവാക്യം വിളിച്ചാല്‍ ഉടനെ ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്ത് കേസ് എടുക്കുന്നതും തല്ലി എല്ലൊടിക്കുന്നതും ജനാധിപത്യത്തിന് ചേരുന്നതാണോയെന്ന് ആഭ്യന്തരമന്ത്രി ആലോചിക്കണം. പ്രതിയെ പിടിക്കാന്‍ എന്ന പേരില്‍ അര്‍ധരാത്രി വീടുകയറി ഭീഷണിമുഴക്കാനും കിണറ്റില്‍ മാലിന്യമെറിയാനും കൃഷി നശിപ്പിക്കാനും പൊലീസിനെ അയക്കുന്നത് ഉചിതമാണോയെന്ന് ചിന്തിക്കണം. പൊലീസ് കസ്റ്റഡിയിലെടുത്ത മനോരോഗിയെ വധശ്രമത്തിന് കേസെടുത്തശേഷം തല്ലിക്കൊല്ലുന്ന കാട്ടുനീതിയെ ക്രമസമാധാനപാലനമെന്ന് ദയവായി വിളിക്കരുത്. ഇങ്ങനെയൊക്കെ നാടുവാണവരുടെ ഗതി എന്തായിരുന്നുവെന്ന് തിരുവഞ്ചൂര്‍ ഓര്‍ക്കുന്നത് നല്ലത്.

എം സ്വരാജ് deshabhimani 090812

1 comment:

  1. വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ബിഹാര്‍ സ്വദേശി സത്നാം സിങ്മാന്‍ എന്ന ചെറുപ്പക്കാരന്‍ നിഷ്ഠുരമായ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട വാര്‍ത്ത ആരവങ്ങളില്ലാതെ കടന്നുപോയി. മാനസികാസ്വാസ്ഥ്യമുള്ള ചെറുപ്പക്കാരനെ അക്കാര്യം മറച്ചുവച്ചാണ് ജാമ്യമില്ലാത്ത വകുപ്പുപ്രകാരം കേസെടുത്ത് ജയിലിലടച്ചത്. ഇരുമ്പുദണ്ഡും മറ്റ് ആയുധങ്ങളുമുപയോഗിച്ചുള്ള മര്‍ദനത്തിന്റെ നാല്‍പ്പതോളം പാട് ആ യുവാവിന്റെ ശരീരത്തിലുണ്ടായിരുന്നു. പെറ്റിക്കേസ് എടുത്ത് വിട്ടയക്കേണ്ട കുറ്റത്തിനാണ് ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം വധശ്രമത്തിന് കേസെടുത്ത് ജയിലിലടച്ചത്. സത്നാം സിങ് മനോരോഗിയാണെന്നും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവരോട് കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല.

    ReplyDelete