Sunday, August 19, 2012

പഞ്ചായത്തംഗങ്ങളുടെ അയോഗ്യത യുഡിഎഫ് കെടുകാര്യസ്ഥതമൂലം


വരന്തരപ്പിള്ളി: 21 പഞ്ചായത്തംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യത പ്രഖ്യാപിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കെടുകാര്യസ്ഥതയും ഭരണപരമായ കഴിവില്ലായ്മയുമെന്ന് ആക്ഷേപം. പഞ്ചായത്ത് രാജ് നിയമമനുസരിച്ച് ആറ് മാസത്തിലൊരിക്കല്‍ ഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. ഗ്രാമസഭ വിളിച്ചു ചേര്‍ക്കേണ്ടത് വാര്‍ഡംഗമാണെങ്കിലും സ്ഥലവും തീയതിയും നിശ്ചയിച്ച് തീരുമാനമെടുക്കേണ്ടത് പഞ്ചായത്ത് ഭരണസമിതിയാണ്. യുഡിഎഫ് ഭരിക്കുന്ന വരന്തരപ്പിള്ളി പഞ്ചായത്ത് ഭരണസമിതിയുടെ കുറ്റകരമായ അനാസ്ഥയാണ് പഞ്ചായത്തംഗങ്ങള്‍ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമായതെന്ന് വോട്ടര്‍മാര്‍ പറയുന്നു. യുഡിഎഫും ബിജെപിയും പ്രതിനിധീകരിക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ഗ്രാമസഭ വിളിക്കുന്നില്ലെന്ന പരാതിയുമായി ആദ്യം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. പിന്നീട് മറ്റു വാര്‍ഡുകളിലെ വോട്ടര്‍മാരും പരാതിപ്പെട്ടു. ഒന്നാം വാര്‍ഡംഗം കോണ്‍ഗ്രസിലെ ജോജോ പിണ്ടിയാനെതിരെ മാത്രമാണ് ആരും പരാതി നല്‍കാത്തത്. ഇദ്ദേഹത്തിനെതിരെയും ഉടന്‍ പരാതിയുണ്ടാകുമെന്നാണ് സൂചന. ആകെയുള്ള 22 വാര്‍ഡില്‍ 21 അംഗങ്ങളെയും അയോഗ്യരാക്കി. കമീഷന്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനിരിക്കയാണ് പഞ്ചായത്തംഗങ്ങള്‍. വരന്തരപ്പിള്ളി പഞ്ചായത്തില്‍ യുഡിഎഫിന് 12ഉം എല്‍ഡിഎഫിന് ഏഴും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്.

യുഡിഎഫ് വഞ്ചിക്കുന്നു; പട്ടയമില്ലാതെ 25,000 പേര്‍

തൃശൂര്‍: അധികാരത്തിലേറി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കൈവശഭൂമിക്ക് പട്ടയം നല്‍കാതെ യുഡിഎഫ് സര്‍ക്കാര്‍ പതിനായിരങ്ങളെ വഞ്ചിക്കുന്നു. മലയോര കര്‍ഷകര്‍ക്കടക്കം പരമാവധി പട്ടയം വിതരണം ചെയ്യുമെന്നായിരുന്നു ഒന്നാംവാര്‍ഷികത്തിനുമുമ്പ് സര്‍ക്കാര്‍ വാഗ്ദാനം. മലയോര കര്‍ഷകര്‍ക്കും റവന്യൂ-വില്ലേജ് പുറമ്പോക്കുകള്‍, തോട്, പുഴ, കനാല്‍, മേച്ചില്‍പ്പുറം ഭാഗങ്ങളില്‍ താമസിക്കുന്നവരുമായ ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് ജില്ലയില്‍ കൈവശഭൂമിക്ക് പട്ടയം കിട്ടാനുണ്ട്. എന്നാല്‍ രണ്ടു മാസം മുമ്പ് റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ കൊട്ടിഘോഷിച്ചു നടത്തിയ പട്ടയമേളയില്‍ വിതരണം ചെയ്തത് 1786 പട്ടയങ്ങള്‍ മാത്രം. ഇതില്‍ മലയോരകര്‍ഷകര്‍ക്ക് നല്‍കിയതാകട്ടെ വിരലിലെണ്ണാവുന്നതും. മലയോരകര്‍ഷകര്‍ക്കും പുറമ്പോക്ക് നിവാസികള്‍ക്കും പട്ടയം വിതരണംചെയ്യാന്‍ നിയമതടസ്സമില്ലാതിരിക്കെയാണ് ഈ നാമമാത്ര പട്ടയവിതരണം. ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂര്‍, പുതുക്കാട്, ചാലക്കുടി മണ്ഡലങ്ങളിലാണ് മലയോരകര്‍ഷകര്‍ കൂടുതല്‍.

1977 ജനുവരി ഒന്നിനുമുമ്പ് ഭൂമി കൈവശമുള്ള മുഴുവന്‍ മലയോര കര്‍ഷകര്‍ക്കും പട്ടയം വിതരണം ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപടി തുടങ്ങി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉപാധിപട്ടയം നല്‍കിയിരുന്നെങ്കിലും ഇതുപയോഗിച്ച് സ്ഥലം കൈമാറ്റം ചെയ്യാനോ ബാങ്കുകളില്‍നിന്നും വായ്പയെടുക്കാനോ കഴിയാതെ വന്നപ്പോള്‍ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് നിയമപോരാട്ടത്തിലൂടെ ഈ പട്ടയങ്ങള്‍ ഉപാധിരഹിതമാക്കിയത്. ഇപ്പോള്‍ ജില്ലയില്‍ 2000 മലയോര കര്‍ഷകരുടെ ഭൂമിയുടെ ജോയിന്റ് വെരിഫിക്കേഷന്‍ കഴിഞ്ഞ് പട്ടയം നല്‍കാന്‍ കേന്ദ്രാനുമതിയുണ്ട്. 4000 പട്ടയങ്ങള്‍ക്ക് കേന്ദ്രാനുമതി കിട്ടേണ്ടതുണ്ട്. രണ്ടായിരം അപേക്ഷകളില്‍ ജോയിന്റ് വെരിഫിക്കേഷന്‍ നടത്തണം. ഏതാനും പേര്‍ അപേക്ഷ സമര്‍പ്പിക്കാനുമുണ്ട്. പെരിങ്ങല്‍ക്കുത്ത് പുളിയിലപ്പാറയിലെ വനഭൂമിയില്‍ 55 വര്‍ഷമായി താമസിക്കുന്ന 116 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കാന്‍ തീരുമാനമായെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ പട്ടയങ്ങള്‍പോലും ഇപ്പോള്‍ വിതരണം ചെയ്യുന്നില്ല. വില്ലേജ്, റവന്യൂ പുറമ്പോക്കുകളിലെ പതിനയ്യായിരത്തോളം കൈവശക്കാര്‍ക്ക് പട്ടയം കിട്ടാനുണ്ട്. പട്ടയം തീരുമാനിക്കുന്നതിനുള്ള അസൈന്‍മെന്റ് കമ്മിറ്റികള്‍ ചേരുന്നില്ല. മാറിമാറി വരുന്ന ഉദ്യോഗസ്ഥര്‍ കൈവശക്കാരോട് പുതിയ അപേക്ഷ ആവശ്യപ്പെടുകയാണെന്നും പരാതിയുണ്ട്.

പട്ടയവിതരണത്തില്‍ സര്‍ക്കാര്‍ വഞ്ചനക്കെതിരെ കേരള കര്‍ഷകസംഘം പ്രക്ഷോഭത്തിലാണ്. അതിനിടെ മലയോര കര്‍ഷകരുടെ നടപടി പൂര്‍ത്തിയായ രണ്ടായിരം പട്ടയമടക്കം രണ്ടു മാസത്തിനകം വിതരണം ചെയ്യുമെന്നാണ് വാഗ്ദാനം. കേന്ദ്രാനുമതി കിട്ടേണ്ട പട്ടയങ്ങളില്‍ നടപടി ത്വരിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
(വി എം രാധാകൃഷ്ണന്‍)

deshabhimani 190812

No comments:

Post a Comment