Sunday, August 19, 2012

അയ്യന്‍കാളി പ്രതിമയെ അവഹേളിച്ചത് സര്‍ക്കാര്‍: മേയര്‍

വെള്ളയമ്പലത്തെ അയ്യന്‍കാളിപ്രതിമ നഗരസഭ പൊളിച്ചുമാറ്റുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രതിമയോട് സര്‍ക്കാരാണ് അനാദരവ് കാട്ടിയതെന്നും മേയര്‍ കെ ചന്ദ്രിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുമരാമത്തുവകുപ്പും റോഡുഫണ്ട് ബോര്‍ഡും കൈയൊഴിഞ്ഞ അയ്യന്‍കാളി സ്ക്വയറിന്റെ സംരക്ഷണവും പരിപാലനവും നഗരസഭ ഏറ്റെടുത്ത് നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഈ സാഹചര്യത്തിലാണ് ചില സംഘടനകളും വ്യക്തികളും നഗരസഭയ്ക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തുന്നതെന്നും മേയര്‍ പറഞ്ഞു.

നഗരവികസനപദ്ധതിയുടെ ഭാഗമായി വീഥി ഒന്നില്‍ ഉള്‍പ്പെട്ട വെള്ളയമ്പലത്തെ അയ്യന്‍കാളി സ്ക്വയര്‍ നവീകരിക്കുന്നതിനുള്ള ചുമതല യുഡിഎഫ് സര്‍ക്കാര്‍ പൊതുമരാമത്തിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോഡുഫണ്ട് ബോര്‍ഡും ചേര്‍ന്ന് പ്രത്യേക പ്ലാന്‍ തയ്യാറാക്കുകയും ചെയ്തു. നവീകരണത്തിന്റെ പേരില്‍ പാര്‍ക്കിലെ വൈദ്യുതി- കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചു. എന്നാല്‍, പിന്നീട് ഈ പദ്ധതി ഇവര്‍ കൈയൊഴിഞ്ഞു. സ്ക്വയറിന്റെ നവീകരണം നടത്താന്‍ സാധ്യമല്ലെന്ന് പൊതുമരാമത്ത് അധികൃതര്‍ തന്നെ അറിയിച്ചിരുന്നതായി മേയര്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് നഗരസഭ അയ്യന്‍കാളി സ്ക്വയര്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷത്തെ ഉപാധികളോടെ ഉദയാസമുദ്ര ഹോട്ടലിനെ സംരക്ഷണത്തിനും നവീകരണത്തിനുമായി ചുമതലപ്പെടുത്തി. കൗണ്‍സിലിന്റെ അംഗീകാരവും നേടിയിരുന്നു. പാര്‍ക്കിന്റെ വികസനം റോഡുഫണ്ട് ബോര്‍ഡ് ഉപേക്ഷിച്ചതിനെതുടര്‍ന്ന് കെപിഎംഎസ്, പട്ടികജാതി- വര്‍ഗ ഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പാര്‍ക്കിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്ത് നല്‍കിയിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണ് നവീകരണപ്രവൃത്തി ഏറ്റെടുത്തതെന്നും മേയര്‍ പറഞ്ഞു. വിച്ഛേദിച്ചിരിക്കുന്ന വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാനും സ്ക്വയറിലെ പ്രവര്‍ത്തിക്കാത്ത ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കാനും നടപടി സ്വീകരിച്ചതായി മേയര്‍ അറിയിച്ചു.

deshabhimani 190812

1 comment:

  1. അയ്യന്‍കാളി സ്ക്വയര്‍ സംരക്ഷിക്കും: മേയര്‍

    തിരു: വെള്ളയമ്പലം അയ്യന്‍കാളി സ്ക്വയര്‍ എന്തു ത്യാഗം സഹിച്ചും സംരക്ഷിക്കുമെന്നും അതിനെതിരെ ഏതു ശക്തി പ്രവര്‍ത്തിച്ചാലും അനുവദിക്കില്ലെന്നും മേയര്‍ കെ ചന്ദ്രിക പറഞ്ഞു.അയ്യന്‍കാളി സ്ക്വയര്‍ സംരക്ഷണ സമിതിയുടെയും ഓള്‍ ട്രാവന്‍കൂര്‍ ശ്രീപത്മനാഭവിലാസം ഹിന്ദു ചേരമര്‍ മഹാജന സംഘത്തിന്റെയും നേതൃത്വത്തില്‍ വെള്ളയമ്പലം സ്ക്വയറില്‍ ചേര്‍ന്ന 150-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. പ്രതിമയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തി. കരമന ജയചന്ദ്രന്‍ അധ്യക്ഷനായി.

    ReplyDelete