Monday, August 13, 2012

നെല്ലിയാമ്പതി തീ ഇന്ന് അണയുമോ ആളുമോ


ചീഫ് വിപ്പ് ഇപ്പോഴും വലിയ പണിത്തിരക്കിലാണ്. മുഖ്യനു വേണ്ടി ഏറ്റെടുത്ത ആഭിചാര കര്‍മങ്ങളില്‍ ഇനിയും ചെയ്തുതീര്‍ക്കാന്‍ ഏറെയുണ്ട്. ഹോമകുണ്ഡത്തിന് മുന്നിലാണ് ഇരിപ്പ്. കര്‍മം വിജയിപ്പിക്കാനുള്ള കഷ്ടപ്പാട് എത്രയാണെന്ന് മറ്റാര്‍ക്കും അറിയില്ല. യുദ്ധം തനിക്ക് പോന്നവനോടു വേണമെന്ന മോഹന്‍ലാല്‍ യുക്തി സ്വീകരിച്ച് ചീഫ് വിപ്പ് സ്വചേരിയിലെ മന്ത്രി ഗണേശിനെ തവിടുപൊടിയാക്കാനുള്ള യജ്ഞത്തിലാണ് ഇപ്പോള്‍. ആടറവും കോഴിയറവും കൊണ്ടു തൃപ്തിപ്പെടില്ല; അശ്വത്തെ വകവരുത്തിയേ പിന്മാറൂവെന്നാണ്. അതിന് വേണ്ടി അരണികടയാതെ തന്നെ തീപ്പന്തങ്ങളുണ്ടാക്കി. അത് ജ്വലിപ്പിക്കാന്‍ കരിങ്ങാലി വിറകിന് പകരം കാഞ്ഞിരപ്പള്ളിയിലെ കാഞ്ഞിരക്കാതല്‍തന്നെ ഉപയോഗിക്കുകയാണ്. കണ്ടാല്‍ ആരും മോഹാലസ്യപ്പെട്ടു വീഴുകയോ ത്രീ ഡൈമെന്‍ഷനില്‍ ത്രില്ലാകുകയോ ചെയ്യുന്നൊരു കാസെറ്റ് കീശയിലുണ്ട്. അത് കാണാന്‍ ടിക്കറ്റ് വേണ്ട, ടോട്ടല്‍ ഫ്രീ. അതുപോരാഞ്ഞ് പഴയ നടി ശ്രീവിദ്യയുടെ ജീവിച്ചിരിക്കുന്ന ബന്ധുവിനെ മുഖ്യമന്ത്രി സമക്ഷം ചീഫ് വിപ്പ് എത്തിച്ചു. ജോര്‍ജ് ഒരുവന്‍ കാരണമാണ് നെല്ലിയാമ്പതി ഇങ്ങനെ കത്തുന്നതെന്ന് സ്വകാര്യമായി പറഞ്ഞത് യുഡിഎഫ് കണ്ണുനീര്‍ തങ്കച്ചായനല്ല. പക്ഷേ, ഒരു കാര്യം എല്ലാവര്‍ക്കുമറിയാം. ആ പാവം ടി എന്‍ പ്രതാപന്റെയും വി ഡി സതീശന്റെയും മേക്കിട്ട് ചീഫ് വിപ്പ് കുതിരകേറിയതുകൊണ്ടാ വിഷയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലും രാഹുല്‍ സമക്ഷത്തിലും എത്തിയതെന്ന്. ഇപ്പോള്‍ രാഹുല്‍ജി ഹരിതരാഷ്ട്രീയത്തില്‍ കയറിപ്പിടിച്ചുവെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ വാര്‍ത്ത. അതു കാരണം രമേശ് ചെന്നിത്തലയും കളംമാറി ചവിട്ടിയിട്ടുണ്ട്. പക്ഷേ, നെല്ലിയാമ്പതി സമവായത്തിനായി തിങ്കളാഴ്ച ക്ലിഫ് ഹൗസില്‍ സമ്മേളിക്കുമ്പോള്‍ എന്ത് നടക്കുമെന്നത് ഊഹിക്കാവുന്നതേ ഉള്ളു.

നാട്ടിലെ സര്‍വമാന പട്ടയം കാര്യങ്ങളെയും നെല്ലിയാമ്പതിയിലെ നിയമലംഘന പട്ടയവുമായി കൂട്ടിക്കെട്ടി തോട്ടം ഉടമകളുടെ വെട്ടിപ്പിടിത്തം ഉറപ്പിക്കാനുള്ള യജ്ഞത്തിലാണ് കുഞ്ഞുമാണിയും കൂട്ടരും. രാഷ്ട്രീയമര്‍മത്തില്‍ തൊട്ടാണ് കുഞ്ഞുമാണിയുടെ കളി. നിയമംലംഘിച്ച് നൂറുകണക്കിന് ഏക്കര്‍ ഭൂമി സ്വന്തമാക്കിയവരെങ്കിലും, അത്തരം തോട്ടംമുതലാളിമാരെ സര്‍ക്കാര്‍ തൊട്ടാല്‍ ഭരണം തവിടുപൊടിയാക്കുമെന്ന മുന്നറിയിപ്പാണ് കുഞ്ഞുമാണി നല്‍കിയിരിക്കുന്നത്. കേരളാകോണ്‍ഗ്രസ് എം എന്നാല്‍ കായല്‍മുതലാളിമാരുടെയും തോട്ടം ഉടമകളുടെയും പാര്‍ടിയാണെന്ന് തെളിയിക്കാന്‍ കര്‍ത്താവായി അവസരം നല്‍കിയ നേരം. ഇത് പാഴാക്കില്ലെന്ന കോറസ് പാടുകയാണ് മാണിയും പിജെ ജോസഫുമെല്ലാം. ഈയിടയ്ക്ക് ഒരു ഉപമകേട്ടു. പി സി ജോര്‍ജ് വിസ്ക്കിക്കുപ്പിപോലെയാണെന്ന്. കഴുത്തും വയറും മാത്രം. തലയൊട്ടുമില്ലെന്ന്. അങ്ങനെയൊരു ഉപമകര്‍ത്താവ് കേരളപാണിനിയാണെങ്കിലും യോജിക്കാനാവില്ല. കാരണം ദുഷ്ടകര്‍മങ്ങള്‍ ചെയ്യാന്‍ ഇതുപോലെ തലയുള്ള ഒരാള്‍ ഈ ഭൂമിമലയാളത്തില്‍ ഇതുവരെ ഭൂജാതനായിട്ടില്ല. പൂജ്യത്തില്‍നിന്ന് ഇഷ്ടനെ പൂജിതനാക്കിയത് പുതുപ്പള്ളിക്കാരുടെ കുഞ്ഞുകുഞ്ഞ് തന്നെ.
(ആര്‍ എസ് ബാബു )

ജോര്‍ജിനെതിരെ വിജിലന്‍സ് അന്വേഷണം വേണം: ടി എന്‍ പ്രതാപന്‍

തൃശൂര്‍: മരിച്ചവരുടെ പേരില്‍ നിവേദനം നല്‍കി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ. നെല്ലിയാമ്പതിയില്‍ ചെറുകിട കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ ജോര്‍ജ് സമര്‍പ്പിച്ച നിവേദനം വ്യാജമായി തയ്യാറാക്കിയതാണ്. നാലു കുടുംബത്തിലെ 35 പേര്‍ ഒപ്പിട്ടതാണ് നിവേദനം. ഇതില്‍ എട്ടു പേര്‍ മരിച്ചവരാണ്. ചെറുകിട കര്‍ഷകരെന്നു പറഞ്ഞ് നിവേദനത്തില്‍ ഒപ്പിട്ടവര്‍ പലരും വന്‍കിടക്കാരാണ്. ഇത്തരത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച പി സി ജോര്‍ജിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രതാപന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

deshabhimani 130812

No comments:

Post a Comment