Monday, August 13, 2012

പൊലീസിനെക്കൊണ്ട് ഒതുക്കാമെന്നു വ്യാമോഹിക്കേണ്ട: പിണറായി


പൊലീസിനെ കയറൂരിവിട്ടും ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചും സിപിഐ എമ്മിനെ ഒതുക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യാമോഹിക്കേണ്ടെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവഞ്ചൂര്‍ പങ്കെടുത്ത് കണ്ണൂരില്‍ സമാധാനയോഗം നടത്തിയിട്ടും സിപിഐ എം പ്രവര്‍ത്തകരെ വീടുകളില്‍ചെന്ന് വേട്ടയാടുകയാണ്. നിയമവിരുദ്ധമായ പ്രവൃത്തികളില്‍നിന്ന് യുഡിഎഫ് സര്‍ക്കാരും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പിന്തിരിയണം-പിണറായി പറഞ്ഞു. കെഎസ്കെടിയു ജില്ലാസമ്മേളനത്തിനു സമാപനംകുറിച്ച് കടവൂരിലെ എ കണാരന്‍ നഗറില്‍ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്‍, ഫസല്‍, ഷുക്കൂര്‍ തുടങ്ങിയവരുടെ കൊലപാതകക്കേസുകളില്‍ പൊലീസ് നീതിപൂര്‍വമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഇടതുപാര്‍ടി നേതാവ് കഴിഞ്ഞദിവസം പറഞ്ഞു. ഇത് എന്ത് അര്‍ഥത്തിലാണെന്നു മനസ്സിലാകുന്നില്ല. സിപിഐ എമ്മിനെ ശത്രുക്കള്‍ വല്ലാതെ ആക്രമിക്കുമ്പോള്‍ അവര്‍ക്ക് മെല്ലെ സഹായം നല്‍കുന്ന നിലപാടാണ് ഇത്. ചന്ദ്രശേഖരന്റെ കൊലപാതകം നടന്നപ്പോള്‍ത്തന്നെ സിപിഐ എം അതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയിരുന്നു. ആ നിലപാടില്‍ മാറ്റമില്ല. ഒരു പ്രത്യേക സംഘടനയുടെ പ്രവര്‍ത്തകനായിരുന്നു ഫസല്‍. ആര്‍എസ്എസുകാരാണ് ഫസലിനെ കൊന്നതെന്ന് ആ സംഘടന ആദ്യഘട്ടത്തില്‍ പറഞ്ഞു. പിന്നീട് സിപിഐ എമ്മാണ് കൊന്നതെന്നു അവര്‍ തിരുത്തിപ്പറഞ്ഞു. സിബിഐയും ഇപ്പോള്‍ പറയുന്നത് അതാണ്. ഷുക്കൂര്‍ വധക്കേസില്‍ നിയമപണ്ഡിതര്‍ക്കുപോലും അത്ഭുതം ഉളവാക്കുന്ന തരത്തിലാണ് പി ജയരാജനെതിരെ കേസെടുത്തത്. ചത്ത വകുപ്പെന്ന് നിയമവിദഗ്ധര്‍ പോലും പറയുന്ന 118 ഉപയോഗിച്ചാണ് പി ജയരാജനെ അറസ്റ്റ്ചെയ്ത് ജയിലില്‍ അടച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെയും തിരുവഞ്ചൂര്‍, മുല്ലപ്പള്ളി എന്നിവരുടെയും ഇടപെടലാണ് ഇത്തരം കള്ളക്കേസുകളുടെ അടിസ്ഥാനം. ഈ നിലപാടിലെ തെറ്റ് തിരിച്ചറിയാന്‍ ഞങ്ങളുടെ സുഹൃത്തിനു കഴിയാത്തത് എന്തുകൊണ്ടാണ്.

കൊലപാതക രാഷ്ട്രീയത്തിന് തങ്ങളുടെ പാര്‍ടി എതിരാണെന്ന് കഴിഞ്ഞദിവസം ഈ സുഹൃത്ത് പറഞ്ഞതായി കേട്ടു. ഞങ്ങളുടെകൂടെ ഇല്ലാതിരുന്ന ഘട്ടത്തില്‍ സിപിഐ എമ്മിന്റെ എത്രയോ പ്രവര്‍ത്തകരെ ഇദ്ദേഹത്തിന്റെ പാര്‍ടിക്കാര്‍ കൊലപ്പെടുത്തിയിട്ടുണ്ട്. കെഎസ്വൈഎഫ് ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണന്‍, കെജിടിഎ നേതാവ് ആലപ്പുഴയിലെ സുധീന്ദ്രന്‍, തൃശൂരിലെ അന്തിക്കാട്ട് സിപിഐ എം പ്രവര്‍ത്തകന്‍ സുബ്രഹ്മണ്യന്‍ എന്നിവരെ കൊന്നത് സിപിഐ പ്രവര്‍ത്തകരാണ്. വിവാഹത്തിനു ക്ഷണിക്കാന്‍ മകള്‍ക്കൊപ്പംപോയി മടങ്ങുമ്പോഴാണ് സുധീന്ദ്രനെ കൊന്നത്. വൈക്കത്ത് ഉന്നതനായ സിപിഐ നേതാവിന്റെ നേതൃത്വത്തില്‍ വൈക്കം വിശ്വനെ മൃഗീയമായി ആക്രമിച്ചു. വിശ്വന്‍ മരിച്ചെന്നു ധരിച്ച് അദ്ദേഹത്തെ ഉപേക്ഷിച്ചാണ് അക്രമികളായ സിപിഐക്കാര്‍ കടന്നുപോയത്. ഇതാണ് ചരിത്രമെന്നിരിക്കെ തങ്ങള്‍ രാഷ്ട്രീയകൊലപാതകത്തിന് എതിരാണെന്ന് ഈ സുഹൃത്ത് പറയുമ്പോള്‍ അത് എതിരാളിയുടെ കൈയില്‍ ഞങ്ങളെ ആക്രമിക്കാന്‍ ആയുധം കൊടുക്കുന്നതുപോലെയാണ്.

തങ്ങള്‍ക്കു ചില പ്രത്യേകതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ഞങ്ങള്‍ക്കുമുണ്ടെന്ന കാര്യം അദ്ദേഹം ഓര്‍മിക്കണം. ഇടങ്ങഴിയ്ക്കുള്ളില്‍ ഇടങ്ങഴി കയറ്റാന്‍ നോക്കരുത്- പിണറായി പറഞ്ഞു. എ കെ ജി സെന്റര്‍ ആക്രമിച്ചതിനെതിരെ നടന്ന പ്രതിഷേധയോഗത്തില്‍ ഞങ്ങളേക്കാള്‍ വീറോടെ പ്രസംഗിച്ചത് സിപിഐ നേതാവ് വെളിയം ഭാര്‍ഗവനായിരുന്നു. അതാണ് സുഹൃദ്ബന്ധം. ആപല്‍ഘട്ടത്തില്‍ ഒപ്പംനിന്നു സഹായിക്കലാണ് സുഹൃത്തിന്റെ കടമ. ഞങ്ങള്‍ പറയുന്നത് മുഖവിലയ്ക്കെടുക്കാന്‍ ഇദ്ദേഹം തയ്യാറാകാത്തതെന്താണ്. അതുചെയ്യാതെ ഞങ്ങളോട് ആത്മപരിശോധന നടത്താന്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്- പിണറായി ചോദിച്ചു.

deshabhimani 130812

No comments:

Post a Comment