Wednesday, August 8, 2012
കണ്ടക്ടര്‍ നിയമനത്തില്‍ ക്രമക്കേട്
കല്‍പ്പറ്റ: കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍ നിയമനത്തില്‍ ക്രമക്കേടെന്ന് ആരോപണം. ഭരണസ്വാധീനത്തിന്റെ മറവില്‍ സ്വന്തക്കാരെ മാത്രം തിരുകിക്കയറ്റാന്‍ തീരുമാനം ആയെങ്കിലും നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെ വിളിച്ചുവരുത്തി ഇന്റര്‍വ്യു പ്രഹസനമാക്കുന്നതായാണ് ആക്ഷേപം.
നൂറ് ഒഴിവുകളിലേക്കുള്ള ഇന്റവ്യൂ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്.ഡിസിസി ഓഫീസില്‍നിന്ന് നല്‍കിയ ലിസ്റ്റ് അനുസരിച്ച് നിയമനം സംബന്ധിച്ച് നേരത്തെതന്നെ തീരുമാനമെടുത്തിട്ടുണ്ട്. മന്ത്രി നേരിട്ട് വിളിച്ചും ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നിട്ടും 15 വരെ നീളുന്ന ഇന്റര്‍വ്യൂവിന് 700 ലധികം ആളുകളെ വിളിച്ച് വരുത്തി അഭിമുഖം പ്രഹസനമാക്കുകയാണ്. കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ സാജു, ജില്ല ട്രാന്‍സ്പോര്‍ട് ഓഫീസര്‍ സി ജയചന്ദ്രന്‍, ബത്തേരി ഡിപ്പോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കുരുവിള ലാലു എന്നിവരാണ് ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളത്. ബത്തേരി ഡിപ്പോയില്‍ 40, മാനന്തവാടിയിലും കല്‍പ്പറ്റയിലും 30 വീതം ഒഴിവുകളാണുള്ളത്. 2000 മുതല്‍ 2008 വരെയുളള എല്ലാ താല്‍കാലിക നിയമനങ്ങളും 2011 ഡിസംബര്‍ 22ന് സ്ഥിരപ്പെടുത്തിയിരുന്നു. 3326 പേരെയാണ് സ്ഥിരപ്പെടുത്തിയത്. ഇത് ചൂണ്ടിക്കാട്ടി വന്‍ പണപ്പിരിവ് നടക്കുന്നതായും ആരോപണമുണ്ട്.
വര്‍ഷംതോറും കണ്ടക്ടര്‍മാരുടെ നൂറുകണക്കിന് ഒഴിവുകളുണ്ടാകുന്നുണ്ട്. ബത്തേരി ഡിപ്പോയിലെ തട്ടിപ്പിനെ തുടര്‍ന്ന് ഒമ്പത് പേരെ പുറത്താക്കിയിരുന്നു.പിഎസ്സി വഴി റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ 45 ഓളം പേര്‍ മറ്റ് വകുപ്പുകളില്‍ നിയമനം കിട്ടിയപ്പോള്‍ മാറിപ്പോയി. 80 ഓളം പേര്‍ ട്രാന്‍സ്ഫറായും 25ഓളം പേര്‍ പ്രമോഷനായും പോയതാണ് ഒഴിവുകള്‍ കൂടാന്‍ കാരണം.
അന്വേഷണകാലയളവ് കുറച്ച് ഉന്നതരെ രക്ഷിക്കാന്‍ നീക്കം
കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബത്തേരി ജില്ലാ ഡിപ്പോയിലെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം. 2009 മുതലുള്ള ക്രമക്കേടുകള്‍ അന്വേഷിച്ചാല്‍ മതിയെന്നാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇത് കേസില്‍ പ്രതിയാകാന്‍ സാധ്യതയുള്ള ഉന്നതരെ രക്ഷിക്കാനാണ്. പ്രധാനപ്രതിയായ ഇ ഷാജഹാന്‍ 2004ലാണ് ഡിപ്പോയിലെ ടിക്കറ്റ് ആന്‍ഡ് ക്യാഷ് ക്ലര്‍ക്കായത്. അന്നുമുതലുള്ള കണക്കുകള്‍ പരിശോധിച്ചാലെ വെട്ടിപ്പിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാകുകയുള്ളു. ജീവനക്കാരും ഇത് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കോര്‍പ്പറേഷന്‍ ഇത് നിരാകരിക്കുകയാണ്. 2009 മുതലള്ള കണക്കുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. നാല് വര്‍ഷത്തിലേറെയായി തട്ടിപ്പ് നടത്തുന്നുണ്ടെന്ന് കേസില്‍പ്രതിയായ കണ്ടക്ടര്‍ കുറ്റസമ്മതമൊഴി നല്‍കിയിട്ടും ഇത് അന്വേഷണവിധേയമാക്കെണ്ടെന്ന തീരുമാനം ഇപ്പോള്‍ കോര്‍പ്പറേഷന്റെ തലപ്പത്തുള്ള ചിലരെ ബാധിക്കുന്നതിനാലാണെന്നാണ് ആരോപണം. ഈ കാലയളവില്‍ ബത്തേരി ഡിപ്പോയില്‍ ഉന്നത ഉദ്യോഗസ്ഥരായിരുന്നവര്‍ ഇപ്പോള്‍ കോര്‍പ്പറേഷന്റെ തലപ്പത്താണ്. ഇവരുടെകൂടി നിയന്ത്രണത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ഇതുതന്നെ അന്വേഷണത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യുന്നതാണ്. 2004മുതലുള്ള അന്വേഷണം നടന്നാല്‍ ഇവരെയും ചോദ്യം ചെയ്യേണ്ടിവരും. ഇത് മുന്‍കൂട്ടി കണ്ടാണ് അന്വേഷണ കാലയളവ് ചുരുക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ ഡാറ്റാ പ്രോസസിങ് യൂണിറ്റ് നേരത്തെ കസ്റ്റഡിയിലെടുത്ത കംപ്യൂട്ടര്‍ ഡാറ്റാ ഡിസ്ക്കില്‍ മൂന്ന് കണ്ടക്ടര്‍മാരുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ തന്നെ 23.5 ലക്ഷം രൂപയുടെ ക്രമക്കേട് സ്ഥിരീകരിച്ചു. 2009 മുതല്‍ ഇവര്‍ സര്‍വീസ് പോയ ബസുകളിലെ നിത്യേനയുള്ള കലക്ഷന്‍ സംബന്ധിച്ച കണക്കുകളാണ് പരിശോധിച്ചത്. 2004 മുതലുള്ളത് പരിശോധിച്ചാല്‍ തുക ഇനിയും ഉയരും. വെട്ടിപ്പ് നടത്തിയെന്ന് പ്രതികള്‍തന്നെ വെളിപ്പെടുത്തിയിട്ടും അന്വേഷണം വേണ്ടെന്ന നിലപാട് വിചിത്രമാണ്.ആറ് കണ്ടക്ടര്‍മാരുടെ രേഖകള്‍ തിരുവനന്തപുരത്ത് പരിശോധിച്ചുവരികയാണ്. ഇതും 2009 ന് ശേഷമുള്ളതാണ്.
സിഐടിയു പ്രക്ഷോഭത്തിന്
ബത്തേരി: കെഎസ്ആര്‍ടിസി ജില്ലാ ഡിപ്പോയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ പ്രതികളെ അറസ്റ്റുചെയ്യുക, തുക തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാരുടെ ഒപ്പ് ശേഖരിച്ച് കെഎസ്ആര്‍ടിഇഎ (സിഐടിയു) മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കും. 10, 11 തീയതികളില്‍ ഒപ്പ്ശേഖരണം നടത്തും. പ്രതികളെ രക്ഷപ്പെടുത്താന്‍ അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തും. ആദ്യപടിയായി യൂണിയന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിപ്പോയ്ക്ക് മുമ്പില്‍ ധര്‍ണ്ണയും പിന്നീട് സ്വതന്ത്ര മൈതാനിയില്‍ സായഹ്ന ധര്‍ണയും സംഘടിപ്പിക്കും.
deshabhimani 080812
Labels:
അഴിമതി,
പൊതുഗതാഗതം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment