രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയര്‍ത്തിവിവിധ നഗരങ്ങളില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ ജന്മനാട്ടിലേക്ക് പലായനം തുടരുമ്പോഴും കാര്യക്ഷമമായ നടപടിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മടി. ബംഗളൂരുവില്‍ തുടങ്ങിയ അക്രമഭീതി ഹൈദരാബാദ്, ചെന്നൈ പുണെ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും പടര്‍ന്നതോടെ പലായനം ദേശീയ പ്രശ്നമായി മാറി. പെരുന്നാള്‍ കഴിഞ്ഞാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ അക്രമം ഉണ്ടാവുമെന്ന കള്ളപ്രചാരണത്തില്‍ പാകിസ്ഥാനു പങ്കുണ്ടെന്നു കേന്ദ്രം വ്യക്തമാക്കിയതോടെ വിഷയത്തിന് നയതന്ത്രമാനവും കൈവന്നു.
മൊബൈലും ഇന്റര്‍നെറ്റുംവഴി അഭ്യൂഹം പരക്കുമ്പോള്‍ ആദ്യംമുതല്‍ കരുതലോടെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനായില്ല. പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിച്ച് മുതലെടുക്കാന്‍ ബിജെപിയും രംഗത്തെത്തി. കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിസ്സംഗഭാവം പ്രശ്നം രൂക്ഷമാക്കി. അസമിന്റെ അതിര്‍ത്തിക്കുള്ളില്‍ പരിഹരിക്കേണ്ട പ്രശ്നമാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വംശീയഭിന്നത പടര്‍ത്തുംവിധം പടരുന്നത്.
77 പേരുടെ മരണത്തിനിടയാക്കിയ അസം വംശീയ കലാപം ഏതാണ്ട് കെട്ടടങ്ങിയപ്പോഴാണ് ഈ അക്രമങ്ങള്‍ക്ക് പകരമായി രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ ആക്രമിക്കപ്പെടുമെന്ന അഭ്യൂഹം ബംഗളൂരുവില്‍ പ്രചരിച്ചത്. അക്രമസംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍, പ്രകോപനപരമായ ദൃശ്യങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ ദിവസങ്ങളോളം പ്രചരിച്ചു. ഈ പ്രചാരണം മുളയിലേ നുള്ളാന്‍ കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല. അവസരം മുതലാക്കി ആര്‍എസ്എസും മറ്റ് പരിവാര്‍ സംഘടനകളും രംഗത്തിറങ്ങി. പ്രശ്നത്തില്‍ കാര്യക്ഷമമായി ഇടപെടുന്നതില്‍ കേന്ദ്രവും പരാജയപ്പെട്ടു.
മൊബൈലിലെ അജ്ഞാതസന്ദേശങ്ങളില്‍ വിശ്വസിച്ച് തൊഴിലാളികളും വിദ്യാര്‍ഥികളും അടങ്ങുന്ന വടക്കുകിഴക്കന്‍ ജനസമൂഹം കൂട്ടപ്പലായനം തുടങ്ങിയതോടെ സ്ഥിതി വിവരണാതീതമായി. പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇതിനു സൗകര്യം ചെയ്തുകൊടുത്തു. പലായന പ്രവണത അതിവേഗം ചെന്നൈയിലേക്കും മറ്റു നഗരങ്ങളിലേക്കും പടര്‍ന്നു. ഡല്‍ഹിയിലും ഇപ്പോള്‍പലായനഭീതി പടരുന്നു. ജനക്പുരി, മഹിപാല്‍പുര്‍, മുനിര്‍ക നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസിന് പ്രത്യേക സുരക്ഷാസന്നാഹം ഒരുക്കി. ഡല്‍ഹി സര്‍വകലാശാലയില്‍ വടക്കുകിഴക്കന്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ എത്തുന്നില്ല.
പ്രവാസജീവിതം നയിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന് വെള്ളിയാഴ്ചയാണ് ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ് വെളിപ്പെടുത്തിയത്. അക്രമം ഭയന്ന് ആയിരങ്ങള്‍ നഗരങ്ങളില്‍നിന്നു പലായനംചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ തുറന്നുപറച്ചില്‍. മൊബൈല്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ ഇത്ര വൈകിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിനു മറുപടിയില്ല. കേന്ദ്ര ഇന്റലിജന്‍സിന്റെ പൂര്‍ണ പരാജയമാണ് ഇതോടെ വ്യക്തമാവുന്നത്. പാകിസ്ഥാന്റെ പങ്കാളിത്തം എന്ന ഒറ്റമൂലിയില്‍ തങ്ങളുടെ ഉത്തരവാദിത്തം അവസാനിപ്പിക്കാമെന്നാണ് കേന്ദ്രനിലപാട്. ന്യൂനപക്ഷ വിരുദ്ധത വളര്‍ത്താമെന്ന വ്യാമോഹത്താല്‍ ഈ "കണ്ടെത്തലില്‍" ബിജെപിയും തൃപ്തിപ്പെടുന്നു.
ലക്ഷക്കണക്കിന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരാണ് ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിലായി ഹോട്ടലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സെക്യൂരിറ്റി ജോലികള്‍ ചെയ്യുന്നത്. ഇതിനു പുറമെയാണ് വിദ്യാര്‍ഥികളും മറ്റ് ജീവനക്കാരും. തൊണ്ണൂറുകള്‍ക്കു ശേഷമാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള വടക്കുകിഴക്കന്‍ കുടിയേറ്റം ശക്തമായത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കാര്‍ഷികത്തകര്‍ച്ചയും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും കുടിയേറ്റത്തിന് യുവാക്കളെ പ്രേരിപ്പിച്ചു. ഒരാഴ്ചയായി പതിനായിരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. ഈ തിരിച്ചുവരവ് തൊഴിലില്ലായ്മ രൂക്ഷമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിസന്ധിയാലാക്കും. ആയിരക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികസ്രോതസ്സാണ്ഇല്ലാതാവുന്നത്. തിരിച്ചെത്തുന്നവര്‍ തീവ്രവാദി സംഘടനകളുടെ വലയിലാവാനുള്ള സാധ്യതയും വിരളമല്ല.
(പി വി അഭിജിത്)
അസം തൊഴിലാളികള്‍ കേരളം വിടുന്നു
മലപ്പുറം: അക്രമം ഭയന്നും നാട്ടില്‍ ഒറ്റപ്പെട്ട ബന്ധുക്കളെ കാണാനും അസം തൊഴിലാളികള്‍ കൂട്ടത്തോടെ കേരളംവിടുന്നു. ചിലയിടങ്ങളില്‍ മുസ്ലിം തീവ്രവാദ സംഘടനകളുടെ ഭീഷണിയുള്ളതായി പരാതിയുണ്ട്. ഇവരുടെ പലായനത്തെക്കുറിച്ച് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. ഒരാഴ്ചക്കിടെ അയ്യായിരത്തില്‍പരം അസം സ്വദേശികള്‍ സംസ്ഥാനത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് നിഗമനം. മലപ്പുറത്തുനിന്നാണ് കൂടുതല്‍ പേര്‍ നാട്ടിലേക്കുതിരിച്ചത്. മൂന്ന് ദിവസത്തിനിടെ മലപ്പുറത്ത് നിന്ന് 512 തൊഴിലാളികള്‍ ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് നാട്ടിലേക്ക് തിരിച്ചു. മഞ്ചേരി കാരക്കുന്നില്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ 14 തൊഴിലാളികളെ ക്വാര്‍ട്ടേഴ്സില്‍ ചെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസിന് പരാതി ലഭിച്ചു. മഞ്ചേരി കാരക്കുന്നിലെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനമായ ഗ്രീന്‍ വാലിക്ക് സമീപം സെഞ്ച്വറി ഹോളോബ്രിക്സിലെ തൊഴിലാളികളെയാണ് വ്യാഴാഴ്ച രാത്രി ഭീഷണിപ്പെടുത്തിയത്. 20-നുള്ളില്‍ നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് തൊഴിലാളികള്‍ അവരുടെ കരാറുകാരനെ ബന്ധപ്പെട്ട് പൊലീസില്‍ പരാതിനല്‍കി. മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങിയതിനാല്‍ മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ്, മങ്കട പള്ളിപ്പുറം, മഞ്ചേരി പയ്യനാട് എന്നിവിടങ്ങളിലെ ചെങ്കല്‍ ക്വാറികള്‍ അടച്ചു. ഇവിടങ്ങളിലെല്ലാം പോപ്പുലര്‍ ഫ്രണ്ട് ഭീഷണിയുണ്ട്. പാലക്കാട്, കോയമ്പത്തൂര്‍ വഴിയും ചെന്നൈ വഴിയും ഗുവാഹത്തി ട്രെയിനിലും നാട്ടിലേക്ക് മടങ്ങുന്നവര്‍ ഏറെയാണ്. ശനിയാഴ്ചയും ഞായറാഴ്ചയും മലപ്പുറത്തുനിന്ന് കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് നൂറോളം പേരാണ് തിരുവനന്തപുരത്തെത്തിയത്. വെള്ളിയാഴ്ച 160 പേരും ശനിയാഴ്ച 135 പേരും ഞായറാഴ്ച 160 പേരും ട്രെയിനില്‍ റിസര്‍വ് ചെയ്ത് നാട്ടിലേക്ക് തിരിച്ചതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിവരം ശേഖരിച്ചു. ജനറല്‍ കംപാര്‍ട്ടുമെന്റില്‍ യാത്രചെയ്യുന്നവരുടെയും ബസുകളില്‍ പോകുന്നവരുടെയും വിവരം പൊലീസിന് ലഭ്യമാവാത്തതിനാല്‍ കൃത്യമായ കണക്കില്ല. ചെങ്കല്‍ ഖനം, ഹോട്ടലുകള്‍, സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങള്‍, നിര്‍മാണം എന്നീ മേഖലകളിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ കൂടുതലുള്ളത്. അസം തൊഴിലാളികള്‍ മടങ്ങുന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി ഇന്റലിജന്‍സ്് എഡിജിപി ടി പി സെന്‍കുമാര്‍ പറഞ്ഞു.
(ബിജു കാര്‍ത്തിക്)
deshabhimani 200812
No comments:
Post a Comment