Monday, August 20, 2012
സഖാവിന് വിപ്ലവഭൂമിയുടെ സ്മരണാഞ്ജലി
സഖാക്കളുടെ സഖാവ് പി കൃഷ്ണപിള്ളയ്ക്ക് തൊഴിലാളി വര്‍ഗത്തിന്റെ സ്മരണാഞ്ജലി. പി കൃഷ്ണപിള്ളയുടെ 64-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാടിലും പാമ്പുകടിയേറ്റു മരിച്ച കഞ്ഞിക്കുഴിയിലെ കണ്ണര്‍കാട് ചെല്ലിക്കണ്ടത്തും നൂറു കണക്കിനാളുകള്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു. ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ പ്രകടനമായി രാവിലെ എട്ടോടെ വലിയ ചുടുകാടില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.
വലിയചുടുകാടിലും കണ്ണര്‍കാട് ചെല്ലിക്കണ്ടത്തിലും ചേര്‍ന്ന അനുസ്മരണ സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സംസാരിച്ചു. വലിയ ചുടുകാടില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവും ചെല്ലിക്കണ്ടത്ത് അഡ്വ. എന്‍ പി കമലാധരനും അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ ചന്ദ്രാനന്ദന്‍, ജി സുധാകരന്‍, സി കെ സദാശിവന്‍, സി എസ് സുജാത, സിപിഐ ജില്ലാ സെക്രട്ടറി പി തിലോത്തമന്‍, സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണര്‍കാട് ചെല്ലിക്കണ്ടത്തെ സ്മൃതിമണ്ഡപത്തില്‍ സിപിഐ എം- സിപിഐ വര്‍ഗബഹുജന സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധര്‍ സ്മാരക മന്ദിരത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പനും, ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റില്‍ റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മയും പതാക ഉയര്‍ത്തി. കൊച്ചി ദേശാഭിമാനിയില്‍ യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ പതാക ഉയര്‍ത്തി.
കുംഭകോണങ്ങള്‍ ആന്റണി മറയ്ക്കാന്‍ ശ്രമിക്കുന്നു: എം എ ബേബി
ആലപ്പുഴ: കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയെ മറയ്ക്കാനുള്ള വെള്ള വസ്ത്രമാണ് കേന്ദ്രമന്ത്രി എ കെ ആന്റണി ധരിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കല്‍ക്കരി കുംഭകോണം പുറത്തുവന്ന സാഹചര്യത്തില്‍ സ്വന്തം ആദര്‍ശത്തില്‍ തെല്ലെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആന്റണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലിയ ചുടുകാട്ടിലും കണ്ണര്‍കാട് ചെല്ലിക്കണ്ടത്തിലും നടന്ന കൃഷ്ണപിള്ള അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യാതെ വന്‍കിട കമ്പിനികള്‍ക്ക് നല്‍കുന്നതിലുടെ കിട്ടുന്ന അഴിമതിപണം ഏത് അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന കൊള്ളയെ മറച്ചുവയ്ക്കാനാണ് ഇടതുപക്ഷത്തിലെ വ്യത്യസ്ത പാര്‍ടികളുടെ വ്യത്യസ്ത അഭിപ്രായങ്ങളെ വിവാദമാക്കി പര്‍വതീകരിക്കുന്നത്. യുഡിഎഫില്‍ അച്ഛന്‍ നേതാവും മകന്‍ മന്ത്രിയുമായ പാര്‍ടിയില്‍ പോലും യോജിപ്പില്ല. അഴിമതിയില്‍ കേന്ദ്രത്തിലെ യുപിഎ രണ്ടാം സര്‍ക്കാര്‍ രാജ്യത്തെ തന്നെ നാണംകെടുത്തി. ഭരണഘടനാസ്ഥാപനമായ സി ആന്‍ഡ് എജി പറയുന്ന കണക്കനുസരിച്ച് കല്‍ക്കരിപാടം വിറ്റതടക്കം മൂന്നു ഇടപാടുകളില്‍ 3.78 ലക്ഷം കോടിയുടെ അഴിമതിയാണ് നടന്നത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങളാണ് ഈ അഴിമതിക്ക് കാരണം. അതേസമയം പാവപ്പെട്ട ജനങ്ങള്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളപ്പെടുന്നു.
ആഗോളവല്‍ക്കരണ നയങ്ങള്‍ മൂലം മൂന്നു ലക്ഷം കര്‍ഷകര്‍ക്ക് ആത്മഹത്യചെയ്യേണ്ടിവന്നു. ഭക്ഷ്യസുരക്ഷ ഇന്നും നടപ്പാക്കിയിട്ടില്ല. ചെറുകിട കച്ചവട മേഖലയിലും വിദേശ നിക്ഷേപം അനുവദിച്ചു. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി. ഇത്തരം ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി വാദിക്കുകയും പൊരുതുകയും ചെയ്യുന്നത് കമ്യൂണിസ്റ്റു പാര്‍ടികള്‍ മാത്രമാണ്. ഭക്ഷ്യ സുരക്ഷയടക്കമുള്ള മുദ്രാവാക്യങ്ങള്‍ക്ക് വേണ്ടി ഇടതുപക്ഷ പാര്‍ടികള്‍ 22ന് യോജിച്ച് ശക്തമായ സമരം നടത്തുകയാണ്. ഇതിനാലാണ് കമ്യൂണിസ്റ്റ് പാര്‍ടികളെ വളഞ്ഞിട്ടാക്രമിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലും കമ്യൂണിസ്റ്റ് പാര്‍ടികള്‍ നിരവധി തവണ നിരോധിക്കപ്പെട്ടിട്ടുണ്ട്. ബംഗാളിലെ അര്‍ധ ഫാസിസ്റ്റ് വാഴ്ച്ചക്കാലത്ത് ഭീകരമായി വേട്ടയാടപ്പെടുകയും ചെയ്തു. ഇവയെ അതിജീവിച്ചാണ് പാര്‍ടി ജനമനുകളില്‍ സ്ഥാനം നേടിയത്. ഇപ്പോള്‍ കേരളത്തിലെ ചിലയിടങ്ങളില്‍ നടക്കുന്ന അറസ്റ്റും വേട്ടയാടലും പ്രസ്ഥാനം അതിജീവിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നതിനെതിരെ യുഡിഎഫ് പ്രതികരിക്കണം: പന്ന്യന്‍
ആലപ്പുഴ: പങ്കാളിത്ത പെന്‍ഷന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളം 13.5 ശതമാനം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച് യുഡിഎഫ് ഘടക കക്ഷികളും യൂത്ത്കോണ്‍ഗ്രസും പ്രതികരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ആലപ്പുഴ വലിയ ചുടുകാടിലും കണ്ണര്‍കാടും പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന്റെ ശമ്പളം 1350 രൂപയാണ് കുറയുക. നാലുവര്‍ഷം പുതിയ തസ്തിക സൃഷ്ടിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.പണമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എല്‍ഡിഎഫ് കാലത്ത് എല്ലാ വിഭാഗത്തിനും പെന്‍ഷന്‍ വര്‍ധിപ്പിച്ചു. ഇന്ന് ഏഴുമാസം കര്‍ഷകതൊഴിലാളി പെന്‍ഷനടക്കം കുടിശികയാണ്- പന്ന്യന്‍ പറഞ്ഞു.
deshabhimani 200812
Labels:
ഓര്‍മ്മ
Subscribe to:
Post Comments (Atom)

സഖാക്കളുടെ സഖാവ് പി കൃഷ്ണപിള്ളയ്ക്ക് തൊഴിലാളി വര്‍ഗത്തിന്റെ സ്മരണാഞ്ജലി. പി കൃഷ്ണപിള്ളയുടെ 64-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാടിലും പാമ്പുകടിയേറ്റു മരിച്ച കഞ്ഞിക്കുഴിയിലെ കണ്ണര്‍കാട് ചെല്ലിക്കണ്ടത്തും നൂറു കണക്കിനാളുകള്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു. ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ പ്രകടനമായി രാവിലെ എട്ടോടെ വലിയ ചുടുകാടില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.
ReplyDelete