Monday, August 20, 2012

വിക്കിലീക്സിനെ വേട്ടയാടുന്നത് അമേരിക്ക അവസാനിപ്പിക്കണം: അസാഞ്ച്


ലണ്ടന്‍: വിക്കിലീക്സിനെ നിരന്തരമായി വേട്ടയാടുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് ആവശ്യപ്പെട്ടു. ലണ്ടനിലെ ഇക്വഡോര്‍ എംബസിയുടെ ബാല്‍ക്കണിയില്‍വെച്ച് നടത്തിയ പ്രസ്താവനയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. തനിക്ക് അഭയം നല്‍കിയതില്‍ ഇക്വഡോര്‍ പ്രസിഡന്റിനോടും അദ്ദേഹം നന്ദി അറിയിച്ചു.

രണ്ടുമാസം മുമ്പ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാഞ്ച് അഭയം തേടിയിട്ട് ആദ്യമായാണ് പൊതുജനങ്ങള്‍ക്കുമുമ്പാകെ പ്രത്യക്ഷമാകുന്നത്. വിക്കിലീക്സ് വേട്ട അഭിപ്രായ സ്വാതന്ത്ര്യത്തിനും ആരോഗ്യകരമായ സമൂഹവളര്‍ച്ചയ്ക്കും എതിരായ നീക്കമാണ്. തനിക്കെതിരായ വ്യാജകേസുകളില്‍ നിയമപേരാട്ടം തുടരും-അസാഞ്ച് പറഞ്ഞു. ഇതിനിടെ അസാഞ്ചിന് നയതന്ത്ര അഭയം നല്‍കിയ ഇക്വഡോറിന് ലാറ്റിനമേരിക്കന്‍ അയല്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണ. ക്യൂബ, ബൊളീവിയ, വെനസ്വേല, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ക്കൊപ്പം നിരവധി ചെറു കരീബിയന്‍ രാജ്യങ്ങളും പിന്തുണയറിയിച്ചു.

ഇക്വഡോറിന്റെ നയതന്ത്ര അവകാശങ്ങള്‍ ലംഘിക്കാന്‍ ബ്രിട്ടനും സഖ്യശക്തികളും ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഈ രാജ്യങ്ങളുടെ കൂട്ടായ്മയായ "ബൊളിവറിയന്‍ അലയന്‍സ് ഫോര്‍ ദ പീപ്പിള്‍ ഓഫ് ഔവര്‍ അമേരിക്ക" (എഎല്‍ബിഎ) വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ വിദേശമന്ത്രിമാര്‍ ഇക്വഡോറിലെത്തിയാണ് പിന്തുണ അറിയിച്ചത്. അസാഞ്ചിനെ കുടുക്കണമെന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ആഗ്രഹം സൈനികശക്തിയുപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതികരിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്നും എഎല്‍ബിഎ അഭ്യര്‍ഥിച്ചു. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ പ്രതിരോധ-വിദേശകാര്യ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് ഓസ്ട്രേലിയന്‍ പൗരനായ ഇദ്ദേഹത്തെ ജയിലിലാക്കാന്‍ ഇവര്‍ ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി സ്വീഡനില്‍ അസാഞ്ചിനെതിരെ കെട്ടിച്ചമച്ച ലൈംഗിക പീഡനക്കേസുമുണ്ട്.

deshabhimani 200812

No comments:

Post a Comment