Tuesday, August 7, 2012

ആരോഗ്യ ഇന്‍ഷുറന്‍സില്‍ മുതിര്‍ന്നവരെ വേണ്ട


മുതിര്‍ന്ന പൗരന്മാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താന്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഇവര്‍ക്കുള്ള പോളിസിയുടെ കമീഷന്‍ ഗണ്യമായി വെട്ടിക്കുറച്ചു. ക്ലെയിം കൂടുതലായതിനാല്‍ നഷ്ടമാണെന്നാണ് കമ്പനികളുടെ നിലപാട്. എന്നാല്‍ ഇടനിലക്കാരും ആശുപത്രികളും തമ്മിലുള്ള ഒത്തുകളി തടയാന്‍ ശ്രമിക്കാത്തതാണ് ക്ലെയിം കൂടാനുള്ള യഥാര്‍ഥ കാരണം. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ മികച്ച ലാഭം നേടുമ്പോഴാണ് ഈ നീക്കം.

നാഷണല്‍, ഓറിയന്റല്‍, ന്യൂ ഇന്ത്യ, യുണൈറ്റഡ് ഇന്ത്യ എന്നീ പൊതുമേഖലാ കമ്പനികളാണ് ആഗസ്ത് ഒന്നുമുതല്‍ കമ്മീഷന്‍ വെട്ടിക്കുറച്ചത്. ഇതുപ്രകാരം 35ല്‍ താഴെ പ്രായമുള്ളവരുടെ പോളിസിക്കേ നിലവിലുണ്ടായിരുന്ന 15 ശതമാനം കമ്മീഷന്‍ ലഭിക്കൂ. 36-55 വയസ്സുകാരെ ചേര്‍ക്കുന്നവര്‍ക്ക് 10 ശതമാനവും 55നു മുകളില്‍ പ്രായമുള്ളവരുടെ പോളിസിക്ക് അഞ്ചു ശതമാനവും മാത്രമാണ് കമ്മീഷന്‍. നേരത്തെ മുഴുവന്‍ പോളിസികള്‍ക്കും കമ്മീഷന്‍ 15 ശതമാനമായിരുന്നു. സ്വകാര്യ കമ്പനികള്‍ ഇപ്പോഴും 15 ശതമാനം കമ്മീഷനാണ് നല്‍കുന്നത്.
അതേസമയം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഈ അവസരം കൊയ്ത്തായി. അഞ്ചുമാസംമുതല്‍ 74 വയസ്സുവരെയുള്ളവര്‍ക്കാണ് സ്റ്റാര്‍ ഹെല്‍ത്ത് പോലുള്ള കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനംചെയ്യുന്നത്. സ്റ്റാര്‍ ഹെല്‍ത്ത് മാത്രം കഴിഞ്ഞവര്‍ഷം 1250 കോടി രൂപയുടെ പ്രീമിയം ഈ മേഖലയില്‍ സമാഹരിച്ചെന്ന് സീനിയര്‍ സെയില്‍സ് മാനേജര്‍ വി ഷിനു പറഞ്ഞു. പൊതുമേഖലാ കമ്പനികള്‍ കമ്മീഷന്‍ കുറച്ചത് സ്വകാര്യ കമ്പനികള്‍ക്ക് ഗുണമാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി. കമ്മീഷന്‍ വെട്ടിക്കുറച്ചത് അനീതിയാണെന്ന് ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അന്‍വര്‍ പാഷയും സെക്രട്ടറി വി എസ് ശ്രീനിവാസനും പറഞ്ഞു. ആരോഗ്യ പോളിസികള്‍ നഷ്ടത്തിലാണെന്ന വാദം പൂര്‍ണമായും ശരിയല്ല. പോളിസി സെറ്റില്‍ചെയ്യാന്‍ പുറംകരാര്‍ എടുത്തവരും ആശുപത്രി മാനേജ്മെന്റും തമ്മില്‍ നടത്തുന്ന കള്ളക്കളി തടയണം. വന്‍ തുക ഈയിനത്തില്‍ തട്ടിയെടുക്കുന്നു. ഇത് തടയുന്നതിനു പകരം സ്വകാര്യ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് അധികൃതരുടേത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തുമെന്നും ഇവര്‍ വ്യക്തമാക്കി.
(ഷഫീഖ് അമരാവതി)

deshabhimani 070812

No comments:

Post a Comment