Sunday, August 19, 2012

ആറന്മുള ആക്രമണം: ജനങ്ങളുടെ ഐക്യം തകര്‍ക്കാനുള്ള ഗൂഢാലോചന-അനന്തഗോപന്‍

വിമാനത്താവളവിരുദ്ധസമരത്തിന്റെ പേരില്‍ യുവമോര്‍ച്ച നടത്തിയ പ്രകടനത്തെത്തുടര്‍ന്ന് സിപിഐ എം നേതക്കന്മാര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ പ്രതിഷേധിച്ചു. സമരമുഖത്ത് ഒന്നിച്ചുനില്‍ക്കുന്ന ജനങ്ങളുടെ ഐക്യം തകര്‍ക്കാനും വിമാനത്താവളവിരുദ്ധസമരം തകര്‍ക്കാനുമുള്ള ഗൂഢാലോചനയുടെ ഫലമാണ് ആക്രമണം. വിമാനത്താവളത്തിനെതിരെ നടന്നുവന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സിപിഐ എമ്മാണ്. വര്‍ഷങ്ങളായി സമരമുഖത്ത് നില്‍ക്കുന്ന സിപിഐ എം നേതാക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശനിയാഴ്ച രാവിലെ 11ന് കിടങ്ങന്നൂര്‍, മെഴുവേലി ഭാഗങ്ങളില്‍ നിന്നുമാണ് യുവമോര്‍ച്ച പ്രകടനം ആരംഭിച്ചത്. പ്രകടനക്കാര്‍ കരിമാരത്തുള്ള വിമാനത്താവള ഷെഡ് ജെസിബി ഉപയോഗിച്ച് തകര്‍ക്കുകയും അവിടെ തെങ്ങ് നടുകയുംചെയ്തു. തുടര്‍ന്നാണ് ആറന്മുള ഐക്കര ജങ്ഷനിലെത്തിയത്. വിമാനത്താവള നിര്‍മാതാക്കളായ കെജിഎസ് ഗ്രൂപ്പ് ആറന്മുളയില്‍ സ്ഥാപിച്ച കെട്ടിടത്തിനുമുന്നിലെ റോഡ് ഉപരോധിച്ചു. നേതാക്കള്‍ സംസാരിച്ചശേഷമാണ് കല്ലേറ് തുടങ്ങിയത്. കല്ലേറ് രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. പിന്തിരിഞ്ഞോടിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ഐക്കര ജങ്ഷനില്‍ വിമാനത്താവള നിര്‍മാതാക്കളായ കെജിഎസ് ഗ്രൂപ്പിന്റെ ഓഫീസിനുനേരെ കല്ലേറ് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചു. ആറന്മുള ഓട്ടോസ്റ്റാന്‍ഡിലെ ഇടശ്ശേരിമല കങ്ങഴയില്‍ ശിവദാസന്റെ കെ എല്‍ 03 ബി 8346, തുരുത്തിമല മോടിയില്‍ ബാബുവിന്റെ കെഎല്‍ 03 എഫ് 8537 നമ്പര്‍ ഓട്ടോറിക്ഷകളാണ് പൂര്‍ണമായും തല്ലിതകര്‍ത്തത്. സിപിഐ എം ജില്ലാകമ്മിറ്റി അംഗം കെ എം ഗോപിയെ ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കൊടിയില്‍ കല്ലിട്ട് കെട്ടിയായിരുന്നു ആക്രമണം. ഇതുകണ്ട് ഓടിയെത്തിയതായിരുന്നു മറ്റ് സിപിഐ എം പ്രവര്‍ത്തകര്‍.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നേതാക്കളെയും മറ്റുള്ളവരെയും സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മകുമാര്‍, ബാബു കോയിക്കലേത്ത്, ഏരിയ സെക്രട്ടറി ആര്‍ അജയകുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ ആറന്മുളയില്‍ ഹര്‍ത്താല്‍ ആചരിച്ചു. പകല്‍ മൂന്ന് മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍. വൈകിട്ട് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടത്തി.

deshabhimani 190812

1 comment:

  1. വിമാനത്താവളവിരുദ്ധസമരത്തിന്റെ പേരില്‍ യുവമോര്‍ച്ച നടത്തിയ പ്രകടനത്തെത്തുടര്‍ന്ന് സിപിഐ എം നേതക്കന്മാര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ പ്രതിഷേധിച്ചു. സമരമുഖത്ത് ഒന്നിച്ചുനില്‍ക്കുന്ന ജനങ്ങളുടെ ഐക്യം തകര്‍ക്കാനും വിമാനത്താവളവിരുദ്ധസമരം തകര്‍ക്കാനുമുള്ള ഗൂഢാലോചനയുടെ ഫലമാണ് ആക്രമണം. വിമാനത്താവളത്തിനെതിരെ നടന്നുവന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സിപിഐ എമ്മാണ്. വര്‍ഷങ്ങളായി സമരമുഖത്ത് നില്‍ക്കുന്ന സിപിഐ എം നേതാക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ReplyDelete