Wednesday, August 22, 2012

സര്‍വീസ്-വിദ്യാഭ്യാസ മേഖല സ്തംഭിച്ചു


പങ്കാളിത്ത പെന്‍ഷനെതിരെ ജീവനക്കാരും അധ്യാപകരും നടത്തിയ സൂചനാ പണിമുടക്ക് വന്‍ വിജയം. 80 ശതമാനത്തിലേറെ ജീവനക്കാര്‍ പണിമുടക്കിയതോടെ സര്‍വീസ്- വിദ്യാഭ്യാസ മേഖല സ്തംഭിച്ചു. സമരത്തിന് പിന്തുണ പ്രഖ്യപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കിയതിനാല്‍ ബസ് സര്‍വീസുകളെയും ബാധിച്ചു. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ഹൗസിങ് ബോര്‍ഡ്, ഖാദി ബോര്‍ഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും നിശ്ചലമായി. വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയറ്റ് വരെയുള്ള സ്ഥാപനങ്ങളില്‍ നാമമാത്രമായ ജീവനക്കാരാണ് ജോലിക്ക് ഹാജരായത്.

ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. സംസ്ഥാനമാകെ വിവിധ ഓഫീസുകള്‍ അടഞ്ഞുകിടന്നു. ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസിയില്‍ 75 ശതമാനം ഷെഡ്യൂളുകളും പ്രവര്‍ത്തിച്ചില്ല. 85 ശതമാനത്തിലധികം വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും കൃഷിഭവനുകളും തുറന്നില്ല. സര്‍വകലാശാലകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. അഞ്ച് കോര്‍പറേഷനുകളുടെയും 60 നഗരസഭകളുടെയും പ്രവര്‍ത്തനം മുടങ്ങി. നഗരശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. ഭൂരിപക്ഷം നഗരസഭകളിലും ഒറ്റ ജീവനക്കാര്‍പോലും ഹാജരായില്ല. ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് പണിമുടക്കില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലൂടെ കോടികളുടെ ആനുകൂല്യം ഉറപ്പാക്കുമെന്ന പ്രചാരണമാണ് നടത്തിയത്. നിലവിലുള്ള ജീവനക്കാരെ ബാധിക്കില്ലെന്ന് വ്യാജപ്രചാരണവും നടത്തി. പണിമുടക്കിന് മുന്‍കൂര്‍ ഡയസ്നോണ്‍ ഏര്‍പ്പെടുത്തി. പെന്‍ഷന്‍ പദ്ധതിയുടെ ആകര്‍ഷണീയത ചൂണ്ടിക്കാട്ടി ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് വ്യാപകമായ പ്രചാരണമാണ് പത്ര- ദൃശ്യ മാധ്യമങ്ങളിലൂടെ നടത്തിയത്. പണിമുടക്കിന് നോട്ടീസ് നല്‍കിയ സംഘടനകളുടെ ഐക്യം തകര്‍ക്കാനാണ് ആഗസ്ത് 16ന്റെ ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനെയെല്ലാം അവഗണിച്ച് ജീവനക്കാര്‍ ഒറ്റക്കെട്ടായി പണിമുടക്കിയ അനുഭവമാണ് സംസ്ഥാനത്തെങ്ങും ദൃശ്യമായത്. പണിമുടക്കിയ എല്ലാ ജീവനക്കാരെയും അധ്യാപകരെയും സംയുക്ത സമരസമിതി കണ്‍വീനര്‍ എ ശ്രീകുമാര്‍, അധ്യാപക- സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ്പ്രകാശ്, ഫെറ്റോ ജനറല്‍ സെക്രട്ടറി പി സുനില്‍കുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു.

അതേസമയം, 55.77 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. പണിമുടക്കം ആലപ്പുഴ ജില്ലയില്‍ വന്‍ വിജയമായി. കോണ്‍ഗ്രസ് അനുകൂല സംഘടനകളിലെ ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നു. 170 പേരുള്ള കലക്ടറേറ്റില്‍ കലക്ടറും എഡിഎമ്മുമടക്കം 12 പേര്‍ മാത്രമാണ് ഹാജരായത്. ജീവനക്കാരാരും ഹാജരാകാത്തതിനാല്‍ ജില്ലാ ട്രഷറി അടഞ്ഞുകിടന്നു. ആലപ്പുഴയില്‍ നിന്നുള്ള ബോട്ട് സര്‍വീസ് നിലച്ചു. പണിമുടക്ക് എറണാകുളം ജില്ലയില്‍ പൂര്‍ണം. ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. ജില്ലയിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനവും നിശ്ചലമായി. ഭരണപക്ഷ സംഘടനകളുടെ പ്രതിനിധികള്‍പോലും പണിമുടക്കില്‍ അണിനിരന്നു.

deshabhimani 220812

3 comments:

  1. പങ്കാളിത്ത പെന്‍ഷനെതിരെ ജീവനക്കാരും അധ്യാപകരും നടത്തിയ സൂചനാ പണിമുടക്ക് വന്‍ വിജയം. 80 ശതമാനത്തിലേറെ ജീവനക്കാര്‍ പണിമുടക്കിയതോടെ സര്‍വീസ്- വിദ്യാഭ്യാസ മേഖല സ്തംഭിച്ചു. സമരത്തിന് പിന്തുണ പ്രഖ്യപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കിയതിനാല്‍ ബസ് സര്‍വീസുകളെയും ബാധിച്ചു. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ഹൗസിങ് ബോര്‍ഡ്, ഖാദി ബോര്‍ഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും നിശ്ചലമായി. വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയറ്റ് വരെയുള്ള സ്ഥാപനങ്ങളില്‍ നാമമാത്രമായ ജീവനക്കാരാണ് ജോലിക്ക് ഹാജരായത്.

    ReplyDelete
  2. തൊടുപുഴ: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ തൊടുപുഴയില്‍ ഭൂരിപക്ഷം ജീവനക്കാരും പങ്കെടുത്ത പണിമുടക്ക് പൊളിഞ്ഞെന്നുവരുത്താന്‍ എന്‍ജിഒ അസോസിയേഷന്റെ തറവേല. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ജോലിക്കെത്തിയത്. എന്നാല്‍ സമരം പൊളിഞ്ഞെന്നുവരുത്താന്‍ താലൂക്കിലെ പരിസരത്തുള്ള വില്ലേജ് ഓഫീസുകളില്‍ ജോലിക്കെത്തിയ ചുരുക്കം ജീവനക്കാരെ താലൂക്ക് ഓഫീസിലേക്ക് വരുത്തി സീറ്റുകളിലിരുത്തി. തുടര്‍ന്ന് ഇവര്‍ താലൂക്ക് ഓഫീസില്‍ ജോലിചെയ്യുന്ന രീതിയില്‍ ചിത്രമെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ താലൂക്ക് ഓഫീസില്‍ ചുരുക്കം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്.

    ReplyDelete
  3. കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവും പണിമുടക്കി

    അടൂര്‍: സര്‍ക്കാര്‍ അനുകൂല സംഘടനയുടെ സംസ്ഥാന നേതാവും പണിമുടക്കി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഗസ്റ്റഡ് ഓഫീസേഴ്സ് യൂണിയന്‍ സംസ്ഥാന എക്സിക്യൂട്ടീവംഗം ബിജിലി ജോസഫാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പണിമുടക്കിയത്. അടൂര്‍ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെ സൂപ്രണ്ടാണ് ബിജിലിജോസഫ്. ഈ ഓഫീസിലെ എല്ലാവരും പണിമുടക്കിയതിനാല്‍ ഓഫീസ് തുറന്നില്ല.

    ReplyDelete