Wednesday, August 22, 2012

കഹാറിനെതിരായ വിധി: ആദ്യതെരഞ്ഞെടുപ്പ് കേസുമായി സമാനത


നിയമനിര്‍മാണസഭയുടെ ആരംഭം മുതലേ തെരഞ്ഞെടുപ്പു കേസുകള്‍ ഉണ്ടായതായത് ചരിത്രം. തിരു-കൊച്ചി തെരഞ്ഞെടുപ്പ് കാലത്തുതന്നെ നിയമസഭയുമായി ബന്ധപ്പെട്ട് നിയമയുദ്ധം തുടങ്ങിയിരുന്നു. 1951ലെ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ ദ്വയാംഗമണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെതിരെയായിരുന്നു ആദ്യകേസ്. ശിവരാമന്‍നായര്‍, രാമചന്ദ്രദാസ് എന്നിവര്‍ ജയിച്ചത് തൊട്ടടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് ട്രിബ്യൂണല്‍ റദ്ദാക്കി. കേരളപ്പിറവിക്കുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് വര്‍ക്കല കഹാറിനെതിരെയുള്ള വിധിക്ക് സമാനമാണ്.

1957ലെ പൊതുതെരഞ്ഞെടുപ്പില്‍ ദേവികുളം ദ്വയാംഗമണ്ഡലത്തില്‍ ജനറല്‍ സീറ്റില്‍ ജയിച്ച കമ്യൂണിസ്റ്റ് പാര്‍ടിയുടെ റോസമ്മ പുന്നൂസിന്റെ നിയമസഭാംഗത്വം കോടതി അസാധുവാക്കിയിരുന്നു. തന്റെ നാമനിര്‍ദേശപത്രിക അകാരണമായി തള്ളിയെന്നുകാട്ടി എതിര്‍സ്ഥാനാര്‍ഥി ബി കെ നായര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. തുടര്‍ന്നുനടന്ന ഉപതെരഞ്ഞെടുപ്പില്‍ റോസമ്മ പുന്നൂസ് തന്നെ വിജയിച്ചു. 1960ല്‍ തലശേരിയില്‍നിന്നു മത്സരിച്ച കമ്യൂണിസ്റ്റ് സ്വതന്ത്രന്‍ വി ആര്‍ കൃഷ്ണയ്യരായിരുന്നു കേസിലൂടെയുള്ള അടുത്ത വിജയി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി കുഞ്ഞിരാമന്‍ ജയിച്ചത് വോട്ടെണ്ണലില്‍ കൃത്രിമം കാട്ടിയാണെന്നായിരുന്നു പരാതി. കോടതി നിര്‍ദേശമനുസരിച്ച് വീണ്ടും വോട്ടെണ്ണിയപ്പോള്‍ കൃഷ്ണയ്യര്‍ വിജയിച്ചു. കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച കേരളത്തിലെ ആദ്യ സാമാജികനാണ് കൃഷ്ണയ്യര്‍.

വര്‍ഗീയപ്രചാരണം നടത്തിയതിന് സി എച്ച് മുഹമ്മദ്കോയ, കെ എം മാണി എന്നീ മന്ത്രിമാരെ 77ല്‍ ഹൈക്കോടതി അയോഗ്യരാക്കി. സുപ്രീംകോടതി പിന്നീട് ഈ വിധി റദ്ദാക്കി. 1982ല്‍ പറവൂരിലെ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിലെ എ സി ജോസ് പിന്നീട് സുപ്രീംകോടതിവിധിയുടെ സഹായത്താല്‍ വിജയിയായി. വോട്ടിങ്യന്ത്രം ഉപയോഗിക്കാന്‍ ജനപ്രാതിനിധ്യനിയമത്തില്‍ മതിയായ ഭേദഗതി വരുത്തിയിട്ടില്ലെന്ന കാരണത്താലായിരുന്നു കോടതിവിധി. വര്‍ഗീയപ്രചാരണം നടത്തിയതിന് എ ജെ സക്കറിയാസേട്ടിന്റെ (ലീഗ്) നിയമസഭാംഗത്വം ഹൈക്കോടതി 1987ല്‍ റദ്ദാക്കിയെങ്കിലും പിന്നീട് സുപ്രീംകോടതിയില്‍നിന്ന് സേട്ട് അനുകൂലവിധി നേടി. ഇരട്ടവോട്ടുകള്‍ സുപ്രീംകോടതി അസാധുവാക്കിയപ്പോള്‍ കോവളത്ത് നീലലോഹിതദാസന്‍ നാടാരുടെ നിയമസഭാംഗത്വം 1981ല്‍ നഷ്ടമായി. കോണ്‍ഗ്രസിലെ ജോര്‍ജ് മസ്ക്രീനെ വിജയിയായി പ്രഖ്യാപിച്ചു.

എടക്കാട്ട് ഒ ഭരതന്റെ (സിപിഐ എം) നിയമസഭാംഗത്വം 1991ല്‍ നഷ്ടമായത് ഹൈക്കോടതി വിധിയാലാണ്. കോണ്‍ഗ്രസിലെ കെ സുധാകരനെ വിജയിയായി കോടതി പ്രഖ്യാപിച്ചെങ്കിലും കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ഭരതനെ വിജയിയായി പ്രഖ്യാപിച്ചു. നാമനിര്‍ദേശപത്രിക നല്‍കുമ്പോള്‍ സര്‍ക്കാരിന് കടബാധ്യതയുള്ള വ്യക്തിയായതിനാല്‍ കോണ്‍ഗ്രസിലെ തമ്പാനൂര്‍ രവിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കി. സുപ്രീംകോടതിവിധി രവിക്കനുകൂലമായി. പത്രിക സമര്‍പ്പിക്കുമ്പോള്‍ കേസില്‍ തടവുശിക്ഷ വിധിച്ചിട്ടുണ്ടെന്ന കാരണത്താല്‍ പി ജയരാജന്റെ (സിപിഐ എം) നിയമസഭാംഗത്വം 2001ല്‍ സുപ്രീംകോടതി റദ്ദാക്കി. എന്നാല്‍, 2005 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയരാജന്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2006ല്‍ തെരഞ്ഞെടുപ്പുവേളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സ്വഭാവഹത്യ നടത്തിയ വാരിക വിതരണം ചെയ്തതിന് കല്ലൂപ്പാറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശേരിയുടെ നിയമസഭാംഗത്വം ഹൈക്കോടതി അസാധുവാക്കി. പിന്നീട് ഉപാധികളോടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തിരുന്നു. 2006ല്‍ പിറവത്ത് സിപിഐ എമ്മിലെ എം ജെ ജേക്കബ്ബിന്റെ വിജയം ചോദ്യംചെയ്ത് ടി എം ജേക്കബ് നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തിയിരുന്നു. തുടര്‍ന്ന് എം ജെ ജേക്കബ് നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി ഈ വിധി റദ്ദു ചെയ്തു.

deshabhimani 220812

1 comment:

  1. നിയമനിര്‍മാണസഭയുടെ ആരംഭം മുതലേ തെരഞ്ഞെടുപ്പു കേസുകള്‍ ഉണ്ടായതായത് ചരിത്രം. തിരു-കൊച്ചി തെരഞ്ഞെടുപ്പ് കാലത്തുതന്നെ നിയമസഭയുമായി ബന്ധപ്പെട്ട് നിയമയുദ്ധം തുടങ്ങിയിരുന്നു. 1951ലെ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ ദ്വയാംഗമണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെതിരെയായിരുന്നു ആദ്യകേസ്. ശിവരാമന്‍നായര്‍, രാമചന്ദ്രദാസ് എന്നിവര്‍ ജയിച്ചത് തൊട്ടടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് ട്രിബ്യൂണല്‍ റദ്ദാക്കി. കേരളപ്പിറവിക്കുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് വര്‍ക്കല കഹാറിനെതിരെയുള്ള വിധിക്ക് സമാനമാണ്.

    ReplyDelete