Monday, August 13, 2012

അനീഷ് രാജന്‍ കുടുംബസഹായനിധി പിണറായി വിജയന്‍ കൈമാറി


 കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ് രാജന്‍ കുടുംബസഹായനിധി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൈമാറി.

യുഡിഎഫ് കേരളത്തില്‍ രണ്ട് നീതിയാണ് നടപ്പാക്കുന്നന്നെ് പിണറായി പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും ഷുക്കൂറിനെ കൊല്ലാനുള്ള ഗൂഢാലോചന തടഞ്ഞില്ല എന്നാണ് പൊലീസിന്റെ കള്ളക്കേസ്. ജയരാജനെ ജയിലിലടച്ചു. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രാജേഷ് കോടതിയില്‍ ഹാജരായി. രാജേഷിനെയും റിമാണ്ട് ചെയ്തു.

അനീഷ് രാജനെ കൊന്നത് കോണ്‍ഗ്രസിന്റെ കൊലയാളി സംഘമാണ്. സംഘത്തിലുണ്ടായിരുന്നവര്‍ ആരാണെന്നറിഞ്ഞിട്ടും അവരെ പ്രതിയാക്കുന്നില്ല. എന്നാല്‍ ആ സംഭവവുമായി ബന്ധപ്പെട്ടും സിപിഐ എമ്മില്‍ നിന്ന് ആരെയെങ്കിലും പ്രതിയാക്കാനാകുമോ എന്ന ഗവേഷണം നടത്താനാണ് പൊലീസ് ശ്രമിച്ചത്- പിണറായി ചുണ്ടിക്കാട്ടി. വളഞ്ഞിട്ട് ആക്രമിച്ച സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താമോ എന്നാണ് നോട്ടം. ദേശീയതലത്തില്‍ തന്നെ സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തിയാല്‍ സാമ്രാജ്യത്വാനുകൂല ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോകാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഇത് വിജയിക്കില്ല. ഇതുകൊണ്ടൊന്നും പാര്‍ട്ടി തളരില്ല- പിണറായി പറഞ്ഞു.

പി ജയരാജന്റെ അറസ്റ്റിനെത്തുടര്‍ന്ന് സിപിഐ എം സംഘടിപ്പിച്ച ഹര്‍ത്താലിനെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ചില തെറ്റിദ്ധാരണകളുണ്ടെന്ന് പിണറായി പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്താനായിരുന്നു സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചിരുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി രവീന്ദ്രനോട് സംസാരിച്ചപ്പോള്‍ സിപിഐ ഹര്‍ത്താലില്‍ സഹകരിക്കില്ലെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍ സിപിഐ യുമായി കൂടിയാലോചിക്കാതിരുന്നത്. സിപിഐ ഒഴികെ എല്‍ഡിഎഫിലെ മറ്റെല്ലാ ഘടകകക്ഷികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പി ജയരാജന്‍ കേസില്‍ പ്രതിയാകേണ്ട ക്രിമിനലാണെന്ന് സിപിഐ കരുതുന്നുണ്ടോ. സിപിഐ എമ്മിനെതിരായ വിരോധം കൊണ്ട് ജയരാജനെ കേസില്‍ പ്രതിയാക്കുകയാണെന്ന രാഷ്ട്രീയം സിപിഐ എന്തുകൊണ്ടാണ് മനസിലാക്കാത്തത്- പിണറായി ചോദിച്ചു.

നെടുങ്കണ്ടം ഏരിയ കമ്മിറ്റി സ്വരൂപിച്ച ആറ് ലക്ഷം രൂപയാണ്വൈകിട്ട് നെടുങ്കണ്ടം പടിഞ്ഞാറെ കവലയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ അനീഷിന്റെ അച്ഛന്‍ കല്ലാര്‍ വള്ളാംകടവില്‍ രാജനെയും അമ്മ സബിതയെയും പിണറായി വിജയന്‍ തുക ഏല്‍പ്പിച്ചു. ചടങ്ങിനിടെ സബിത വേദിയില്‍ കുഴഞ്ഞുവീണു. നെടുങ്കണ്ടം ഏരിയ കേന്ദ്രീകരിച്ച് കിഴക്കെ കവലയില്‍നിന്ന് പ്രകടനം നടന്നു. പൊതുസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എ, എം എം മണി, പഎസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, സെക്രട്ടറി ടി പി ബിനീഷ് എന്നിവര്‍ സംസാരിച്ചു.

deshabhimani

1 comment:

  1. കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ് രാജന്‍ കുടുംബസഹായനിധി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൈമാറി.

    ReplyDelete