Tuesday, August 14, 2012

തേറമ്പില്‍ കുറ്റക്കാരന്‍; കേസെടുക്കാന്‍ വിജിലന്‍സ് ഉത്തരവ്


കുട്ടികളുടെ ലൈബ്രറി ഭൂമി സ്വകാര്യവ്യക്തിക്ക് വിറ്റതിന് കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എക്കെതിരെ കേസെടുത്ത്് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തേറമ്പില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

അയ്യന്തോളില്‍ ചാച്ചാനെഹ്റു ചില്‍ഡ്രന്‍സ് ലൈബ്രറി കെട്ടിടവും ലക്ഷങ്ങള്‍ വിലമതിക്കുന്ന പതിമൂന്നര സെന്റ് സ്ഥലവും 1991ലാണ് തുച്ഛവിലയ്ക്ക് വിറ്റത്. പൂങ്കുന്നം ഗ്രീന്‍ ഗാര്‍ഡന്‍ പുത്തന്‍വീട്ടില്‍ രമേഷ്് നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജി വി ഭാസ്കരന്റെ ഉത്തരവ്. കേസില്‍ 2011 ആഗസ്തില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, തേറമ്പില്‍ കുറ്റക്കാരനല്ലെന്ന് കഴിഞ്ഞ മാര്‍ച്ച് 26ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഇതിനെതിരെ രമേഷ് നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

1976ലാണ് ലൈബ്രറി സ്ഥാപിച്ചത്. പിന്നീട് പ്രവര്‍ത്തനരഹിതമായി. ലൈബ്രറി പ്രസിഡന്റെന്ന നിലയിലാണ് തേറമ്പില്‍ ഭൂമി വിറ്റത്. ലൈബ്രറി കമ്മിറ്റിയോ പൊതുയോഗമോ വിളിക്കാതെ തന്നിഷ്ടപ്രകാരം തൃക്കുമാരകുടം സ്വദേശി രാധാകൃഷ്ണന്റെയും ഭാര്യ രമണിയുടെയും പേരില്‍ സ്ഥലം തീറെഴുതുകയായിരുന്നു. കേരള പബ്ലിക് ലൈബ്രറി ആക്ട് അനുസരിച്ച് ലൈബ്രറി കൗണ്‍സിലിന്റെ ഗ്രാന്റ് സ്വീകരിക്കുന്ന ഗ്രന്ഥശാലകളുടെ ആസ്തിയുടെ ഉടമസ്ഥാവകാശം ലൈബ്രറി കൗണ്‍സിലിനാണ്. പുനരുദ്ധാരണം അസാധ്യമായാല്‍ ഏറ്റവുമൊടുവിലത്തെ അധികാരി ആസ്തികള്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിനെ ഏല്‍പ്പിക്കണം. ലൈബ്രറിയുടെ ഒടുവിലത്തെ പ്രസിഡന്റായിരുന്ന തേറമ്പില്‍ ചട്ടവിരുദ്ധമായി പതിമൂന്നരസെന്റ് ഭൂമി തീറെഴുതിയത് 1,30,000 രൂപയ്ക്കാണ്. സെന്റിന് ലക്ഷങ്ങള്‍ വിലയുള്ളപ്പോഴാണിത്. തീറ് അവസാനിപ്പിച്ച് ഭൂമി ലൈബ്രറി കൗണ്‍സിലിന് തിരികെ കൊടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

deshabhimani 140812

No comments:

Post a Comment