Monday, August 13, 2012

പൊലീസ് കൊന്നത് ആറംഗ കുടുംബത്തിന്റെ അത്താണിയെ


"സ്റ്റേഷനില്‍ ഹാജരാക്കാന്‍ ചേട്ടനെ കൂട്ടിക്കൊണ്ടുപോയത്കുരുതി കൊടുക്കാനാണെന്ന് കരുതിയില്ല. ജീവച്ഛവമാക്കി ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍പോലും മനുഷ്യത്വം കാണിച്ചില്ല. കൈകാലുകള്‍ വരിഞ്ഞുകെട്ടിയശേഷം പൊലീസ് ജീപ്പിലേക്ക് എടുത്തിടുകയായിരുന്നു"- പൊലീസ് കസ്റ്റഡിയില്‍ മരിച്ച അജിയുടെ പിതൃസഹോദരീപുത്രന്മാരായ രാജേഷിനും സുമേഷിനും വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല. തങ്ങള്‍ കണ്ടുനില്‍ക്കെയാണ് ചേട്ടന്‍ മര്‍ദനമേറ്റ് ലോക്കപ്പില്‍ ബോധംകെട്ട് വീണത്. എന്നിട്ടും ചികിത്സ നല്‍കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ഇരുവരും പറഞ്ഞു.

ആറംഗ നിര്‍ധനകുടുംബമാണ് അജികുമാറിന്റെ മരണത്തോടെ നിരാലംബമായത്. കീച്ചപ്പള്ളി ദേവീവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള റബര്‍പുര നോക്കിനടത്തുന്നതില്‍നിന്നു ലഭിക്കുന്ന 2000 രൂപകൊണ്ടാണ് അജികുമാര്‍ കുടുംബം പോറ്റിയിരുന്നത്. എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള ദേവീക്ഷേത്രത്തിലെ പാരമ്പര്യ കഴകക്കാരാണ് അജികുമാറിന്റെ കുടുംബം. പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് അജികുമാര്‍ കുടുംബഭാരം ഏറ്റെടുത്തത്. "അമ്പലം അജി" എന്നാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. സഹോദരി അനിയുടെ ഭര്‍ത്താവ് മരിച്ചതോടെ ആ കുടുംബത്തിന്റെ ഉത്തരവാദിത്തവും അജി ഏറ്റെടുത്തു. റബര്‍പുര കത്തിനശിച്ച കേസില്‍ അകപ്പെട്ട അജി ബന്ധുക്കളെയും കൂട്ടിയാണ് സ്റ്റേഷനിലെത്തിയത്. അവരുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ചതോടെ അജി മാനസികമായും തളര്‍ന്നു. പൊലീസ് മര്‍ദനത്തില്‍ ഗത്യന്തരമില്ലാതെ കുറ്റമേല്‍ക്കുകയായിരുന്നു.
(എം വി പ്രദീപ്)

deshabhimani 130812

No comments:

Post a Comment