Saturday, August 18, 2012
മിനിമംകൂലി തടയാന്‍ നേഴ്സുമാര്‍ക്ക് നിയമവിരുദ്ധ തസ്തികകള്‍
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ബഹുഭൂരിപക്ഷം നേഴ്സുമാരും പണിയെടുക്കുന്നത് മിനിമം കൂലി ബാധകമല്ലാത്ത തസ്തികകളില്‍. മാനേജ്മെന്റുകള്‍ നിയമവിരുദ്ധമായി സൃഷ്ടിക്കുന്ന തസ്തികകളില്‍ (ട്രെയ്നികള്‍, ബോണ്ട് നല്കിയവര്, ഒബ്സര്‍വര്‍മാര്‍, ഫ്രീ സര്‍വീസുകാര്‍ തുടങ്ങിയവ) തുഛ വേതനത്തിനാണ് ഇവര്‍ പണിയെടുക്കുന്നത്. മിക്ക ആശുപത്രികളിലും വളരെ കുറച്ചുപേര്‍ക്കുമാത്രമേ സ്ഥിര നിയമനം നല്കിയിട്ടുള്ളു. ഇവര്‍ക്ക് മിനിമം വേതനം നല്‍കിയശേഷം സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കിയെന്ന അവകാശവാദമുന്നയിക്കുകയാണ് ആശുപത്രി മാനേജ്മെന്റുകള്‍. സര്‍ക്കാരാകട്ടെ ബഹുഭൂരിപക്ഷത്തിനും മിനിമം വേതനം കിട്ടുന്നില്ലെന്നറിഞ്ഞിട്ടും മാനേജ്മെന്റുകളുടെ അവകാശവാദം ആവര്‍ത്തിക്കുകയാണ്. ജൂലൈ 31നുള്ളില്‍ സംസ്ഥാനത്തെ അറുനൂറോളം സ്വകാര്യ ആശുപത്രികളില്‍ മിനിമം വേതനം നടപ്പാക്കിയെന്ന തൊഴില്‍ വകുപ്പിന്റെ അവകാശവാദം ഇതോടെ പൊളിയുന്നു. നേഴ്സുമാരുടെയും ജീവനക്കാരുടെയും ഈ ദുരവസ്ഥയെയാണ് 115 ദിവസം നീണ്ട സമരത്തിലൂടെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ നേഴ്സുമാര്‍ ചോദ്യംചെയ്തത്. മാനേജ്മെന്റിന്റെ നിയമവിരുദ്ധനടപടിയെ പരോക്ഷമായി അംഗീകരിക്കുന്നതിലൂടെ ട്രെയ്നിങ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുന്ന നേഴ്സുമാരെ വര്‍ഷങ്ങളോളം ട്രെയ്നികളായും ബോണ്ട് അടിസ്ഥാനത്തിലും ജോലിയെടുപ്പിക്കുന്നതിന് ഒത്താശ ചെയ്യുകയാണ് സര്‍ക്കാരും തൊഴില്‍വകുപ്പും.
സംസ്ഥാനത്താകെ തൊഴില്‍വകുപ്പ് പരിശോധന നടത്തിയ 1125 സ്വകാര്യ ആശുപത്രികളില്‍ 618ല്‍ മിനിമം വേതനം നടപ്പാക്കിയെന്നാണ് ജൂലൈ അവസാനവാരത്തിലെ കണക്ക്. ബാക്കിയുള്ള 507 ആശുപത്രികള്‍ക്ക് മിനിമം വേതനം നടപ്പാക്കാനാവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഇതില്‍ 68 ആശുപത്രികള്‍ക്കെതിരെ ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ മുമ്പാകെ ക്ലെയിം ഫയല്‍ ചെയ്തതായും തൊഴില്‍വകുപ്പ് അവകാശപ്പെടുന്നു. തൊഴില്‍വകുപ്പ് പ്രസിദ്ധീകരിച്ച കണക്കുപ്രകാരംതന്നെ ഈ ആശുപത്രികളില്‍ നേഴ്സുമാര്‍ ഉള്‍പ്പെടെ ആകെയുള്ള 65,462 ജീവനക്കാരില്‍ 32,487 പേര്‍ക്ക് മിനിമം വേതനം കിട്ടുന്നില്ല. 14,925 പേര് രജിസ്റ്ററില്‍ പേരില്ലാത്തവരാണ്. ഈ രണ്ടു വിഭാഗത്തിലും ബഹുഭൂരിപക്ഷവും ആശുപത്രികളില്‍ എണ്ണത്തില്‍ കൂടുതലുള്ള നേഴ്സുമാര്തന്നെയാണ്.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ഫാര്‍മസികള്‍, സ്കാനിങ് സെന്ററുകള്‍, എക്സ്റേ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം നല്‍കാനുള്ള ഉത്തരവ് 2009 ജൂണ്‍ ഒന്നുമുതലാണ് പ്രാബല്യത്തിലായത്. വൈകിയാണെങ്കിലും ഇതനുസരിച്ച് വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ മിനിമം വേതനം നടപ്പാക്കി. ഓഫീസ് ജീവനക്കാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കുമാണ് ആദ്യം ആനുകൂല്യം നല്‍കിയത്. വ്യാപക സമരം ഉയര്‍ന്നപ്പോള്‍ ചെറിയൊരു വിഭാഗം നേഴ്സുമാരെമാത്രം ആനുകൂല്യത്തില്പ്പെടുത്തി. നേഴ്സുമാരെ വ്യാപകമായി ഒഴിവാക്കിയ ആശുപത്രികളില്‍ പ്രമുഖ നഗരങ്ങളിലെ വമ്പന്‍ സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടുന്നു. മിനിമം വേതനം പേരിനുപോലും നടപ്പാക്കാത്ത ആശുപത്രികള്‍ക്കെതിരെയാണ് ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ ക്ലെയിം ഫയല്‍ ചെയ്തിട്ടുള്ളതും കാരണംകാണിക്കല്‍ നോട്ടീസ് നല്കിയിരിക്കുന്നതും. മിനിമം വേതനം നടപ്പാക്കിയെന്നവകാശപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ പരാതി കേട്ടിട്ടില്ല. ആശുപത്രികള്‍ നല്കിയ കണക്കുകള്‍ അംഗീകരിക്കുകമാത്രമാണ് ചെയ്തത്. നേഴ്സുമാരെ ചൂഷണംചെയ്യുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും തൊഴില്‍ കമീഷണറേറ്റ് പ്രസിദ്ധപ്പെടുത്തിയ കണക്കുകളില്‍ മിനിമം വേതനത്തിന് അര്‍ഹരായ നേഴ്സുമാരുടെ എണ്ണം പ്രത്യേകം രേഖപ്പെടുത്തിയിട്ടുമില്ല. അര്‍ഹരായ മൊത്തം ജീവനക്കാരുടെ എണ്ണംമാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
(എം എസ് അശോകന്)
deshabhimani 180812
Labels:
ആരോഗ്യരംഗം,
പോരാട്ടം
Subscribe to:
Post Comments (Atom)
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ബഹുഭൂരിപക്ഷം നേഴ്സുമാരും പണിയെടുക്കുന്നത് മിനിമം കൂലി ബാധകമല്ലാത്ത തസ്തികകളില്‍. മാനേജ്മെന്റുകള്‍ നിയമവിരുദ്ധമായി സൃഷ്ടിക്കുന്ന തസ്തികകളില്‍ (ട്രെയ്നികള്‍, ബോണ്ട് നല്കിയവര്, ഒബ്സര്‍വര്‍മാര്‍, ഫ്രീ സര്‍വീസുകാര്‍ തുടങ്ങിയവ) തുഛ വേതനത്തിനാണ് ഇവര്‍ പണിയെടുക്കുന്നത്. മിക്ക ആശുപത്രികളിലും വളരെ കുറച്ചുപേര്‍ക്കുമാത്രമേ സ്ഥിര നിയമനം നല്കിയിട്ടുള്ളു. ഇവര്‍ക്ക് മിനിമം വേതനം നല്‍കിയശേഷം സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കിയെന്ന അവകാശവാദമുന്നയിക്കുകയാണ് ആശുപത്രി മാനേജ്മെന്റുകള്‍. സര്‍ക്കാരാകട്ടെ ബഹുഭൂരിപക്ഷത്തിനും മിനിമം വേതനം കിട്ടുന്നില്ലെന്നറിഞ്ഞിട്ടും മാനേജ്മെന്റുകളുടെ അവകാശവാദം ആവര്‍ത്തിക്കുകയാണ്.
ReplyDelete