Friday, November 9, 2012

1117 ഇന്‍സിനറേറ്റര്‍ വാങ്ങുന്നു; " ഇന്‍ " ആവുക കോടികള്‍

തിരു: മാലിന്യസംസ്കരണ പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിക്ക് സര്‍ക്കാര്‍ കളമൊരുക്കുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ മാലിന്യസംസ്കരണത്തിനായുള്ള ഇന്‍സിനറേറ്റര്‍ വാങ്ങുന്നതിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഗുജറാത്തില്‍നിന്നാണ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും ഇന്‍സിനറേറ്റര്‍ വാങ്ങുന്നത്. നാലുവര്‍ഷംകൊണ്ട് 1117 എണ്ണം വാങ്ങാനാണ് ധാരണ. ആദ്യ ഇന്‍സിനറേറ്റര്‍ തിരുവനന്തപുരം നഗരസഭയില്‍ എത്തിച്ചുകഴിഞ്ഞു. പദ്ധതി നടപ്പാക്കാന്‍ നേരത്തെ ശുചിത്വമിഷനെയാണ് ചുമതലപ്പെടുത്തിയത്.

ശുചിത്വമിഷന്‍ ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നു. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയെങ്കിലും ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്ന് റദ്ദാക്കി. പിന്നീട് ശുചിത്വമിഷനെ ഒഴിവാക്കി സിഡ്കോയെ ഏല്‍പ്പിക്കുകയായിരുന്നു. ചെറുകിടവ്യവസായ വികസനത്തിനായി പ്രവര്‍ത്തിക്കേണ്ട സിഡ്കോയെ മാലിന്യസംസ്കരണപദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി ഉള്‍ക്കൊള്ളിച്ചത് ദുരൂഹമാണ്. ടെന്‍ഡര്‍ വിളിക്കാതെയും സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ അട്ടിമറിച്ചുമാണ് സിഡ്കോയെ ഇതില്‍ പങ്കാളിയാക്കിയത്. 2.19 കോടി വിലവരുന്ന ഇന്‍സിനറേറ്ററാണ് വാങ്ങുന്നത്.

നേരത്തെ, രണ്ടു കോടി രൂപ നിരക്കില്‍ ഉപകരണം ഇറക്കിത്തരാമെന്ന് ടെന്‍ഡര്‍ നല്‍കിയ സ്ഥാപനത്തെ ഒഴിവാക്കിയത് അഴിമതി ലക്ഷ്യമാക്കിയാണെന്ന് വ്യക്തം. സംസ്ഥാന സര്‍ക്കാരിനായി ഉപകരണം വാങ്ങുമ്പോള്‍ ടെന്‍ഡറും സ്റ്റോര്‍ പര്‍ച്ചേസ് മാന്വലും അനുസരിച്ചായിരിക്കണമെന്നാണ് വ്യവസ്ഥ. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം പല ഇടപാടിലും ഇത് അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. മാലിന്യസംസ്കരണം നീറിനില്‍ക്കുന്ന വിഷയമായതിനാല്‍ ഇതിനെതിരെ ആരും രംഗത്തുവരില്ലെന്നതും നേരിട്ടുള്ള വാങ്ങല്‍ ത്വരിതപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് തുണയായി. ശുചിത്വമിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ഇന്‍സിനറേറ്റര്‍ വാങ്ങിയതെന്നും ഇത്തരം ഉപകരണം കൂട്ടത്തോടെ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സിഡ്കോ എംഡി സജി ബഷീര്‍ പറയുന്നു.


****


മനോജ് വാസുദേവ്, കടപ്പാട് :ദേശാഭിമാനി
 

No comments:

Post a Comment