Friday, November 9, 2012

കോവളം കൊട്ടാരവും ഭൂമിയും സര്‍ക്കാരിന്റേത്

തിരു: കോവളം കൊട്ടാരവും അനുബന്ധഭൂമിയും സര്‍ക്കാരിന്റേതാണെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇതേപ്പറ്റി ചില മാധ്യമങ്ങള്‍ ഭാവനാസൃഷ്ടി നടത്തുകയാണ്. ഈ വിഷയത്തില്‍ സര്‍വകക്ഷിയോഗത്തിനായി സര്‍ക്കാരില്‍നിന്ന് കത്ത് ലഭിച്ചു. ആ യോഗത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍പോകുന്ന നിലപാടിനെപ്പറ്റി മുന്‍കൂട്ടിയുള്ള നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. പ്രശ്നപരിഹാരത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമോ അഭിപ്രായമോ വന്നാല്‍ അപ്പോള്‍ ആലോചിച്ച് നിലപാടെടുക്കും. ഹോട്ടല്‍ ഗ്രൂപ്പിന് പാട്ടത്തിന് ഭൂമി കൊടുക്കാനുള്ള നിര്‍ദേശമൊന്നും ഞങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ വച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതുമായി പാര്‍ടിയെ ബന്ധപ്പെടുത്തി വരുന്ന മാധ്യമവാര്‍ത്തകള്‍, ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെയാണ്. 
 
എല്‍ഡിഎഫ് കാലത്തെ തീരുമാനം നടപ്പാക്കുന്നതിനുള്ള ശ്രമമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായമെന്ന് ഒരു ലേഖകന്‍ പറഞ്ഞപ്പോള്‍ സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പറയട്ടെ, പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ അതിനും മറുപടി നല്‍കാമെന്നായിരുന്നു മറുപടി. എല്‍ഡിഎഫ് കാലത്ത് ഹൈക്കോടതി വിധി സര്‍ക്കാരിന് എതിരായി വന്നപ്പോള്‍ ഇതിനെതിരെ അപ്പീല്‍ നല്‍കിയിരുന്നു. അതിനിടെ പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ തലത്തില്‍ മൂന്ന് സര്‍ക്കാര്‍ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് വന്നു. അതില്‍ നാല് നിര്‍ദേശങ്ങളുണ്ടായിരുന്നു. അതില്‍ കൊള്ളാവുന്നതും തള്ളാവുന്നതും ഉണ്ടായിരുന്നു. അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വരട്ടെയെന്ന നിലപാട് എല്‍ഡിഎഫ് സ്വീകരിച്ചു. 
 
കൊട്ടാരം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ ഹോട്ടലുടമ തയ്യാറായി കേസ് പിന്‍വലിച്ചാല്‍ കൊട്ടാരവുമായി ബന്ധപ്പെട്ട ഭൂമിയില്‍ ഒരു ഭാഗം ഹോട്ടലുകാര്‍ക്ക് പാട്ടത്തിന് നല്‍കാമെന്ന നിര്‍ദേശം അടങ്ങുന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വന്നിട്ടുണ്ടെന്നും ഇതേപ്പറ്റി ആലോചിക്കാനാണ് സര്‍വകക്ഷിയോഗമെന്നും ഒരു ലേഖകന്‍ അഭിപ്രായപ്പെട്ടപ്പോള്‍, കൊട്ടാരവും അനുബന്ധ ഭൂമിയും സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് ഉറപ്പാക്കുന്ന തീരുമാനങ്ങളോടൊപ്പമേ സിപിഐ എം ഉണ്ടാകൂവെന്ന് പിണറായി മറുപടി നല്‍കി. എവിടെയെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ അത് തീര്‍ക്കാന്‍ പാടില്ലെന്ന നിലപാട് ഞങ്ങള്‍ക്കില്ല. സര്‍ക്കാരിന്റെ ഭൂമി കേരളത്തില്‍ എവിടെയും ആര്‍ക്കും അല്‍പ്പംപോലും പാട്ടത്തിന് കൊടുത്തിട്ടില്ലെന്ന സ്ഥിതിയല്ലല്ലോ. സര്‍ക്കാര്‍ഭൂമി ഒരുപാട് സ്ഥലത്ത് പാട്ടത്തിന് കൊടുത്തിട്ടുണ്ട്. പലേടങ്ങളിലും ഭൂമി നന്നായി സംരക്ഷിക്കുകയും മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കോവളത്തെ വിഷയത്തില്‍ സര്‍ക്കാര്‍നിര്‍ദേശം ഞങ്ങളുടെ മുന്നില്‍ വരാത്തതിനാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. ഇതില്‍ എല്‍ഡിഎഫ് എന്ന നിലയില്‍ കൂടിയാലോചനയോ തീരുമാനമോ എടുത്തിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment