Friday, November 9, 2012

എപിഎല്ലുകാര്‍ പുറത്താകും പൊതുവിതരണം തകരും

തിരു/മലപ്പുറം/കൊച്ചി: എപിഎല്ലുകാരുടെ റേഷന്‍ സബ്സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നത് പൊതുവിതരണ സമ്പ്രദായം ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗം. എപിഎല്‍ കാര്‍ഡുടമകളെ പൊതു വിതരണസമ്പ്രദായത്തില്‍നിന്ന് പുറന്തള്ളുന്നതിന്റെ ആദ്യപടിയാണിത്. സംസ്ഥാനത്തെ അരിവില വന്‍ തോതില്‍ കുതിക്കാനും ഇത് ഇടയാക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി തകര്‍ക്കുന്നത് രാഷ്ട്രീയപ്രേരിതമായാണെന്നും ആരോപണമുണ്ട്. റേഷന്‍ സബ്സഡി ബാങ്ക് വഴിയാക്കാന്‍ ബുധനാഴ്ച മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. എപിഎല്ലുകാര്‍ക്ക് രണ്ടു രൂപ നിരക്കില്‍ പ്രതിമാസം ഒമ്പതു കിലോ അരിയാണ് നല്‍കുന്നത്. പുതിയ തീരുമാനം നടപ്പാകുമ്പോള്‍ അരിയുടെ യഥാര്‍ഥ വിലയായ 8.90 രൂപ കാര്‍ഡുടമ നല്‍കണം. സബ്സിഡി തുക പിന്നീട് ബാങ്ക് വഴി ലഭിക്കും. എന്നാല്‍, സബ്സിഡി തുക എത്രനാള്‍ക്കകം നല്‍കുമെന്ന് വ്യക്തമാക്കാത്തത് ആശങ്കയുയര്‍ത്തുന്നു. സബ്സിഡിക്കായി രേഖകളുമായി ജനം ബാങ്കുകളും റേഷന്‍കടകളും കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടാക്കും. 
 
സംസ്ഥാനത്ത് രണ്ടു രൂപ അരിവാങ്ങുന്ന 45 ലക്ഷം എപിഎല്‍ കുടുംബങ്ങളുണ്ട്. ഇവര്‍ അരി വാങ്ങിയില്ലെങ്കില്‍ റേഷന്‍കടകളുടെ വരുമാനവും ഇടിയും. അതോടെ റേഷന്‍കടകള്‍ കൂടുതല്‍ പ്രതിസന്ധയിലാകും. ഇത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അവസ്ഥയിലേക്ക് റേഷന്‍കടകളെ എത്തിക്കും. 
 
2007ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കാര്‍ഡുടമകളില്‍ രണ്ടു ശതമാനംമാത്രമാണ് റേഷന്‍കടകളെ ആശ്രയിച്ചിരുന്നത്. എല്‍ഡിഎഫ് ഭരണം അവസാനിക്കുമ്പോള്‍ അത് 65 ശതമാനത്തിലെത്തിയിരുന്നു. പുതിയ തീരുമാനം നടപ്പായാല്‍ നിലവില്‍ റേഷന്‍കടകളെ ആശ്രയിക്കുന്നവര്‍കൂടി പിന്തിരിയും. സബ്സിഡി ഇനത്തിലുള്ള തുക കാര്‍ഡ് ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ കൃത്യസമയത്ത് എത്താനും ഇടയില്ല. 
 
റേഷന്‍കടക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള പണം മാസങ്ങളായി കുടിശ്ശികയാണ്. നിലവില്‍ റേഷന്‍കടക്കാര്‍ക്ക് വിവിധ കമീഷന്‍ ഇനത്തില്‍ സര്‍ക്കാര്‍ അഞ്ചുകോടിയോളം രൂപ നല്‍കാനുണ്ട്. സംഘടിതശേഷിയുള്ള റേഷന്‍കടക്കാരോടുള്ള സമീപനം ഇതാണെങ്കില്‍ കാര്‍ഡുടമകളോട് സര്‍ക്കാര്‍ എന്തു നിലപാടായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 
 
റേഷനരിയുടെ വെട്ടിപ്പ് തടഞ്ഞ്, കാര്‍ഡുടമയ്ക്കുതന്നെ ലഭിക്കുന്നുമെന്ന് ഉറപ്പാക്കാനാണ് പരിഷ്കാരമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കരിഞ്ചന്തയുടെ പേരില്‍ പദ്ധതിയെത്തന്നെ ഇല്ലാതാക്കാനാണ് ശ്രമം. എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച പരിശോധനാ സംവിധാനങ്ങളെല്ലാം അട്ടിമറിച്ചതാണ് കരിഞ്ചന്തയ്ക്ക് ഇടയാക്കുന്നത്. ജനപ്രതിനിധകളടക്കം ഉള്‍പ്പെട്ട പഞ്ചായത്തു തലംവരെ നീളുന്ന പരിശോനാസമിതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. അവയൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. 
 
ബിപിഎല്‍കാര്‍ക്കുള്ള റേഷന്‍ ആര്‍എസ്ബിവൈ സ്മാര്‍ട്ട് കാര്‍ഡുവഴി ആക്കാനുള്ള നീക്കവും ജനത്തെ വലയ്ക്കും. സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഉപയോഗിക്കാന്‍ റേഷന്‍കടകളില്‍ പ്രത്യേക യന്ത്രസംവിധാനം വേണം. ഇതനുസരിച്ച് റേഷന്‍കാര്‍ഡില്‍ പേരുള്ളവര്‍ക്കു മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കൂ. വൃദ്ധരും രോഗബാധിതരുമായ കാര്‍ഡ് ഉടമകളെ തീരുമാനം പ്രതികൂലമായി ബാധിക്കും. തുടക്കത്തില്‍ എപിഎല്ലുകാരെയാണ് ലക്ഷ്യമിടുന്നതെങ്കിലും പിന്നീട് ബിപിഎല്ലുകാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ നീക്കമെന്ന് ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. 
 
ഇന്ത്യയില്‍ എവിടെയും നടപ്പാക്കാന്‍ കഴിയാത്ത അപ്രായോഗികമായ പദ്ധതിയാണ് കേരളത്തില്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് സി ദിവാകരന്‍ എംഎല്‍എ പറഞ്ഞു. ആഘോഷവേളയില്‍പ്പോലും റേഷന്‍കടക്കാര്‍ക്ക് മതിയായ അരി നല്‍കാതെ ജനങ്ങളെ സ്വകാര്യലോബിയുടെ ചൂഷണത്തിന് ഇരയാക്കിയ സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പാണ് ബാങ്കുവഴിയുള്ള സബ്സിഡിയെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.

No comments:

Post a Comment