Wednesday, November 7, 2012

ആര്‍എസ്എസ് ഇടപെട്ടു; ഗഡ്കരി തുടരും

അഴിമതി ആരോപണത്തില്‍ കുരുങ്ങിയ നിതിന്‍ ഗഡ്കരിക്ക് ബിജെപി കോര്‍കമ്മിറ്റി യോഗത്തിന്റെ പിന്തുണ. ആര്‍എസ്എസ് നിര്‍ദേശമനുസരിച്ചാണ് ഗഡ്കരിക്ക് പിന്തുണ തുടരാന്‍ തീരുമാനിച്ചത്. അഴിമതി ആരോപണവിധേയനായ ഗഡ്കരിക്ക് കാലാവധി നീട്ടിനല്‍കാനുള്ള ആര്‍എസ്എസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍നിന്ന് എല്‍ കെ അദ്വാനി വിട്ടുനിന്നു. ഗഡ്കരിയും പങ്കെടുത്തില്ല.

വിഷയത്തില്‍ സ്വതന്ത്രമായ ചര്‍ച്ച നടക്കാനാണ് ഗഡ്കരി വിട്ടുനിന്നതെന്ന് കമ്മിറ്റിക്കുശേഷം ബിജെപി വക്താവ് രവിശങ്കര്‍പ്രസാദ് അവകാശപ്പെട്ടു. നിതിന്‍ ഗഡ്കരിയുടെമേലുള്ള അഴിമതി ആരോപണം ബിജെപിയെ അസാധാരണമായ പ്രതിസന്ധിയില്‍ തള്ളിയിട്ട സാഹചര്യത്തിലായിരുന്നു കോര്‍കമ്മിറ്റി യോഗം. എന്താണ് യോഗത്തില്‍ സ്വീകരിക്കേണ്ട തീരുമാനമെന്ന് മുന്‍കൂട്ടിത്തന്നെ ആര്‍എസ്എസ് താത്വികന്‍ എസ് ഗുരുമൂര്‍ത്തി ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തിന് മുമ്പ് അദ്വാനിയുമായും ഗുരുമൂര്‍ത്തി ചര്‍ച്ച നടത്തി. തീരുമാനം അംഗീകരിക്കാന്‍ അദ്വാനി തയ്യാറായില്ല. ഗഡ്കരിക്കെതിരെ സംഘടനാതലത്തില്‍ നടക്കുന്ന അന്വേഷണംപോലും പൂര്‍ത്തിയാകാത്ത സ്ഥിതിക്ക് ഇത്തരമൊരു തീരുമാനം ശരിയല്ലെന്ന് അദ്വാനി വ്യക്തമാക്കി. യോഗത്തില്‍നിന്ന് വിട്ടുനിന്ന് ആര്‍എസ്എസ് നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചു. ഗഡ്കരിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് പൂര്‍ണവിശ്വാസമുണ്ടെന്ന് രവിങ്കര്‍പ്രസാദ് പറഞ്ഞു. ഗഡ്കരി തെറ്റുചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി മറയാക്കി തങ്ങളുടെ പ്രതിനിധിയായ ഗഡ്കരിയെ തള്ളാന്‍ ഒരു വിഭാഗം നേതാക്കള്‍ നടത്തിയ നീക്കത്തിന് തടയിടുകയാണ് ആര്‍എസ്എസ് ചെയ്തത്. കഴിഞ്ഞ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും ഗഡ്കരിക്ക് പിന്തുണ നല്‍കണമെന്ന് ആര്‍എസ്എസ് ബിജെപിനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ബിജെപിയില്‍ ഏതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ടുകഴിഞ്ഞ ഗഡ്കരിക്ക് ആര്‍എസ്എസ് പിന്തുണയുടെ ബലത്തില്‍മാത്രം അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ല. അതിനിടെ, ഗഡ്കരിയെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാന്‍ ഒരു വിഭാഗം നടത്തുന്ന കലാപം തുടരുകയാണ്്.

ഗഡ്കരിക്കുകീഴില്‍ തുടരാനാകില്ലെന്ന് കാണിച്ച് കഴിഞ്ഞദിവസം ജത്മലാനിയുടെ മകന്‍കൂടിയായ മഹേഷ് ജത്മലാനി ബിജെപി ദേശീയ നിര്‍വാഹകസമിതിയില്‍നിന്ന് രാജിവച്ചിരുന്നു. ഇതിനുപിന്നാലെ രാംജത്മലാനിയും ഗഡ്കരി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മുതിര്‍ന്ന ബിജെപി നേതാക്കളായ യശ്വന്ത്സിന്‍ഹയും ജസ്വന്ത്സിങ്ങും തന്റെ നിലപാട് പങ്കുവയ്ക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. യശ്വന്ത്സിന്‍ഹ, ജസ്വന്ത്സിങ്, ശത്രുഘ്നന്‍ സിന്‍ഹ എന്നിവരുമായി ബന്ധപ്പെടുന്നുണ്ട്. അവര്‍ക്കും തനിക്കും ഒരേഅഭിപ്രായമാണ്. ഗഡ്കരിയുടെ രാജി ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ കെ അദ്വാനിക്ക് കത്ത് നല്‍കിയിരുന്നു. ഗഡ്കരി പാര്‍ടിക്കും രാജ്യത്തിനും കനത്ത അപകടം വരുത്തിവച്ചതായുള്ള അഭിപ്രായം ജത്മലാനി കത്തില്‍ തുറന്നടിച്ചു.

No comments:

Post a Comment