Thursday, November 8, 2012

പൊതുവിതരണത്തില്‍ വന്‍ പാളിച്ച: മുഖ്യമന്ത്രി

സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായത്തില്‍ വന്‍ പാളിച്ച പറ്റിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മതിച്ചു. ജനങ്ങള്‍ക്കാവശ്യമായ അരി എത്തിക്കുന്നുണ്ടെങ്കിലും പൊതുവിപണിയില്‍ അരിവില കുത്തനെ കുതിച്ചുയരുകയാണ്. സാധാരണ ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ജനങ്ങള്‍ക്ക് കിട്ടുന്നില്ല. പൊതുവിപണിയില്‍ സര്‍ക്കാര്‍ സജീവമായി ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിച്ച് അരിയാക്കി പൊതുവിതരണശൃംഖലവഴി വിതരണംചെയ്യും. സ്കൂളുകളില്‍ ഉച്ചഭക്ഷണപദ്ധതിക്ക് 62,000 ടണ്‍ അരി വേണം. ബാക്കി വരുന്ന അരി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍വഴി വിതരണംചെയ്യും. അരിവിതരണത്തിലെ ദുരുപയോഗം തടയാന്‍ ആര്‍എസ്ബിവൈ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കും. 
 
എപിഎല്‍കാര്‍ക്കുള്ള സബ്സിഡി അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ കൊടുക്കും. സംസ്ഥാനത്ത് കൊപ്രസംഭരണവും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊപ്ര സംഭരണത്തിനായി സര്‍ക്കാര്‍ ഇത്തവണ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. ക്വിന്റലിന് 500 രൂപ സൊസൈറ്റികള്‍ക്ക് സബ്സിഡി നല്‍കും. ഇതിനകം 14,000 ടണ്‍ കൊപ്ര സംഭരിച്ചു. തേങ്ങ സംഭരണത്തിനും സംസ്കരണത്തിനുമായി കൃഷിവകുപ്പ് മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിച്ചു. ഇതിനായി 21 കോടി അനുവദിച്ചു. 14 കൃഷിഫാമുകള്‍ അടക്കം 20 കേന്ദ്രംവഴിയും നാളികേരം സംഭരിക്കും. കുട്ടനാട് പാക്കേജ് സംബന്ധിച്ച ചര്‍ച്ച മാറ്റിവച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

No comments:

Post a Comment