Thursday, November 8, 2012

സര്‍വകലാശാലയുടേത് അറിവിന്റെ രാഷ്ട്രീയം: ഡോ. രാജന്‍ ഗുരുക്കള്‍

സര്‍വകലാശാലയുടെ രാഷ്ട്രീയം അറിവിന്റെ രാഷ്ട്രീയമാണെന്നും മുന്നോട്ടുള്ള പ്രയാണത്തിന് നിതാന്ത ജാഗ്രത ആവശ്യമാണെന്നും എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല കാലോചിതമായ പ്രതികരണശേഷിയോടെ കടന്നുപോകുകയാണ്. അതില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഭരണരംഗത്ത് ഇടപെടല്‍ തന്നെയാണ് നടത്തിയത്. കഴിവുള്ള എല്ലാ സര്‍വകലാശാലാ പ്രവര്‍ത്തകരും കൂടെനിന്നു. പ്രോ വിസി എന്നത് വിസിക്കെതിര് എന്ന രീതിയിലാണ് കീഴ്വഴക്കം. എന്നാല്‍ രാജന്‍ വറുഗീസ് യഥാര്‍ഥ പ്രോ വിസി തന്നെയായിരുന്നു.

സിന്‍ഡിക്കറ്റ് പുനഃസംഘടിപ്പിക്കും വരെ സുഗമമായി നടന്ന പ്രവര്‍ത്തനം ഇതിനുശേഷം അലങ്കോലമായി. സിന്‍ഡിക്കറ്റ് യോഗങ്ങളില്‍ ആക്രോശങ്ങളും ചിലരുടെ നിശബ്ദതയും ഉള്ളുനീറി അനുഭവിച്ചു. ലജ്ജാവഹമായ നിശബ്ദത ജനാധിപത്യത്തെ നശിപ്പിക്കുന്നു. പരിഷ്കാരം എന്നത് പരിമിതികളെ പരിഹരിക്കാനുള്ളതാണ്. അറിവിന്റെ ഉല്‍പ്പാദകരാണ് അധ്യാപകര്‍. എന്നാല്‍ ചിലര്‍ നശീകരണപ്രവര്‍ത്തനത്തില്‍ ഇടപെടുന്നു. ജീവനക്കാരുടെ ഉറച്ച പിന്തുണയാണ് തനിക്ക് ലഭിച്ച ഊര്‍ജ്ജപ്രവാഹമെന്നും അദ്ദേഹം പറഞ്ഞു.

അസംബ്ലിഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. രാജന്‍ വറുഗീസും മറുപടി പ്രസംഗം നടത്തി. അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ അടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സദസ്സിന്റെ നിറസാന്നിധ്യമാണ് ആദ്യാവസാനമുണ്ടായത്. സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ്, കെ സുരേഷ്കുറുപ്പ് എംഎല്‍എ, ഡോ. ബി ഇക്ബാല്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാര്‍, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി ശിവദാസന്‍, പ്രൊഫ. കെ ജയകുമാര്‍, പ്രൊഫ. കെ സദാശിവന്‍ നായര്‍, ഡോ. ആര്‍ ശശികുമാര്‍, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഡോ. രാജന്‍ ഗുരുക്കളും ഡോ. രാജന്‍ വറുഗീസും ചേര്‍ന്ന് രചിച്ച "എന്‍കൗണ്ടേഴ്സ്- എ യൂണിവേഴ്സിറ്റി ഓണ്‍ ട്രയല്‍" എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. ബി ഇക്ബാല്‍ നിര്‍വഹിച്ചു. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് ഏറ്റുവാങ്ങി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ഷെറഫുദ്ദീന്‍ സ്വാഗതവും പ്രസിഡന്റ് പി പത്മകുമാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment