തലശേരി: ടി പി ചന്ദ്രശേഖരന്‍- ഷുക്കൂര്‍ വധക്കേസുകളിലെ സ്പെഷ്യല്‍
പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ ഉള്‍പ്പെടെ 27പേര്‍ പ്രതികളായ
കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് അഴിമതിനിയമനക്കേസിന്റെ വിചാരണ ഉടന്‍
തുടങ്ങും. ഇതിന്റെ ഹിയറിംഗ് 12ന് ആരംഭിക്കും.
കേസില്‍ ശ്രീധരന്‍
രണ്ടാംപ്രതിയാണ്. ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയും ഉത്തരക്കടലാസ്
കൃത്രിമമായുണ്ടാക്കിയും ജില്ലാബാങ്കില്‍ അനര്‍ഹര്‍ക്ക് നിയമനം
നല്‍കിയെന്നാണ് പ്രതികള്‍ക്കെതിരായ കുറ്റം.
കാസര്‍കോട് ജില്ലാ സഹകരണബാങ്കിലെ ക്ലര്‍ക്ക്-കാഷ്യര്‍ തസ്തികയിലേക്ക് 1994
ഒക്ടോബര്‍ പത്തിനാണ്് അപേക്ഷ ക്ഷണിച്ചത്. നൂറുകണക്കിനാളുകള്‍
അപേക്ഷിക്കുകയും പരീക്ഷ എഴുതുകയുംചെയ്തു. 94 ഡിസംബര്‍ 18നായിരുന്നു
എഴുത്തുപരീക്ഷ. സ്വകാര്യ ഏജന്‍സിയെയാണ് പരീക്ഷാ നടത്തിപ്പിന്
ചുമതലപ്പെടുത്തിയത്. റാങ്ക്ലിസ്റ്റ് തയ്യാറാക്കി 95 ജനുവരി 21ന്
ക്ലര്‍ക്ക്-കാഷ്യര്‍ തസ്തികയിലേക്ക് 108 പേര്‍ക്ക് നിയമനം നല്‍കി. 12
പ്യൂണിനെയും നിയമിച്ചു.
ബാങ്ക് വൈസ്പ്രസിഡന്റായിരുന്ന പി കെ രവീന്ദ്രന്‍ 1995 ഫെബ്രുവരി രണ്ടിന്
എസ്പിക്ക് പരാതി നല്‍കിയതോടെയാണ് ജില്ലാ ബാങ്ക് നിയമനത്തിലെ ക്രമക്കേടിന്റെ
ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അഴിമതിപ്പണം
വീതംവയ്ക്കുന്നത് സംബന്ധിച്ച അഭിപ്രായഭിന്നതയെ തുടര്‍ന്നായിരുന്നു പരാതി.
1995 ഫെബ്രുവരി മൂന്നിനാണ് കേസ് രജിസ്റ്റര്‍ചെയ്തത്.
ഓരോ തസ്തികക്കും ലക്ഷങ്ങള്‍ വാങ്ങിയതായി അന്വേഷണത്തില്‍ വെളിപ്പെട്ടു. പണം
നല്‍കിയവര്‍ക്കായി ഹോട്ടലിലും ഗസ്റ്റ്ഹൗസിലും മറ്റുമായി "പരീക്ഷ" നടത്തി
കൃത്രിമമായി ഉത്തരക്കടലാസ് തയ്യാറാക്കി. അഡ്വ. സി കെ ശ്രീധരന്‍
ഉള്‍പ്പെടെയുള്ളവര്‍ സ്വന്തക്കാര്‍ക്കായി രഹസ്യകേന്ദ്രത്തില്‍ പരീക്ഷ
നടത്തി ക്രമവിരുദ്ധമായി നിയമനം നല്‍കിയതായി കുറ്റപത്രത്തിലുണ്ട്.
സഹകരണ നിയമനച്ചട്ടം ലംഘിക്കപ്പെട്ടതായി തെളിഞ്ഞതിനെ തുടര്‍ന്ന് സഹകരണ
രജിസ്ട്രാര്‍ പിന്നീട് നിയമനം റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം അന്ന്
കാസര്‍കോട് എസ്പിയായിരുന്ന വിന്‍സെന്റ് എം പോളിന്റെ
മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
കോഴിക്കോട് വിജിലന്‍സ് കോടതിയില്‍
2006ലാണ് കുറ്റപത്രം നല്‍കിയത്. അഡ്വ. സി കെ ശ്രീധരനുപുറമെ പരാതിക്കാരനായ
പി കെ രവീന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. കേസിലെ 27 പ്രതികളില്‍ നാലുപേര്‍
മരിച്ചു.
തിങ്കളാഴ്ചത്തെ ഹിയറിങ് കഴിഞ്ഞാല്‍ കേസ് ഫ്രെയിംചെയ്തശേഷം വിചാരണയിലേക്ക്
കടക്കും. മുന്‍ ഡിസിസി പ്രസിഡന്റ് പി ഗംഗാധരന്‍നായര്‍, കോണ്‍ഗ്രസ്
നേതാക്കളായ കെ പി കുഞ്ഞിക്കണ്ണന്‍, എന്‍ പി ജോസഫ്, ബാലകൃഷ്ണന്‍
വൊര്‍ക്കട്ലു തുടങ്ങിയവരും പ്രതികളാണ്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായ
ശ്രീധരന്‍ ഉദുമ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ്. കഴിഞ്ഞ നിയമസഭാ
തെരഞ്ഞെടുപ്പില്‍ ഉദുമയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.
***
കടപ്പാട് :ദേശാഭിമാനി 08-11-1 2
No comments:
Post a Comment