മലപ്പുറം: മൊബൈല്‍ കണക്ഷന്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇനി പുതിയ
കടമ്പകള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്)
നിര്‍ദേശത്തെ തുടര്‍ന്നാണ് സേവനദാതാക്കള്‍ വ്യവസ്ഥ കൂടുതല്‍
കര്‍ശനമാക്കിയത്. ഇതോടെ സിംകാര്‍ഡിന് അപേക്ഷിക്കുന്നവര്‍ വ്യക്തിഗതവിവരം
പലവട്ടം അധികൃതരുമായി പങ്കിടേണ്ടിവരും. യഥാര്‍ഥ ഉപഭോക്താവിനാണ് കണക്ഷന്‍
നല്‍കുന്നതെന്ന് ഉറപ്പാക്കിയേ ഇനി മുതല്‍ സിംകാര്‍ഡ് വിതരണം ചെയ്യൂ.
വെള്ളിയാഴ്്ച മുതല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍ വരും.
ഒരുദിവസം സൗജന്യ നിരക്കില്‍ അയക്കാവുന്ന സന്ദേശങ്ങളുടെ എണ്ണം 100 ആയി
ചുരുക്കിയതിന് പിന്നാലെയാണ് ട്രായിയുടെ പുതിയ നിര്‍ദേശം. മറ്റുള്ളവരുടെ
പേരില്‍ വ്യാജ സിംകാര്‍ഡ് സ്വന്തമാക്കി ദുരുപയോഗംനടത്തുന്നത് തടയുകയെന്ന
ലക്ഷ്യത്തോടെയാണ് പുതിയ വ്യവസ്ഥ.
നിലവില്‍ ഏജന്‍സികള്‍ക്കുതന്നെ സിംകാര്‍ഡ് പ്രയോഗക്ഷമമാക്കാന്‍
കഴിയുമായിരുന്നു. വരിക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ സിംകാര്‍ഡ് ഉപയോഗിച്ച്
തുടങ്ങിയശേഷം സേവനദാതാവിന് നല്‍കി ഒത്തുനോക്കുകയാണ് പതിവ്. ഇത്
സിംകാര്‍ഡുകളുടെ ദുരുപയോഗത്തിന് വഴിവയ്ക്കുന്നുവെന്ന് വ്യാപക പരാതി
ഉയര്‍ന്നതിനാലാണ് ട്രായ് പുതിയ വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.
അപേക്ഷാ ഫോമിന് നമ്പര്‍ ഏര്‍പ്പെടുത്തിയെന്നതാണ് സുപ്രധാന മാറ്റം. പത്തക്ക
നമ്പറില്‍ ആദ്യ രണ്ട് അക്ഷരം സംസ്ഥാനത്തെയും മൂന്നാമത്തെ അക്ഷരം ജില്ലയെ
(സര്‍ക്കിള്‍)യും സൂചിപ്പിക്കും. ശേഷിച്ച ഏഴക്കം അപേക്ഷാ ഫോമിന്റെ
നമ്പരാണ്. സിംകാര്‍ഡിനായി ഏജന്‍സികളെ സമീപിക്കുന്നവര്‍
പൂര്‍ണവിലാസമടങ്ങുന്ന ചിത്രസഹിതമുള്ള രേഖ നല്‍കണം. ഫോട്ടോ പതിക്കാത്ത
രേഖകള്‍ കൈമാറുന്നവര്‍ ഫോട്ടോ തിരിച്ചറിയുന്ന രേഖയും ഒപ്പം നല്‍കണം. ഇതിന്
പുറമെ ഏറ്റവും പുതിയ ഫോട്ടോയും നല്‍കണം. അപേക്ഷാ ഫോമില്‍ തിരിച്ചറിയല്‍
രേഖയുടെ നമ്പറടക്കമുള്ള വിശദാംശങ്ങളും ചേര്‍ക്കണം.
ഉപഭോക്താവ് പൂരിപ്പിച്ചുനല്‍കുന്ന അപേക്ഷ ഏജന്‍സികള്‍ പരിശോധിച്ച്
ഉറപ്പുവരുത്തിയ ഓണ്‍ലൈനായി സേവനദാതാവിന് അയച്ചക്കണം. പിന്നീട് പൂരിപ്പിച്ച
ഫോം സേവനദാതാവിന്റെ ഏറ്റവും അടുത്തുള്ള ഓഫീസില്‍ എത്തിക്കണം. മൊബൈല്‍
കമ്പനി ഒരിക്കല്‍ക്കൂടി വിലാസം ഉറപ്പുവരുത്തും. യഥാര്‍ഥ ഉപഭോക്താവാണ്
എന്ന് തിരിച്ചറിഞ്ഞാല്‍ മാത്രം സിംകാര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി
നല്‍കും. കസ്റ്റമര്‍ കെയറില്‍ വിളിച്ച് സിംകാര്‍ഡ്
പ്രവര്‍ത്തനക്ഷമമാക്കാന്‍ പറയണമെന്നുകാട്ടി ഉപഭോക്താവിന് സന്ദേശമയക്കും.
കസ്റ്റമര്‍ കെയറില്‍ വിളിക്കുമ്പോഴും പിന്നീട് ഒരാഴ്ചക്കുള്ളിലും
സേവനദാതാക്കള്‍ വിലാസം ഉറപ്പുവരുത്തണമെന്ന് ട്രായ് നിര്‍ദേശിക്കുന്നു.
സുജിത്ത് ബേബി
No comments:
Post a Comment