Sunday, November 18, 2012

ആന്റണി പിന്നോട്ടില്ല; യുഡിഎഫില്‍ അമര്‍ഷം

കാസര്‍കോട്: യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ വ്യവസായ വികസനത്തിനായി ഒന്നും ചെയ്തില്ലെന്ന തന്റെ വിമര്‍ശത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. തിരുവനന്തപുരത്ത് ബ്രഹ്മോസ് ഉദ്ഘാടനവേദിയില്‍ നടത്തിയ പ്രസംഗം വളരെ ആലോചിച്ച് പറഞ്ഞതാണെന്ന് ശനിയാഴ്ച കാസര്‍കോട് എച്ച്എഎല്‍ സ്ട്രാറ്റജിക് ഇലക്ട്രോണിക്സ് ഫാക്ടറി ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം പ്രസംഗത്തിനെതിരെ യുഡിഎഫിലെ പ്രധാന സഖ്യകക്ഷികളായ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും പരസ്യമായി രംഗത്തിറങ്ങിയിട്ടും നിലപാട് മാറ്റാന്‍ ആന്റണി തയ്യാറായില്ല. യുഡിഎഫില്‍ കുടുതല്‍ കുഴപ്പങ്ങള്‍ക്ക് ഇത് വഴിതുറക്കും. 
 
കേരളത്തിന്റെ വ്യവസായവികസനം മുന്നില്‍കണ്ടാണ് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്. ചിലപ്പോള്‍ ഞാന്‍ മിണ്ടാതിരിക്കും. ചിലപ്പോള്‍ മെല്ലെ പറയും- ആന്റണി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഗ്രാമവികസനമന്ത്രി കെ സി ജോസഫ് എന്നിവരെ വേദിയിലിരുത്തിയായിരുന്നു കാസര്‍കോട്ടും വിമര്‍ശം ആവര്‍ത്തിച്ചത്. തിരുവനന്തപുരം പ്രസംഗത്തിന് വേദിയില്‍ കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് വിമര്‍ശത്തില്‍ ഉറച്ചുനിന്ന് ആന്റണി വിശദീകരണം നല്‍കിയത്. മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നതുപോലുള്ള പ്രശ്നങ്ങള്‍ തന്റെ പ്രസംഗത്തിലില്ലെന്നും വികസനകാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്ന വളരെക്കാലമായുള്ള നിലപാട് ആവര്‍ത്തിക്കുക മാത്രമായിരുന്നുവെന്നും പറഞ്ഞ് സംസ്ഥാനഭരണക്കാരെ തണുപ്പിക്കാനുള്ള ശ്രമവും ആന്റണി നടത്തി. തിരുവനന്തപുരത്ത് പറഞ്ഞ കാര്യങ്ങളിലൊന്നും മാറ്റമില്ലെന്നും തന്റെ സുചിന്തിതമായ അഭിപ്രായമാണ് പറഞ്ഞതെന്നും അത് ശരിയല്ലെങ്കില്‍ തള്ളിക്കളഞ്ഞോളൂവെന്നും ലീഗിന് മറുപടിയും നല്‍കി. എച്ച്എഎല്‍ കാസര്‍കോട്ട് കൊണ്ടുവരാന്‍ ആത്മാര്‍ഥമായി ശ്രമിച്ച എളമരം കരീമിനോട് നന്ദിയുണ്ട്. ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത് കിന്‍ഫ്ര പാര്‍ക്ക് കൊണ്ടുവന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന്. അദ്ദേഹത്തിനും നന്ദിയുണ്ട്. നന്ദി പറയുന്നതില്‍ രാഷ്ട്രീയം നോക്കാറില്ലെന്നും പറഞ്ഞു. എളമരം കരീമാണ് എച്ച്എഎല്ലിന് വേണ്ടി ശ്രമിച്ചതെങ്കിലും അത് സ്ഥാപിക്കാനുള്ള കിന്‍ഫ്ര പാര്‍ക്ക് സ്ഥാപിച്ചത് താനാണെന്ന കുഞ്ഞാലിക്കുട്ടിയുടെ അവകാശവാദത്തിനുള്ള മറുപടിയായാണ് ആന്റണി ഇത് പറഞ്ഞത്. 
 
പ്രതിരോധവകുപ്പിന്റെ കീഴില്‍ കേരളത്തിന് അനുവദിച്ച വ്യവസായങ്ങള്‍ ആറെണ്ണത്തില്‍ അവസാനിക്കരുതെന്ന ആഗ്രഹംകൊണ്ടാണ് വിമര്‍ശം ഉന്നയിച്ചത്. അടുത്തകാലത്തായി ചില കല്ലുകടി ഉണ്ടായി. ബ്രഹ്മോസാണ് പ്രതിരോധവകുപ്പിന്റെ കേരളത്തിലെ ആദ്യ സ്ഥാപനം. കേരളത്തിലേത് പൊതുമേഖലാ കമ്പനിയാണ്. എന്നിട്ടും ചിലര്‍ സ്വകാര്യകമ്പനിയെന്ന് അധിക്ഷേപിക്കുന്നു- ആന്റണി പറഞ്ഞു. ആന്റണി വിമര്‍ശങ്ങള്‍ തിരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് നേതൃത്വം. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ആന്റണിക്ക് ആദ്യമേ മറുപടി പറഞ്ഞത്. ഇ ടി മുഹമ്മദ് ബഷീറും ഈയാവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, താന്‍ ഉന്നയിച്ച വിമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുകയും അതേസമയം, അതില്‍ രാഷ്ട്രീയമില്ലെന്നുപറഞ്ഞ് ലീഗിനെ തൃപ്തിപ്പെടുത്താനുമാണ് ആന്റണി ശ്രമിച്ചത്. വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ പറയാനാണ് ആന്റണി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ലീഗിന്റെ സമ്മര്‍ദത്തെതുടര്‍ന്ന് അതൊഴിവാക്കി. 
 
ആന്റണിയുടെ പ്രസംഗം വികസന മുരടിപ്പിന്റെ സാക്ഷ്യം: സിപിഐ എം

തിരു: യുഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്തിന്റെ വികസനം മുരടിച്ചെന്നത് പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അഭിപ്രായപ്രകടനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി. ഒന്നരവര്‍ഷത്തെ ഭരണത്തില്‍ വ്യവസായ- കാര്‍ഷികമേഖലയാകെ തകര്‍ന്നു. പശ്ചാത്തലമേഖലയുടെ വികസനത്തിലും ഒരിഞ്ച് മുന്നേറാന്‍ കഴിഞ്ഞില്ല. ഇതെല്ലാം പ്രതിപക്ഷ ആരോപണം മാത്രമല്ല, വസ്തുതയാണെന്ന് ആന്റണി സാക്ഷ്യപ്പെടുത്തി. ജനങ്ങള്‍ മടുത്ത സര്‍ക്കാരിന്റെ കഴിവുകേടാണ് ആന്റണി വെളിപ്പെടുത്തിയത്. അത് നിസ്സാരവല്‍ക്കരിച്ച് തള്ളാനുള്ള മുഖ്യമന്ത്രിയുടെയും യുഡിഎഫ് നേതാക്കളുടെയും ശ്രമം പിഴവ് തിരുത്താന്‍ സന്നദ്ധമല്ലെന്നതിന്റെ സൂചനയാണെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 
 
പ്രതിരോധവകുപ്പിന്റെ ആറ് സ്ഥാപനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചത്. ഇതിനായി സര്‍ക്കാര്‍ കാണിച്ച താല്‍പ്പര്യവും ഉത്സാഹവും പ്രകീര്‍ത്തിച്ച ആന്റണി, രണ്ടുവര്‍ഷമായി കേരളത്തിലേക്ക് ഒരു പദ്ധതിയെക്കുറിച്ചും ആലോചിച്ചിട്ടില്ലെന്ന് തുറന്നടിച്ചു. പദ്ധതികള്‍ അനുവദിക്കാന്‍ ധൈര്യം മില്ലെന്നും ആരെ വിശ്വസിച്ചാണ് പദ്ധതികള്‍ സ്ഥാപിക്കുകയെന്നുമാണ് മുഖ്യമന്ത്രി, വ്യവസായമന്ത്രി ഉള്‍പ്പെടെയുള്ളവരെ ഇരുത്തി പ്രസംഗിച്ചത്. താന്‍കൂടി പരിശ്രമിച്ച് അധികാരത്തിലേറ്റിയ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ആന്റണിയുടെ വാക്കുകള്‍, യുഡിഎഫിന് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെടുത്തി. പ്രതിരോധവകുപ്പിന്റെ ആറു പദ്ധതികളില്‍ നാലെണ്ണം പൂര്‍ത്തിയായി. പുറമെ രാജ്യത്തെ നവരത്നകമ്പനികളായ സെയില്‍, എന്‍ടിപിസി, ബിഎച്ച്ഇഎല്‍ എന്നിവയുമായി സംയുക്തസംരംഭങ്ങളുണ്ടാക്കി. സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷത്തിനുശേഷമാണ് പ്രതിരോധവകുപ്പിന്റെ ഒരു വ്യവസായം കേരളത്തില്‍ വന്നത്. തുടര്‍ന്നും കേന്ദ്രസര്‍ക്കാരില്‍നിന്നും പ്രതിരോധവകുപ്പില്‍നിന്നും ലഭിക്കേണ്ട നിക്ഷേപങ്ങളാണ് സര്‍ക്കാരിന്റെ നയംമൂലം നഷ്ടമാകുന്നത്. ഇത് സംസ്ഥാനത്തോടുള്ള ക്രൂരമായ വഞ്ചനയാണ്. 
 
വ്യവസായനിക്ഷേപം ആകര്‍ഷിക്കാന്‍ "എമര്‍ജിങ് കേരള" സംഘടിപ്പിച്ച യുഡിഎഫ് സര്‍ക്കാരിന് ഒരു പുതിയ പദ്ധതിയും നടപ്പാക്കാനായില്ല. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, ചീമേനി തെര്‍മല്‍ പവര്‍ പ്ലാന്റ്, പാലക്കാട് കോച്ച് ഫാക്ടറി എന്നിവയെല്ലാം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച് തുടങ്ങിയതാണ്. അവയെല്ലാം സ്തംഭിച്ചു. ഐഐടി എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയില്ല. റെയില്‍വേ വികസനം മുരടിച്ചു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ വിഭജിക്കുമെന്ന് അഭ്യൂഹമുണ്ട്. വൈദ്യുതോല്‍പ്പാദനരംഗത്ത് ഒരു പുതിയ പദ്ധതിയും ആവിഷ്കരിച്ചില്ല. കുട്ടനാട്- ഇടുക്കി പാക്കേജുകള്‍ സ്തംഭനത്തിലായി. നാളികേര വിലയിടിവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ചു. കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുവന്നു. സംസ്ഥാനവും കേന്ദ്രവും ഒരേകക്ഷി ഭരിച്ചാല്‍ വികസനവേലിയേറ്റം ഉണ്ടാകുമെന്ന യുഡിഎഫ് പ്രചാരണം പൊള്ളയാണെന്ന് വ്യക്തമായി. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് എട്ടു മന്ത്രിമാരുണ്ടായിട്ടും ഒരുനേട്ടവും സംസ്ഥാനത്തിനില്ല. പ്രവാസികളോട് എയര്‍ ഇന്ത്യ കൈക്കൊള്ളുന്ന ക്രൂരതയും അവഗണനയും അവസാനിപ്പിക്കാന്‍പോലും കേന്ദ്രമന്ത്രിമാര്‍ക്ക് സാധിക്കുന്നില്ല. സംസ്ഥാനത്തിന് ശാപമായി മാറിയ യുഡിഎഫ് സര്‍ക്കാരിന്റെ വികസനവിരുദ്ധ- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു.

No comments:

Post a Comment