Saturday, June 22, 2013

മരണസംഖ്യ 1500; രക്ഷതേടി അരലക്ഷത്തോളം പേര്‍

ഉത്തരാഖണ്ഡിനെ തകര്‍ത്തെറിഞ്ഞ മിന്നല്‍പ്രളയത്തില്‍ 1500 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് സംശയിക്കുന്നു. ഹരിദ്വാറില്‍ 40 മൃതദേഹങ്ങള്‍ വെള്ളിയാഴ്ച കണ്ടെത്തി. ഉത്തരാഖണ്ഡിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അരലക്ഷത്തോളം പേരെ ഇനിയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രളയ ബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം ഊര്‍ജിതമാക്കി. രണ്ടു ദിവസത്തിനുള്ളില്‍ പരമാവധി പേരെ രക്ഷപെടുത്താനാണ് സൈന്യം ശ്രമിക്കുന്നത്.

ഏറ്റവും വലിയ ഹെലികോപ്റ്ററുകളടക്കം വ്യോമസേനയുടെയും കരസേനയുടെയും 40 ഹെലികോപ്റ്ററുകള്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. സ്വകാര്യ ഹെലികോപ്റ്ററുകളും സഹായത്തിനെത്തുന്നു. പ്രതിരോധ മന്ത്രാലയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംവിധാനം ഏര്‍പ്പെടുത്തി. റോഡും പാലവും ഒലിച്ചുപോയ സ്ഥലങ്ങളില്‍ അവ പുനഃസ്ഥാപിക്കാന്‍ സൈന്യം രംഗത്തുണ്ട്. അയ്യായിരത്തോളം സൈനികരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ദേശീയ ദുരന്തനിവാരണസേന, ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സശസ്ത്ര സീമാബല്‍ അംഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. വലിയ ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ പാകത്തില്‍ വിവിധ സ്ഥലങ്ങളില്‍ സൈന്യം ഹെലിപാഡുകള്‍ നിര്‍മിക്കുന്നു. കേദാര്‍നാഥില്‍നിന്നും ബദരീനാഥില്‍നിന്നും നിരവധി പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്.

ഇതിനകം 33,192 പേരെയാണ് സുരക്ഷിതകേന്ദ്രങ്ങളില്‍ എത്തിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. മണ്ണിനടിയിലും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന തെരച്ചിലും രക്ഷാകേന്ദ്രങ്ങളിലെത്തിക്കലുമാണ് പ്രധാനമായും നടക്കുന്നത്. ചമോലി, രുദ്രപ്രയാഗ്, ഉത്തര്‍കാശി എന്നീ ജില്ലകളിലെ വാര്‍ത്താവിനിമയ സംവിധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. രക്ഷപ്പെടുത്തുന്ന തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും തിരിച്ചയക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. ഹരിദ്വാറില്‍നിന്ന് ഡല്‍ഹി, ലക്നൗ എന്നിവിടങ്ങളിലേക്കാണ് ട്രെയിനുകള്‍. സൗജന്യമായാണ് ഇവരെ റെയില്‍വേ എത്തിക്കുക. ഉത്തര്‍ഖണ്ഡിന് 140 കോടിയുടെ അടിയന്തരസഹായം ഇതിനകം കേന്ദ്രസര്‍ക്കാര്‍ നല്‍കി. 1000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്.

deshabhimani

No comments:

Post a Comment