Sunday, June 23, 2013

മാനം പോയെന്ന് ഹൈക്കമാന്‍ഡ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സോളാര്‍തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ആരോപണം സര്‍ക്കാരിനും പാര്‍ടിക്കും മാനക്കേടുണ്ടാക്കിയതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. ഈ സാഹചര്യത്തില്‍ കെപിസിസി നേതൃയോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും മന്ത്രിസഭാ പുനഃസംഘടനയും നേതൃമാറ്റവും ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് അടക്കമുള്ള കേന്ദ്രനേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗവും അന്ന് ചേര്‍ന്നേക്കും.

രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷയടക്കമുള്ള നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് അടിയന്തരയോഗം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രിമാരുടെ ഓഫീസ് വിവാദകേന്ദ്രമാകുന്നത് ആശാസ്യമല്ലെന്ന വികാരമാണ് ഹൈക്കമാന്‍ഡിന്. ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച തര്‍ക്കം യോഗം ചര്‍ച്ചചെയ്യും. സര്‍ക്കാരും മുഖ്യമന്ത്രിയും വന്‍ വിവാദങ്ങളില്‍ കുടുങ്ങിയ സാഹചര്യത്തില്‍ നേതൃമാറ്റത്തിലൂടെ മുഖം രക്ഷിക്കാനാകുമോ എന്നാകും ഹൈക്കമാന്‍ഡ് പരിശോധിക്കുക. പുനഃസംഘടന അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് നിയമസഭാസമ്മേളനം കഴിഞ്ഞുമതിയെന്നാണ് നേരത്തെ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രതിസന്ധി അതീവ ഗൗരവമുള്ളതെന്ന് തിരിച്ചറിഞ്ഞാണ് ചര്‍ച്ച നേരത്തേയാകാമെന്ന് പൊടുന്നനെ തീരുമാനിച്ചത്.

രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും പ്രധാനമന്ത്രിയെയും കണ്ട് ചര്‍ച്ച നടത്തി. മുകുള്‍ വാസ്നിക്കിനെയും കണ്ടു. മന്ത്രിസഭാ പുനഃസംഘടന തന്റെ മാത്രം പ്രശ്നമല്ലെന്ന വികാരമാണ് ചെന്നിത്തല അറിയിച്ചത്. കേരളയാത്രയിലൂടെ സംഘടനയെ സജീവമാക്കാന്‍ കഴിഞ്ഞു. പക്ഷേ, അതെല്ലാം നിഷ്പ്രഭമാക്കുന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിവാദം. ഇത് കോണ്‍ഗ്രസിനെ രാഷ്ട്രീയമായി ഏറെ ക്ഷീണിപ്പിച്ചു. ഈ പ്രശ്നങ്ങള്‍ സംസ്ഥാനനേതൃത്വത്തിന് ചര്‍ച്ച ചെയ്ത് പരിഹരിക്കാനാകില്ല. ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കേണ്ടത്. വൈകാതെ അത്തരമൊരു ചര്‍ച്ച ഉണ്ടായില്ലെങ്കില്‍ പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പ്രശ്നങ്ങള്‍ നീളുമെന്ന് ചെന്നിത്തല നേതൃത്വത്തെ ബോധ്യപ്പെടുത്തി.

ചൊവ്വാഴ്ച കെപിസിസി ഭാരവാഹികളുമായും എംഎല്‍എമാരുമായും ചര്‍ച്ച നടത്തിയശേഷം ഹൈക്കമാന്‍ഡ് സംഘം കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം ആരായും. ഇതിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ഇത് പരിഗണിച്ചാകും ഹൈക്കമാന്‍ഡ് കേരള കാര്യത്തില്‍ തീരുമാനത്തിലെത്തുക.

deshabhimani

No comments:

Post a Comment