Saturday, June 22, 2013

വിവാഹപ്രായം 16 ആക്കിയത് നിയമവിരുദ്ധം: വിഎസ്

സംസ്ഥാനത്തെ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറ് ആക്കി കുറച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിലവിലുള്ള നിയമങ്ങള്‍ക്കും കോടതിവിധികള്‍ക്കും വിരുദ്ധവും നിയമസഭയോടുമുളള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2006-ലെ ശൈശവ വിവാഹനിരോധനനിയമപ്രകാരം ഇരുപത്തിയൊന്ന് വയസ്സ് തികയാത്ത പുരുഷനും പതിനെട്ട് വയസ്സ് തികയാത്ത സ്ത്രീയും തമ്മിലുളള വിവാഹം കുറ്റകരമാണ്. ഇത്തരം വിവാഹങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്നതാണ്. രാജ്യത്തെ ഉന്നത നീതിപീഠമായ സുപ്രീം കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ തദ്ദേശസ്വയംഭരണവകുപ്പ് വിവാഹറജിസ്ട്രാര്‍മാര്‍ക്ക് അയച്ച സര്‍ക്കുലര്‍ നിയമവിരുദ്ധവും സുപ്രീംകോടതിയുടെ വിധിക്കെതിരുമാണ്. ഭരണഘടനയെ അവഹേളിക്കുന്ന ഇത്തരം സര്‍ക്കുലറുകള്‍ക്ക് കടലാസിന്റെ വിലപോലും ഇല്ല. നിയമസഭയെ നോക്കുകുത്തിയാക്കുന്ന, നിയമവിരുദ്ധമായ ഉത്തരവിറക്കിയ തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ചീഫ് സെക്രട്ടറി നടപടിയെടുക്കണം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയുളള ഇത്തരം വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് വി എസ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani

No comments:

Post a Comment