Saturday, June 22, 2013

പ്രവാസിസമൂഹം പുതിയ മുദ്രാവാക്യവുമായി മുന്നോട്ടുവരണം: പിണറായി

കേരളത്തിന്റെ പുരോഗതി വ്യത്യസ്ത ജനവിഭാഗങ്ങളുടെ സംഭാവനയുടെ ആകെത്തുകയാണെന്നും ഈ പുരോഗതിയില്‍ പ്രവാസി സമൂഹം തനതായ സംഭാവന നല്‍കിയിട്ടുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാസ് ഷാര്‍ജ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന് പ്രവാസികളെ അര്‍ഹമായ പരിഗണനയോടെ നോക്കിക്കാണുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ചില എംബസികള്‍ പ്രവാസികളുടെ പ്രശ്നങ്ങളില്‍ മുഖംതിരിഞ്ഞുനില്‍ക്കുന്നു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷയനുഭവിച്ചുകൊണ്ട് വിവിധ രാജ്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമസഹായം എത്തിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ തയ്യാറാകണം.

രാജ്യത്തെ പദ്ധതി ആസൂത്രണത്തില്‍ പ്രവാസി സമൂഹത്തെക്കൂടി ഉള്‍പ്പെടുത്തണം എന്ന പുതിയ മുദ്രാവാക്യവുമായി പ്രവാസികള്‍ ഇനി മുന്നോടുവരണം. ഇതുവരെ സര്‍ക്കാരുകള്‍ ഇത് ചിന്തിച്ചിട്ടില്ല. അതിബൃഹത്തായ ഒരു സമൂഹമാണ് ഇന്ത്യയ്ക്ക് പുറത്തുള്ളത്. അവരെ കണക്കിലെടുത്ത് പദ്ധതി ആസൂത്രണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. പ്രവാസികളെ സംബന്ധിച്ച കൃത്യമായ സ്ഥിതി വിവരക്കണക്ക് ഇന്ന് ലഭ്യമല്ല. രാജ്യത്തെ എമിഗ്രേഷന്‍ ക്ലിയറന്‍സ് എന്ത് സംരക്ഷണമാണ് പ്രവാസിക്കു നല്‍കുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്.   കാര്യക്ഷമമായ രീതിയില്‍ പ്രവാസി ക്ഷേമനിധി ആരംഭിക്കാനാകണം. അംശാദായം റിക്രൂട്ടിങ് ഏജന്‍സികളില്‍നിന്നുകൂടി വാങ്ങാവുന്നതാണ്. വിദേശത്തേക്ക് പോകുന്നതിന് വായ്പ അനുവദിക്കാന്‍ സംവിധാനംവേണം. മെച്ചപ്പെട്ട തൊഴില്‍ ദാതാക്കളെ വാര്‍ത്തെടുക്കുന്നതിന് ഫിനിഷിങ് സ്കൂളുകള്‍പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണം. ഇവയിലൂടെ മെച്ചപ്പെട്ട പരിശീലനം പ്രവാസികള്‍ക്ക് നല്‍കാന്‍ സാധിക്കണം. വിദേശ രാജ്യങ്ങളില്‍ എത്തുന്ന ഇന്ത്യാക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമാകുംവിധം "എംബസി രജിസ്റ്റര്‍" വേണം.

കുവൈത്തിലെ പ്രശ്നങ്ങള്‍ ഇന്ന് ഏറെ ഗുരുതരമാണ്. ഇക്കാര്യത്തില്‍ നയതന്ത്ര ഇടപെടലുകള്‍ വേണ്ടത്ര ഉണ്ടായിട്ടില്ല. ക്ലേശമനുഭവിക്കുന്ന ഇന്ത്യാക്കാരുടെ സംരക്ഷകരായി ഇന്ത്യാ ഗവണ്‍മെന്റ് ഓടിയെത്തണം. ഉന്നതതലസംഘം അടിയന്തരമായി കുവൈത്ത് സന്ദര്‍ശിക്കുകയും സമാശ്വസ നടപടികള്‍ കൈക്കൊള്ളുകയുംവേണം. എംബസികളില്‍ ഹോട്ട്ലൈന്‍ സര്‍വീസോടെ 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം.

സൗദിയിലെ നിദാഖത്ത് പ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഇപ്പോഴും ക്യൂ നില്‍ക്കുകയാണ് ഇന്ത്യാക്കാരായ പ്രവാസികള്‍. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചവര്‍ക്കാകട്ടെ നാട്ടിലെത്താന്‍പോലും കഴിയുന്നില്ല. വേണ്ടത്ര യാത്രാ സൗകര്യം ലഭ്യമല്ലാത്തതാണ് കാരണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടുകയും ഇന്ത്യക്കാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

മാസ് പ്രസിഡന്റ് അനില്‍ അമ്പാട്ട് അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി പ്രകാശ് സ്വാഗതംപറഞ്ഞു. കെ ബാലകൃഷ്ണന്‍ (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), ഇസ്മയില്‍ റാവുത്തര്‍ (ഡയറക്ടര്‍, നോര്‍ക്ക റൂട്ട്സ്), ബീരാന്‍കുട്ടി (പ്രസിഡന്റ്, ശക്തി തിയേറ്റഴ്സ്), പി പി അഷറഫ് (ജനറല്‍സെക്രട്ടറി, ദല), അഷ്റഫ് (പ്രസിഡന്റ്, കൈരളി കള്‍ച്ചറല്‍സെന്റര്‍, ഫുജൈറ), മുഹമ്മദ് കുഞ്ഞി (വൈസ്പ്രസിഡന്റ്, റാസല്‍ ഖൈമ, ചേതന) തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment