Wednesday, June 19, 2013

ഗണ്‍മാന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് 200 കോടിയുടെ ഭൂമി തട്ടിപ്പ്

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീം രാജിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് 200 കോടി രൂപയുടെ ഭൂമി തട്ടിപ്പ് നടത്തിയതായി തട്ടിപ്പിനിരയായവര്‍ രൂപീകരിച്ച കടകംപള്ളി വില്ലേജ് ലാന്‍ഡ് ഓണേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുമാരപുരം വാലി വ്യൂ ഗാര്‍ഡന്‍ റസിഡന്‍സ് അസോസിയേഷനിലെ താമസക്കാരും സമീപപ്രദേശത്തുമുള്ള ഇരുനൂറോളം കുടുംബങ്ങളുടെ ഭൂമി അഞ്ചുവര്‍ഷംമുമ്പാണ് സലീം രാജും കൂട്ടാളികളുമായ കെ എച്ച് അബ്ദുള്‍ മജീദ്, സി കെ ജയറാം എന്നിവരും ചേര്‍ന്ന് വ്യാജപ്രമാണം ചമച്ച് തട്ടിയെടുത്തത്. ഭൂമിയുടെ യഥാര്‍ഥ ഉടമകള്‍ക്ക് ഇപ്പോള്‍ ഭൂമി വില്‍ക്കാനോ ബാങ്കുകളില്‍ ഈടുവയ്ക്കാനോ നിര്‍മാണപ്രവൃത്തികള്‍ക്കോ കഴിയാത്ത അവസ്ഥയാണ്. ഏഴുമാസംമുമ്പ് ബാധ്യതാസര്‍ട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് തട്ടിപ്പുവിവരം മനസ്സിലായത്.

കടകംപള്ളി വില്ലേജില്‍ 18 സര്‍വേ നമ്പരുകളില്‍പെട്ട 44.5 ഏക്കര്‍ ഭൂമിയാണ് സലീം രാജും സംഘവും ചേര്‍ന്ന് കൈക്കലാക്കിയത്. ഈ സര്‍വേ നമ്പരുകള്‍ ഉള്‍ക്കൊള്ളിച്ച് വ്യാജമായി ഭാഗപത്രം രജിസ്റ്റര്‍ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും സുതാര്യകേരളം പരിപാടിയിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ നവംബറില്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല. സൗരോര്‍ജ തട്ടിപ്പുകാരി സരിതയുമായി സലിം രാജിന്റെ പങ്ക് വ്യക്തമായതോടെ മുഖം രക്ഷിക്കാന്‍ ഇയാളെ മാറ്റിനിര്‍ത്തിയ മുഖ്യമന്ത്രി 200 കോടി രൂപയുടെ ഭൂമി തട്ടിപ്പില്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമസഭയിലേക്കും മുഖ്യമന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ച് നടത്തുമെന്നും ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളായ ജോര്‍ജ് വര്‍ഗീസ്, ബാലുസുബ്രഹ്മണ്യം, മോഹന്‍ചന്ദ്, കിഷോര്‍ എന്നിവര്‍ പറഞ്ഞു.

കാറ്റാടിപ്പാടം: 36.5 ലക്ഷം കൂടി തട്ടി

ഇടുക്കി: കാറ്റാടി പദ്ധതിയുടെ മറവില്‍ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും കൂടുതല്‍ തട്ടിപ്പ് പുറത്ത്. കാറ്റാടിയന്ത്രം സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി രണ്ട് റിസോര്‍ട്ട് ഉടമകളില്‍നിന്ന് 26ലക്ഷവും തോട്ടം ഉടമയില്‍നിന്ന് 10.5 ലക്ഷംരൂപയുമാണ് തട്ടിയത്. റിസോര്‍ട്ട് ഉടമ ബൈസണ്‍വാലി പൊട്ടന്‍കാട് വയലില്‍വീട്ടില്‍ വി ടി രവീന്ദ്രനില്‍നിന്ന് 25 ലക്ഷവും പുളിയന്മല എന്‍എംആര്‍ എസ്റ്റേറ്റ് ഉടമ മുരുകേശനില്‍നിന്ന് 10.5 ലക്ഷവും വണ്ടന്മേട് എലറ്റേറിയ റിസോര്‍ട്ട് ഉടമ ജയന്‍ ജോസഫില്‍നിന്ന് ഒരു ലക്ഷവുമാണ് കബളിപ്പിച്ചെടുത്തത്.

രാജാക്കാട് സ്വദേശികളായ ജിമ്മി കുര്യന്‍ വടക്കേല്‍, ബിജു കരിമ്പിന്‍കാലായില്‍ എന്നിവരില്‍ നിന്നും 18,25000രൂപ തട്ടിയെടുത്തതിന് പുറമെയാണിത്. അഞ്ച് കേസിലായി 55ലക്ഷം രൂപയാണ് സംഘം സമാഹരിച്ചത്. റിസോര്‍ട്ട്, തോട്ടം ഉടമകള്‍ ധാരാളമുള്ള ഇടുക്കിയില്‍ കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുന്നത്. റിസോര്‍ട്ട് ഉടമ വി ടി രവീന്ദ്രന്‍ അടിമാലി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും തോട്ടംഉടമ മുരുകേശന്‍ നെടുങ്കണ്ടം സബ്കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പുകളെല്ലാം നടത്തിയിട്ടുള്ളത് 2011 മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളിലാണ്. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാറ്റാടി യന്ത്രം നല്‍കാമെന്ന് പറഞ്ഞ് പല ഘട്ടങ്ങളിലായി 25ലക്ഷം തട്ടിയെന്നും ഇതിന്റെ പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കാട്ടിയാണ് ബേഡ്സ്വാലി റിസോര്‍ട്ട് ഉടമ രവീന്ദ്രന്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. തന്റെ റിസോര്‍ട്ടില്‍ മൂന്ന് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാനായിരുന്നു 2011 മെയ് അഞ്ചിന് കരാറില്‍ ഏര്‍പ്പെട്ടത്. അന്നുതന്നെ 15ലക്ഷം ലക്ഷ്മി നായരെന്ന് പരിചയപ്പെടുത്തിയ സരിത എസ് നായര്‍ വാങ്ങി. കൂടാതെ കാറ്റാടി യന്ത്രത്തിന് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് 10ലക്ഷവും കൈപ്പറ്റി. ഒരുവര്‍ഷത്തിനകം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു വ്യവസ്ഥ. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും കാറ്റാടിയന്ത്രം സ്ഥാപിക്കുകയോ കരാര്‍ പാലിക്കുകയോ ചെയ്തില്ല. എസ്റ്റേറ്റ് ഉടമ മുരുകേശന്‍ ഒരുവര്‍ഷം മുമ്പാണ് നെടുങ്കണ്ടം കോടതിയില്‍ പരാതി നല്‍കിയത്. ഒരു കാറ്റാടി യന്ത്രത്തിലൂടെ 100 ബള്‍ബുകള്‍ കത്തിക്കാമെന്ന കരാറിലാണ് എലറ്റേറിയ റിസോര്‍ട്ട് ഉടമ ജയന്‍ ജോസഫിനെ ഒരു ലക്ഷം കബളിപ്പിച്ചത്.

പത്രപ്പരസ്യത്തിലൂടെയാണ് ഈ സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിത ഇവിടെയും തട്ടിപ്പ് നടത്തിയത്. കൊന്നത്തടി കരിമലയിലെ കുന്നിന്‍മുകളിലുള്ള ഭൂമിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ മൂന്ന് കാറ്റാടികള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയാണ് രാജാക്കാട് സ്വദേശികളായ ജിമ്മി കുര്യന്‍ വടക്കേല്‍, ബിജു കരിമ്പിന്‍കാലായില്‍ എന്നിവരില്‍ നിന്നും 18,25000രൂപ മൂന്ന് ഘട്ടങ്ങളിലായി കൈപ്പറ്റിയത്. കാറ്റാടി പദ്ധതിയുടെ അനുമതി നേടാന്‍ ബിജുവും സരിതയും ഒന്നിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഓഫീസില്‍ പോയെന്നും ജിമ്മി പറഞ്ഞു. പണംനല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി തുടങ്ങാത്തതിനാല്‍ 2012 ഡിസംബറില്‍ ഉപഭോക്തൃകോടതിയിലും കഴിഞ്ഞദിവസം രാജാക്കാട് സ്റ്റേഷനിലും പരാതി നല്‍കി

10000 കോടിയുടെ തട്ടിപ്പ്, പിന്നില്‍ വമ്പന്മാര്‍: ചീഫ് വിപ്പ്

തിരു: സരിതയും ബിജുവും ആസൂത്രണംചെയ്തത് 10,000 കോടിയുടെ തട്ടിപ്പാണെന്നും ഇതിനു പിന്നില്‍ ചില വമ്പന്മാരുണ്ടെന്നും ചീഫ് വിപ്പ് പി സി ജോര്‍ജ്. സരിതയും ബിജുവും അല്ല ഈ തട്ടിപ്പിനു പിന്നില്‍. ചില ഉന്നതര്‍ക്ക് 1000 കോടി രൂപ കമീഷന്‍ ലഭിക്കുന്ന ഇടപാടാണ് സോളാര്‍ തട്ടിപ്പിനു പിന്നിലെന്നും ജോര്‍ജ് ദൃശ്യമാധ്യമങ്ങളിളോട് പ്രതികരിച്ചു. ജോര്‍ജിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

deshabhimani

No comments:

Post a Comment