സരിത എസ് നായര്‍ക്കും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനുമെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി 21 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് അറിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാര്‍ ഇവര്‍ക്ക് സൈ്വരവിഹാരത്തിന് അവസരം നല്‍കി. ജാമ്യത്തിലിറങ്ങി മുങ്ങിയതിന് പത്തോളം കേസില്‍ ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പിന്റെകൂടി ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പിന്നീട് ഈ ചുമതല കിട്ടിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇക്കാര്യം മറച്ചുപിടിച്ച് തട്ടിപ്പുകാര്‍ക്ക് തണല്‍വിരിച്ചെന്ന് വ്യക്തമാകുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ ജയിലിലടച്ച സരിത, ഉമ്മന്‍ചാണ്ടി വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പതിവുസന്ദര്‍ശകയായി. മന്ത്രിമാരുമായി ചങ്ങാത്തം കൂടി. സരിതയുടെയും ബിജുവിന്റെയും തട്ടിപ്പുകേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിന് മന്ത്രിമാര്‍ എല്ലാ തിരക്കും മാറ്റിവച്ച് കുതിച്ചെത്തി. കേസുകളുടെയും വാറന്റുകളുടെയും പട്ടിക മുമ്പിലിരിക്കെയാണ് സരിതയെ മുഖ്യമന്ത്രിയും പൊലീസും സംരക്ഷിച്ചത്. ഭര്‍ത്താവ് ഐഎഎസ് ഓഫീസറും താന്‍ ലോകബാങ്ക് പ്രൊജക്ട് ഓഫീസറുമാണെന്ന് വിശ്വസിപ്പിച്ച് വലയിലാക്കി പണം കൈക്കലാക്കിയതിനാണ് 2009ല്‍ മെഡിക്കല്‍ കോളേജ് പൊലീസ് സരിതയ്ക്കെതിരെ കേസെടുക്കുന്നത്. ഇതിനുമുമ്പും വിവിധ തട്ടിപ്പുകേസുകളില്‍ പ്രതിയായിരുന്നു. ഇതിനുപുറമേ ഇവര്‍ക്കെതിരെ 20 കേസുണ്ട്. ഇതിന്റെ പട്ടികയടങ്ങുന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം ഡിസിആര്‍ആബി അസിസ്റ്റന്റ് കമീഷണര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്ക് കൈമാറി. ഇത് ഇപ്പോഴും ആഭ്യന്തരവകുപ്പിനുമുന്നിലുണ്ട്. തിരുവനന്തപുരം മ്യൂസിയം, മെഡിക്കല്‍ കോളേജ്, വലിയതുറ സ്റ്റേഷനുകളിലും കരുനാഗപ്പള്ളി, ചെങ്ങന്നൂര്‍, നൂറനാട് സ്റ്റേഷനുകളിലും 2010ലെടുത്ത കേസുകളുടെ വിവരങ്ങളുമുണ്ട്. 2010 ജനുവരി 13ന് തിരുവനന്തപുരം, ആറന്മുള എന്നിവിടങ്ങളില്‍നിന്നുള്ള പ്രത്യേക പൊലീസ്സംഘം സരിതയെയും ബിജുവിനെയും ചെങ്ങന്നൂര്‍ പാണ്ടനാട്ട് വാടകവീട് വളഞ്ഞ് പിടികൂടി. ജനുവരി 14 മുതല്‍ ജൂലൈ അഞ്ചുവരെ ഇരുവരും തിരുവനന്തപുരത്ത് ജയിലിലായി. കോടതി ജാമ്യം അനുവദിച്ചതിനെതുടര്‍ന്നാണ് പുറത്തിറങ്ങിയത്. ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ കേസ് തുടരുന്നു. എന്നാല്‍, 2011 മേയില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദമേറ്റതോടെ സരിതയും ബിജുവും പുതിയ വേഷത്തില്‍ രംഗത്തിറങ്ങി.
ആറന്മുള പൊലീസ് 2005ല്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേസന്വേഷണം തടഞ്ഞു. 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷണം പൂര്‍ത്തിയാക്കി പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഹാജരാകാതെ മുങ്ങിയതിനെതുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, ആലപ്പുഴ തുടങ്ങി പലയിടത്തുംനിന്ന് വാറന്റ് പുറപ്പെടുവിച്ചു. ജാമ്യക്കാര്‍ക്ക് എതിരെയും നടപടി തുടങ്ങി. ഇതെല്ലാം ഒളിച്ചുപിടിച്ചാണ് സരിതയ്ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്.
പുണെയില്‍ ഒന്നും കോയമ്പത്തൂരില്‍ മൂന്നും തട്ടിപ്പുകേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. ഒരു സ്ഥലത്ത് തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയശേഷം മറ്റ് പേരുകളില്‍ വേറെ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തട്ടിപ്പ് തുടരുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ സ്റ്റേഷനുകളിലെ സമാനകേസുകള്‍ ഏതെങ്കിലും ഒരു അന്വേഷണ ഏജന്‍സിയുടെ കീഴിലാക്കുന്നത് നന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു. ഇത് നിലനില്‍ക്കെയാണ് അതീവസുരക്ഷാ ക്രമീകരണങ്ങളും ഇന്റലിജന്‍സ് വലയുമുള്ള സെക്രട്ടറിയറ്റിലെയും നിയമസഭയിലെയും മുഖ്യമന്ത്രിയുടെ ഓഫീസുകളില്‍ സരിത വേരുറപ്പിച്ചത്. 1.19 കോടി രൂപ നഷ്ടപ്പെട്ട ആറന്മുള സ്വദേശി മൂന്നുമാസംമുമ്പ് നേരിട്ട് നല്‍കിയ പരാതി തിരുവഞ്ചൂര്‍ മുക്കിയിരുന്നു.
(കെ എം മോഹന്‍ദാസ്)
deshabhimani
No comments:
Post a Comment