Tuesday, June 18, 2013

ടീം സോളാര്‍ ടീം ചാണ്ടി

"ജോപ്പന്‍, ജിക്കു, പാവം പയ്യന്‍
സരിതോര്‍ജത്താല്‍ പുളകിതരായി
ചാണ്ടിക്കുഞ്ഞും ചാര്‍ജായി
സൗരോര്‍ജത്താല്‍ ചാര്‍ജായി
സര്‍വം സര്‍വം സരിതമയം
ടീം സോളാര്‍ ടീം ചാണ്ടി"-

നിയമ നിര്‍മാണ സഭയില്‍ തിങ്കളാഴ്ച മുഴങ്ങിയ ഈ മുദ്രാവാക്യങ്ങള്‍ക്കു മുന്നില്‍ 43 വര്‍ഷത്തെ സഭാ പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടി വിയര്‍ത്തുവെന്ന് പറഞ്ഞാല്‍ ശരിയാവില്ല, പിടിച്ചുനില്‍ക്കാനാകാതെ ആടിയുലഞ്ഞു. സഹമന്ത്രിമാര്‍ കാണിക്കുന്ന ഓരോ കുഴപ്പങ്ങളെയും വളഞ്ഞ ബുദ്ധിയിലൂടെ സംരക്ഷിക്കുന്ന നേതാവിന്റെ വളഞ്ഞുപുളഞ്ഞ ബുദ്ധിയൊന്നും സ്വന്തം കാര്യത്തില്‍ ഏശിയില്ല. ഉപകാരസ്മരണ തിങ്ങുന്ന മനസ്സുമായി തിരുവഞ്ചൂര്‍ അല്ലാതെ രക്ഷകരായി ആരും വന്നതുമില്ല. ആ പ്രതിരോധമാകട്ടെ ഉമ്മന്‍ചാണ്ടിയെ കൂടുതല്‍ വെട്ടിലാക്കി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, സിപിഐ കക്ഷിനേതാവ് സി ദിവാകരന്‍, ജനതാദള്‍ കക്ഷിനേതാവ് മാത്യു ടി തോമസ് എന്നിവരുടെ ചോദ്യശരങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും മുന്നില്‍ ചൂളിപ്പോയ ഉമ്മന്‍ചാണ്ടിയുടെ വേറിട്ട മുഖമാണ് സഭയില്‍ ദൃശ്യമായത്. തകര്‍ന്നടിഞ്ഞ കപ്പലിന്റെ കപ്പിത്താനെപ്പോലെ, തികച്ചും നിര്‍വികാരതയോടെയുള്ള മറുപടി. അവസാന കച്ചിത്തുരുമ്പിലെങ്കിലും രക്ഷപ്പെടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ നടത്തിയ ദുര്‍ബലമായ ഓരോ പ്രതിരോധവും കൂടുതല്‍ കൂടുതല്‍ പതനത്തിലെത്തിക്കുകയുംചെയ്തു.

"രാജിവയ്ക്കുന്ന പ്രശ്നമില്ല, ജുഡീഷ്യല്‍ അന്വേഷണം നടത്തില്ല, പ്രതിപക്ഷ ആവശ്യം തള്ളിക്കളയുന്നു" എന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി പരിക്ഷീണനായി ഇരുന്നപ്പോള്‍ സഭ വീണ്ടും വീണ്ടും ഇളകി. സഭ നിര്‍ത്തിവയ്ക്കലല്ലാതെ സഭാധ്യക്ഷനായ സ്പീക്കര്‍ക്കു മുന്നില്‍ വേറെ വഴിയില്ലായിരുന്നു. തിങ്കളാഴ്ച ചോദ്യോത്തരവേള തുടങ്ങിയത് പ്രതിപക്ഷ പ്രതിഷേധത്തോടെയാണ്. ടീം സോളാര്‍ തട്ടിപ്പിനെക്കുറിച്ച് ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍, മാത്യു ടി തോമസ്, എ എ അസീസ് എന്നിവര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങാന്‍ തയ്യാറായില്ല. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. "അതിവേഗം പണം, ബഹുദൂരം തട്ടിപ്പ്, തട്ടിപ്പിനാശാന്‍ ഉമ്മന്‍ചാണ്ടി, സരിത നയിക്കും ഭരണം ഉമ്മന്‍ചാണ്ടി ഭരണം" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡും ബാനറുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ഉയര്‍ത്തി. മുദ്രാവാക്യം ഇടതടവില്ലാതെ തുടര്‍ന്നപ്പോള്‍ 13 മിനിറ്റ് തികയ്ക്കുന്നതിന് മുമ്പ് സ്പീക്കര്‍ക്ക് ചോദ്യോത്തര വേള സസ്പെന്‍ഡ് ചെയ്യേണ്ടിവന്നു. നാല്‍പ്പത്തേഴ് മിനിറ്റ് സഭാ നടപടികള്‍ നിര്‍ത്തിവച്ചശേഷം 9.30ന് ആരംഭിച്ച ശൂന്യവേളയിലും സ്ഥിതി മാറിയില്ല.

മാത്യു ടി തോമസ് അവതരണാനുമതി തേടിയ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതുമായി. ഫോണ്‍ വിളിച്ചതുകൊണ്ട് ഒരാള്‍ കുറ്റവാളി ആകില്ല, കത്ത് കൊടുത്തില്ല, സരിതയുമായി സംസാരിച്ചത് ഒരു മിനിറ്റ് മാത്രം, ബിജുവുമായി സംസാരിച്ചത് കുടുംബപ്രശ്നം, എന്നെ കാണാന്‍ വരുമ്പോള്‍ പിടികിട്ടാപ്പുള്ളി അല്ലായിരുന്നു, കേസിലെ സംശയം തീര്‍ക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍വച്ച് സരിതയുമായി ഫോണില്‍ സംസാരിച്ചത്, തന്റെ ഓഫീസ് ആര്‍ക്കും പ്രാപ്യമായിരിക്കണം. അത് ചിലര്‍ ദുരുപയോഗംചെയ്തു- എന്ന് തുടങ്ങി മുഖ്യമന്ത്രി നിരത്തിയ വാദങ്ങളെല്ലാം ടീം സോളാര്‍ തട്ടിപ്പുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം മറനീക്കി പുറത്തു വരുന്നതുമായി. സരിതയെ കണ്ട കാര്യം പറഞ്ഞത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഡല്‍ഹിയിലെ പാവം പയ്യനായ കുരുവിള ജോണ്‍ ആണ്, 14 കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയുമായി ഗസ്റ്റ്ഹൗസില്‍ പൊലീസ് സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത് എന്തടിസ്ഥാനത്തില്‍, പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ഉന്നയിക്കുന്ന ആരോപണങ്ങള്‍കൂടി ഉള്‍പ്പെടുത്തി എന്തുകൊണ്ട് അന്വേഷണത്തിന് തയ്യാറാകുന്നില്ല?- തുടങ്ങി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായില്ല.

മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ സഹായിക്കാനും ശുശ്രൂഷിക്കാനും ഡല്‍ഹിയിലെത്തിയ പാവം പയ്യന്‍ വന്‍ സമ്പാദ്യത്തിനുടമയും ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നയാളുമായത് എങ്ങനെ? ഇയാളും സരിതാനായരും തമ്മിലുള്ള ബന്ധമെന്ത്? ഈ പാവം പയ്യനാണ് പറഞ്ഞത് സരിത മുഖ്യമന്ത്രിയെ കണ്ടുവെന്ന്. എന്നിട്ടും മുഖ്യമന്ത്രി പൊട്ടന്‍ കളി നടത്തുന്നത് കഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞതോടെ ഉമ്മന്‍ചാണ്ടിയുടെ സഭയിലെ പതനം പൂര്‍ത്തിയായി. ടവര്‍ ലൊക്കേഷന്‍ നോക്കിയാല്‍ സരിതയുമായി ഫോണ്‍ വിളി നടന്ന ദിവസങ്ങളിലൊന്നും മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നുവെന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യം പരിഹാസ്യവുമായി.

ഇത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശംകൂടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചതോടെ തിരുവഞ്ചൂര്‍ ഇരുന്നു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മാത്യു ടി തോമസ് ഒരു ക്രിമിനല്‍ അഭിഭാഷകന്റെ അതേ ചാരുതയോടെ ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ അക്കമിട്ട് സമര്‍ഥിച്ചപ്പോള്‍ എല്ലാ വാദങ്ങളും മറന്ന ഉമ്മന്‍ചാണ്ടി നിസ്സഹായനായി. ഈ പതനം ഉമ്മന്‍ചാണ്ടിയുടെ സഭാചരിത്രത്തിലെ ആദ്യ അനുഭവവുമായി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി. നിമിഷാര്‍ധംകൊണ്ട് സഭാ നടപടികള്‍ പൂര്‍ത്തിയാക്കിയ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്രകടനമായി സഭാ കവാടത്തിലേക്ക്.

എം രഘുനാഥ് deshabhimani

No comments:

Post a Comment