Tuesday, June 18, 2013

സരിതയുടെ കൂട്ടുപ്രതിയെ പിആര്‍ഡി ഡയറക്ടറാക്കി

സൗരോര്‍ജ തട്ടിപ്പുകേസില്‍ പ്രതികളായ സരിതയ്ക്കും ബിജു രാധാകൃഷ്ണനുമൊപ്പം കൂട്ടുപ്രതിയായ പിആര്‍ഡി ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ സി ജോസഫും ഇടപെട്ട് സ്ഥാനക്കയറ്റം നല്‍കി. പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എ ഫിറോസിനെയാണ് ഡയറക്ടറാക്കിയത്. ഇയാള്‍ക്കെതിരെ സിറ്റി പൊലീസ് കമീഷണര്‍ക്കുവേണ്ടി ഡെപ്യൂട്ടി കമീഷണര്‍ പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് അട്ടിമറിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയത്. ഐഎഎസുകാരെ നിയമിച്ചിരുന്ന ഈ തസ്തികയില്‍ സ്വന്തക്കാരനെ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ മാനദണ്ഡവും മറികടന്നു.

തിരുവനന്തപുരം കേശവദാസപുരത്ത് പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് ടെക് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് എംഡി സലീം എം കബീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നല്‍കിയത്. റിപ്പോര്‍ട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനും കൈമാറി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സൗരോര്‍ജ പാനലുകള്‍ക്കൊപ്പം വിന്‍ഡ്മില്‍ സ്ഥാപിച്ചുനല്‍കാമെന്നും 25 കോടിയുടെ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നും പറഞ്ഞാണ് സരിതയും ബിജുവും കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയെ വഞ്ചിച്ചത്. ഇവരെ പരിചയപ്പെടുത്തികൊടുത്തത് ഫിറോസായിരുന്നു. ചെക്കായും രൂപയായും 40,20,000 രൂപ തട്ടിയെടുത്തു. വായ്പ കിട്ടാത്തതിനെത്തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണറായിരുന്ന എം ആര്‍ അജിത്കുമാറിന് പരാതി നല്‍കി. മെഡിക്കല്‍കോളേജ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ സരിതയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കേസന്വേഷിച്ച സിസിആര്‍ബി ഡിവൈഎസ്പിയും നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിമാരുമെല്ലാം ഫിറോസിന്റെ പങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈം 910/2010 നമ്പര്‍ കേസിലാണ് സരിതയും ബിജു രാധാകൃഷ്ണനും ഒപ്പം ഫിറോസും പ്രതിയായത്. ഇതിനിടയില്‍ ഭരണം മാറി. ഉമ്മന്‍ചാണ്ടി പൊതുഭരണകുപ്പിന്റെയും കെ സി ജോസഫ് പിആര്‍ഡിയുടെയും ചുമതല ഏറ്റെടുത്തു. ഇതോടെ ഇത് സംബന്ധിച്ച ഫയല്‍പൂഴ്ത്തി. ഫിറോസിനെതിരായ അന്വേഷണം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് മരവിപ്പിച്ചു.

deshabhimani

No comments:

Post a Comment