Tuesday, June 18, 2013

നിയമസഭ ഇളകിമറിഞ്ഞു മുഖ്യമന്ത്രി പതറി

സൗരോര്‍ജ പ്ലാന്റ് തട്ടിപ്പില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇളകിമറിഞ്ഞു. ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ലാതെ ഏകനായി പ്രതിരോധിക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടി തന്റെ 43 വര്‍ഷത്തെ നിയമസഭാചരിത്രത്തില്‍ ഇതുപോലൊരു ദുരന്തം അഭിമുഖീകരിച്ചിട്ടില്ല.

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും നിഷേധങ്ങളെല്ലാം പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ അക്കമിട്ട് സമ്മതിക്കുന്നതുമായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒഴിച്ചുള്ള ഭരണപക്ഷ അംഗങ്ങളെല്ലാം സഹായിക്കാന്‍ നില്‍ക്കാതെ പിന്‍വാങ്ങിയതോടെ മുഖ്യമന്ത്രി ഒറ്റപ്പെട്ടു. തിങ്കളാഴ്ച രാവിലെ ചോദ്യോത്തരവേള 13 മിനിറ്റ് മാത്രമേ നടത്താനായുള്ളൂ. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു. ചോദ്യോത്തരവേള നിര്‍ത്തിവച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍, മാത്യു ടി തോമസ്, എ എ അസീസ് എന്നിവര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. ഇതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

9.30ന് ശൂന്യവേളയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെ തുടര്‍ന്നുള്ള നടപടികളും സ്തംഭിച്ചു. മാത്യു ടി തോമസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയും ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു. സരിതയെന്ന നിലയില്‍ തന്നോടൊപ്പം നില്‍ക്കുന്നതായി കൊടുത്ത ഒരു ചിത്രം ബീന മാധവന്‍ എന്ന അഭിഭാഷകയുടേതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സരിതയെ കണ്ടെന്നുപറഞ്ഞത് താങ്കളുടെ വിശ്വസ്തനായ കുരുവിളയാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടിയപ്പോള്‍ കുരുവിള പറഞ്ഞത് കള്ളമാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. പിന്നീട് കുരുവിള തന്റെ വിശ്വസ്തനാണെന്ന് സമ്മതിച്ച മുഖ്യമന്ത്രി വിജ്ഞാന്‍ഭവന് പുറത്തുവച്ച് പത്രക്കാര്‍ കണ്ടപ്പോള്‍ കൂട്ടത്തില്‍ സരിത ഉണ്ടായിരുന്നെന്നും പറഞ്ഞു.

കുടുംബപ്രശ്നം ചര്‍ച്ചചെയ്യാന്‍ ബിജുവിനെ കണ്ടത് എം ഐ ഷാനവാസ് എംപി വിളിച്ചുപറഞ്ഞിട്ടാണ്. സരിത മുഖ്യമന്ത്രിക്ക് വണ്ടിച്ചെക്ക് നല്‍കിയതുള്‍പ്പെടെയുള്ള ആരോപണങ്ങളെല്ലാം സമ്മതിച്ച മുഖ്യമന്ത്രിക്കുള്ള ഏക ന്യായീകരണം ഇതൊന്നും തട്ടിപ്പിന് ഉപയോഗിച്ചില്ല എന്നായിരുന്നു. ഓരോ വാദവും പ്രസംഗത്തില്‍ ഇടപെട്ട്് കോടിയേരി ഖണ്ഡിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ഉത്തരംമുട്ടി. സി ദിവാകരനും മാത്യു ടി തോമസും ശക്തമായി ഇടപെട്ടു. ദുസ്സൂചനകള്‍ പ്രയോഗിച്ച് ആരോപണങ്ങളെ നേരിടുന്ന ശൈലി മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്ന് പറഞ്ഞ മാത്യു ടി തോമസ് ഉമ്മന്‍ചാണ്ടി ഒഴിയുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിനെതിരെ പുകമറ സൃഷ്ടിക്കുന്ന മുഖ്യമന്ത്രി അതുള്‍പ്പെടെ ജുഡീഷ്യല്‍ അന്വേഷണത്തിന് വിടാന്‍ തയ്യാറുണ്ടോ എന്ന് സി ദിവാകരന്‍ ചോദിച്ചു.

പ്രതിപക്ഷം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതുകൂടി ഉള്‍പ്പെടുത്തി അന്വേഷിക്കാന്‍ കോടിയേരി വെല്ലുവിളിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. മകന്‍ ചാണ്ടിഉമ്മനെ സഹായിക്കാനും ശുശ്രൂഷിക്കാനും വച്ച പാവം പയ്യന്റെ വന്‍ സമ്പാദ്യത്തെ കുറിച്ച് വി എസ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് പൊള്ളി. വി എസിനെതിരെ ഉമ്മന്‍ചാണ്ടി ദുസ്സൂചന നടത്തിയതോടെ സഭ വീണ്ടും പ്രക്ഷുബ്ധമായി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ രണ്ട് തവണ പ്രതിപക്ഷം നടുത്തളത്തിലെത്തി. രാജിവയ്ക്കില്ലെന്നും അന്വേഷണമില്ലെന്നും കൂടി പറഞ്ഞതോടെ പ്രതിഷേധം കനത്തു. പ്രതിഷേധത്തില്‍ മുങ്ങിയ സഭയെ നിയന്ത്രിക്കാനാകാതെ സഭാ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി തിങ്കളാഴ്ച സഭ പിരഞ്ഞതായി സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭാ കവാടത്തിലേക്ക് പ്രകടനം നടത്തി. മുഖ്യമന്ത്രി രാജിവയ്ക്കുംവരെ പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷതീരുമാനം.

മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ അഭയകേന്ദ്രം: കോടിയേരി

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് എല്ലാത്തരം തട്ടിപ്പുസംഘങ്ങളുടെയും അഭയകേന്ദ്രമായി മാറിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സൗരോര്‍ജ തട്ടിപ്പുകേസിലെ പ്രതികള്‍ക്ക് ഒത്താശചെയ്ത ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹരിതകേരളമെന്നു പറഞ്ഞ് അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ "സരിത" കേരളമാക്കി മാറ്റി. എല്‍ഡിഎഫ് ഭരണകാലത്ത് ജയിലില്‍ അടച്ച കുറ്റവാളിയായ സരിത യുഡിഎഫ് ഭരണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കയറിയിറങ്ങി. വിവിധ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച സ്ത്രീയുമായി എന്തിനാണ് മുഖ്യമന്ത്രി ബന്ധപ്പെട്ടത്. മുഖ്യമന്ത്രി ഒന്നാം നമ്പര്‍ കുറ്റവാളിയാണ്. ഔദ്യോഗിക കാര്യത്തിനല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാത്ത ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ സരിതയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച സംശയാസ്പദമാണ്. പൊലീസ് അന്വേഷിക്കുന്ന ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി ദീര്‍ഘനേരം സംസാരിച്ചതെന്തിന്. നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്ക് ഒളിച്ചോടാന്‍ കഴിയില്ല. എല്‍ഡിഎഫ് ഭരണകാലത്ത് ആരെങ്കിലും തട്ടിപ്പുസംഘത്തെ സഹായിച്ചിട്ടുണ്ടെങ്കില്‍ അതും ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കട്ടെ. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ കൂട്ടുകെട്ടിലൂടെ ഗുണം ലഭിച്ചില്ലെങ്കില്‍ എന്തിനാണ് ജുഡീഷ്യല്‍ അന്വേഷണത്തെ ഭയക്കുന്നതെന്നും കോടിയേരി ചോദിച്ചു.

അന്വേഷണ സംഘത്തലവനെ മുഖ്യമന്ത്രി അര്‍ധരാത്രി വിളിച്ചുവരുത്തി

തിരു: സൗരോര്‍ജ പ്ലാന്റ് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവനെ മുഖ്യമന്ത്രി അര്‍ധരാത്രി ഔദ്യോഗിക വസതിയില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയും പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ എഡിജിപി ഹേമചന്ദ്രനും ഞായറാഴ്ച രാത്രി 12 മുതല്‍ ഒന്നുവരെ ക്ലിഫ് ഹൗസിലാണ് ചര്‍ച്ച നടത്തിയത്. ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ ഞായറാഴ്ച രാത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. സരിതാ നായരും മുഖ്യമന്ത്രിയുടെ രണ്ട് സ്റ്റാഫ് അംഗങ്ങളും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചത് സംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത് ടി പി സെന്‍കുമാര്‍ ആണ്. തൊട്ടുപിന്നാലെ ഹേമചന്ദ്രനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. എന്നാല്‍, നിയമസഭാ സമ്മേളനം കണക്കിലെടുത്ത് സുരക്ഷാകാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്നും തട്ടിപ്പ് കേസിനെക്കുറിച്ചല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

deshabhimani

No comments:

Post a Comment