Friday, June 21, 2013

സാക്ഷികളുടെ മൊഴികള്‍ കളവെന്ന് ഫോണ്‍ രേഖകള്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികള്‍ കള്ളമെന്ന് തെളിയിക്കുന്ന ഫോണ്‍ കോള്‍ രേഖകള്‍ കോടതിയില്‍. മൂന്നാം സാക്ഷി ടി പി മനീഷ്കുമാര്‍, 48-ാം സാക്ഷി പ്രകാശന്‍ എന്നിവരുടെ മൊഴികള്‍ കള്ളമെന്നാണ് ഇവരുടെ ഫോണ്‍ കോള്‍ റെക്കോഡുകള്‍ വെളിവാക്കുന്നത്. 158-ാം സാക്ഷിയും ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസറുമായ എസ് എന്‍ രമേശ്രാജിനെ പ്രതിഭാഗം വിസ്തരിക്കുമ്പോഴാണ് ഫോണ്‍ കോള്‍ രേഖകള്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി രേഖപ്പെടുത്തിയത്. ചന്ദ്രശേഖരന്റെ കൊലപാതകം കണ്ടുവെന്ന് സ്ഥാപിക്കാനാണ് മനീഷ്കുമാറിനെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. കൊല നടന്ന സ്ഥലം വള്ളിക്കാട്- 1 ടവറിനുകീഴിലാണ്. ഈ ടവറിനുകീഴില്‍ മനീഷ് എത്തിയതായി ഫോണ്‍ കോള്‍ രേഖകളിലില്ല. കൊല നടന്ന 2012 മെയ് നാലിന് മനീഷ്കുമാറിന്റെ 9496682127 നമ്പര്‍ ഫോണിന്റെ ആദ്യകോള്‍ രാവിലെ 5.34നും അവസാന കോള്‍ രാത്രി 11.53നുമാണ് രേഖപ്പെടുത്തിയതെന്ന് രമേശ്രാജ് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ ബോധിപ്പിച്ചു.

അന്നത്തെ എല്ലാ കോളുകളും രേഖപ്പെടുത്തിയത് മനീഷിന്റെ വീട് നില്‍ക്കുന്ന വള്ളിക്കാട്- 2 എന്ന ടവറിനുകീഴിലാണ്. സംഭവത്തിനുശേഷം ഒമ്പതാം തീയതിവരെ പേടിച്ച് വടകര പെരുവാട്ടുംതാഴയിലുള്ള ബന്ധുവീട്ടിലായിരുന്നുവെന്നും അതുകൊണ്ടാണ് പൊലീസില്‍ മൊഴി നല്‍കാതിരുന്നതെന്നുമുള്ള മനീഷിന്റെ മൊഴിയും കളവാണ്. ഈ ദിവസങ്ങളില്‍ മനീഷിന്റെ ഫോണ്‍ പെരുവാട്ടുംതാഴ ടവറിനുകീഴില്‍ വന്നിട്ടില്ല. ഈ സമയങ്ങളില്‍ ആര്‍എംപി പ്രവര്‍ത്തകരായ ഒന്നാംസാക്ഷി കെ കെ പ്രസീതുമായും രണ്ടാംസാക്ഷി ടി പി രമേശനുമായും മനീഷ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രസീതുമായി 21 പ്രാവശ്യവും രമേശനുമായി നാലു പ്രാവശ്യവും വിളിച്ചു. വിസ്തരിക്കാതെ ഒഴിവാക്കിയ 54-ാം സാക്ഷി കെ കെ സദാശിവനുമായി 10 തവണയും ആര്‍എംപി നേതാവ് കുളങ്ങര ചന്ദ്രനുമായി ഒരു തവണയുമാണ് ഫോണില്‍ ബന്ധപ്പെട്ടത്. സംഭവത്തിനുശേഷം ഒമ്പതാം തീയതിവരെ മൊബൈല്‍ ഫോണില്‍ ആരെയും വിളിച്ചില്ലെന്നാണ് മനീഷ് മൊഴി നല്‍കിയിരുന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനനെതിരായ ഗൂഢാലോചന ആരോപണവും കളവാണെന്ന് രേഖകളില്‍ വ്യക്തമായി. 2012 ഏപ്രില്‍ രണ്ടിന് പകല്‍ മൂന്നിന് മോഹനന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ഓര്‍ക്കാട്ടേരി- 2 എന്നാണ് രേഖപ്പെടുത്തിയത്. ഇത് ഒഞ്ചിയം ടവറാണ്.

പാര്‍ടി കോണ്‍ഗ്രസ് ദീപശിഖാ ജാഥയുടെ ക്യാപ്റ്റനെന്നനിലയില്‍ മോഹനന്‍ ഒഞ്ചിയത്താണുണ്ടായിരുന്നതെന്ന് ഇത് തെളിയിക്കുന്നു. ഓര്‍ക്കാട്ടേരിയിലെ പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയില്‍ വധ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്ന പ്രോസിക്യൂഷന്‍ കെട്ടുകഥയാണ് ഇതോടെ പൊളിഞ്ഞത്. മോഹനന്റെ ഫോണില്‍ കുറഞ്ഞ കോളുകള്‍ വന്നതിന്റെയും ഒറ്റ കോള്‍ മാത്രം വന്നതിന്റെയും കണക്കുകളും കോടതി രേഖപ്പെടുത്തി. കൊലയ്ക്കുമുമ്പ് 2012 ഏപ്രില്‍ 25ന് രാവിലെ പള്ളിക്കുനിയില്‍ പണം കൈമാറുന്നത് കണ്ടുവെന്ന 48-ാം സാക്ഷി പ്രകാശന്റെ മൊഴിയും കളവാണ്. അന്ന് പ്രകാശന്റെ 9497651293 നമ്പറില്‍ വൈകിട്ട് 4.31നും 5.32നുമായി രണ്ട് കോളേ രേഖപ്പെടുത്തിയിട്ടുള്ളൂ. പള്ളിക്കുനിയില്‍വെച്ച് പണം കൈമാറുന്നത് കണ്ടുവെന്നായിരുന്നു പ്രകാശന്റെ മൊഴി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എം സി അനൂപിന് കെ സി രാമചന്ദ്രന്‍ പണം കൈമാറുന്നത് കണ്ടുവെന്ന കള്ളക്കഥയാണ് പൊളിഞ്ഞത്. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സി ശ്രീധരന്‍നായര്‍, കെ ഗോപാലകൃഷ്ണക്കുറുപ്പ്, പി വി ഹരി, കെ വിശ്വന്‍, കെ എന്‍ സുകുമാരന്‍, കെ എം രാമദാസ്, വിനോദ്കുമാര്‍ ചമ്പളോന്‍, പി ശശി, എന്‍ ആര്‍ ഷാനവാസ്, വി വി ശിവദാസന്‍ എന്നിവര്‍ ഹാജരായി.

deshabhimani

No comments:

Post a Comment