രണ്ടാം ഭാഗം : സരിത ഇറങ്ങി; ഐ രഹസ്യം ഒഴുകി
മൂന്നാം ഭാഗം : പാര്‍ടി വേറെ; ചാണ്ടി വേറെ
നാലാം ഭാഗം : ഒരു രൂപ ശമ്പളം; ഉലകംചുറ്റും വാലിബന്‍
ഫിറോസിനെ സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന വിഭാഗമായ പിആര്‍ഡി വകുപ്പ് ഡയറക്ടറായി നിയമിക്കാന്‍ ഇടയായത് ഇയാള്‍ക്കെതിരായ പൊലീസ് റിപ്പോര്‍ട്ട് എല്‍ഡിഎഫ് ഭരണകാലത്ത് പൂഴ്ത്തിയതുകൊണ്ടാണെന്നാണ് വകുപ്പുമന്ത്രി കെ സി ജോസഫ് നിയമസഭയ്ക്കകത്തും പുറത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, അതാണോ വസ്തുത? ഫിറോസിന് യുഡിഎഫ് നേതൃത്വവുമായും മുഖ്യമന്ത്രിയും മന്ത്രി ജോസഫും ഉള്‍പ്പെടെയുള്ളവരുമായുമുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പഠിക്കുന്ന കാലത്തേ കെഎസ്യു പ്രവര്‍ത്തകന്‍. ബിരുദ പഠനത്തിനുശേഷം ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരന്‍. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസി. ഇന്‍ഫര്‍മേഷന്‍ തസ്തികയില്‍ നിയമനം നേടിയ കാലംതൊട്ട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലെല്ലാം സുരക്ഷിത താവളത്തില്‍. 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടം. അന്നത്തെ പിആര്‍ഡി മന്ത്രി ഹസ്സന് തങ്ങളുടെ പഴയ പ്രവര്‍ത്തകനെ ഡല്‍ഹിയിലെത്തിക്കണം. അതിനായി ഡല്‍ഹിയില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചു. ഏതാനും ആഴ്ചകള്‍ക്കകംതന്നെ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് അപകടം മണത്തു. ഉടന്‍ തിരിച്ചുവിളിച്ചു. ഹസ്സന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആന്റണി വഴങ്ങിയില്ല.
സര്‍വീസില്‍ ഇങ്ങനെ നല്ല "ട്രാക്ക് റെക്കോര്‍ഡ്" ആണെങ്കിലും എല്ലാറ്റിനും സ്വന്തം ന്യായമുള്ള ഉമ്മന്‍ചാണ്ടിക്ക് ഇതൊന്നും ഒരു പ്രശ്നമായില്ല. മുഖ്യമന്ത്രിക്കും വിശ്വസ്തനായ കെ സി ജോസഫിനും ഫിറോസിനെ വകുപ്പുതലവനാക്കി ഉയര്‍ത്തിയതിനും ഇതേ ന്യായം. ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടില്ല, സ്വന്തം വകുപ്പിന്റെ വിശ്വാസ്യതാ റിപ്പോര്‍ട്ടില്ല, മുന്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചില്ല. സാധാരണ നിലയില്‍ ഐഎഎസുകാരെ നിയമിക്കുന്ന തസ്തിക. ഈ തസ്തികയില്‍ ഇയാള്‍ യോഗ്യനാണോ എന്ന പ്രാഥമിക പരിശോധനപോലുമില്ല. ഇതിനൊന്നും ഉമ്മന്‍ചാണ്ടിക്കും ജോസഫിനും വ്യക്തമായ മറുപടിയില്ല. സര്‍വീസിലുള്ള ആളല്ലേ അതുകൊണ്ട് ഒന്നും നോക്കിയില്ലെന്നാണ് ഒടുവില്‍ ജോസഫിന്റെ മറുപടി. മന്ത്രിസഭായോഗം അജന്‍ഡയായി നിശ്ചയിച്ചാണ് ഫിറോസിനെ ഡയറക്ടറാക്കിയത്. മന്ത്രിസഭ എടുക്കുന്ന ഓരോ നിയമന ലംഘന തീരുമാനങ്ങളുടെയും ഒരു ഉദാഹരണംകൂടിയാണ് ഫിറോസിന്റെ ഈ സ്ഥാനക്കയറ്റം.
ഡയറക്ടറായതുമുതല്‍ പഴയ തട്ടിപ്പ് കേസിലെ കൂട്ടുപ്രതികളെയും കൊണ്ടുള്ള യാത്ര തുടങ്ങി. വകുപ്പുമന്ത്രിയിലേക്കും മുഖ്യമന്ത്രിയിലേക്കും നീണ്ട ഈ യാത്രയില്‍ കളമൊരുങ്ങിയത് കോടികളുടെ വെട്ടിപ്പിന്. ഫിറോസ്് ഇപ്പോള്‍ പറയുന്നത് സരിത തന്നെയും പറ്റിച്ചെന്നാണ്. അങ്ങനെയെങ്കില്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിതയുടെ പരിപാടിക്ക് സ്വന്തക്കാരനായ വകുപ്പുമന്ത്രി പോകുമ്പോഴെങ്കിലും വകുപ്പുതലവന്‍ എന്തുകൊണ്ട് തടഞ്ഞില്ല. കാര്യം തിരക്കിയില്ല. സരിതയെക്കുറിച്ച് അറിയിച്ചില്ല. മന്ത്രിയും ഡയറക്ടറും തമ്മിലുള്ള ബന്ധം വെറും മന്ത്രി-ഉദ്യോഗസ്ഥ ബന്ധമല്ല. ഫിറോസിന്റെ വീട്ടില്‍ ഉള്‍പ്പെടെ നിരവധി തവണ കെ സി ജോസഫ് പോയി. എന്നിട്ടും മന്ത്രി സരിതയുടെ ക്രിമിനല്‍ബന്ധം അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കും? ഫിറോസിന് ഉമ്മന്‍ചാണ്ടിയുമായും പിആര്‍ഡി തലവന്‍ എന്ന നിലയില്‍ മാത്രമുള്ള ബന്ധമല്ല, പഴയ കെഎസ്യു പ്രവര്‍ത്തകന്‍ എന്ന ബന്ധംതന്നെ.
ഫിറോസ്- കെ സി ജോസഫ്- ഉമ്മന്‍ചാണ്ടി ബന്ധം ഒരു കൂട്ടുകച്ചവടത്തിന്റെ നിലയിലേക്ക് വളര്‍ന്നുവന്നത് സരിത എസ് നായര്‍ എന്ന വിവാദ നായികയിലൂടെ എന്നത് യാദൃച്ഛികംമാത്രം. ഇതിന് ഏറ്റവും വലിയ തെളിവ് സി ഡിറ്റിന്റെ സൂര്യകേരളം പദ്ധതിതന്നെ. സൗരോര്‍ജപദ്ധതികള്‍ നല്ല നിലയില്‍ നടത്തുന്നതിന് വൈദ്യുതിവകുപ്പിനു കീഴില്‍ അനെര്‍ട്ട് എന്ന ഏജന്‍സിയുണ്ട്. എല്‍ഡിഎഫ് കാലത്ത് അനെര്‍ട്ടിനെ പുനരുജ്ജീവിപ്പിക്കുകയും ഈ നിലയില്‍ മുന്നേറ്റമുണ്ടാക്കുകയും ചെയ്തതാണ്. എന്നാല്‍,പൊടുന്നനെയാണ് സി ഡിറ്റിന്റെ വരവ്. സെന്റര്‍ ഫോര്‍ ഡെവലപിങ് ഇമേജിങ് ടെക്നോളജി എന്ന സ്ഥാപനം വിവര സാങ്കേതികവിദ്യയിലും അനുബന്ധമായി വെബ് ഡിസൈനിങ്, പരസ്യചിത്രീകരണം തുടങ്ങിയ മേഖലകളിലും മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. എല്‍ഡിഎഫ് ഭരണകാലത്ത് മികച്ച പ്രവര്‍ത്തനത്തിലൂടെ 20 കോടി രൂപയുടെ സ്ഥിരനിക്ഷേപംവരെ സിഡിറ്റിനുണ്ടായി. ഈ നിലയില്‍ ഇനിയും മുന്നേറുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്ഥാപനം ഒരു ബന്ധവുമില്ലാത്ത മേഖലയിലേക്ക് തിരിഞ്ഞത് പിന്നിലെ കഥ കേള്‍ക്കുക.
പിആര്‍ഡി ഡയറക്ടര്‍ സി ഡിറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഡയറക്ടറായി നിയമിതനായ ഫിറോസ് സിഡിറ്റ് ഡയറക്ടര്‍ ബാബു ഗോപാലകൃഷ്ണന്റെ സഹപാഠിയും ഉറ്റ സുഹൃത്തും. ബാബു സിഡിറ്റ് ഡയറക്ടറാകുന്നതും കഥ. സി ഡിറ്റ് നടത്തുന്ന വിവിധ കോഴ്സുകളുടെ ഗസ്റ്റ് അധ്യാപകന്‍ മാത്രമായിരുന്ന ബാബു ഗോപാലകൃഷ്ണന്‍ കോഴ്സ് ഡയറക്ടറാക്കാന്‍ മന്ത്രിക്ക് നിവേദനം നല്‍കി. എന്തിന് കോഴ്സ് ഡയറക്ടറാകുന്നു? ഡയറക്ടര്‍തന്നെയായിക്കോളൂ എന്ന് മന്ത്രിയുടെ വരപ്രസാദം. ഇതിനു പിന്നിലും ഫിറോസിന്റെ സ്വാധീനം കാണാം. സരിത സി ഡിറ്റിലെയും സന്ദര്‍ശകയായി. സൂര്യകേരളം എന്ന പദ്ധതി തട്ടിക്കൂട്ടുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ആയിരം മെഗാവാട്ട് വൈദ്യുതി എന്ന്. അതിന് ചെലവ് 2500 കോടി. ഇതിനായി കേന്ദ്രത്തില്‍ നിവേദനവും കത്തും. സ്വാധീനിക്കാന്‍ സരിതയും ബിജുവും ഡല്‍ഹിയില്‍. അവിടെ ചരട് വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ പ്രതിപുരുഷനായ തോമസ് കുരുവിളയും. കേന്ദ്ര അംഗീകാരം കിട്ടുമെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലും കഴക്കൂട്ടം സൈനിക് സ്കൂളിലും പ്ലാന്റ് സ്ഥാപിച്ച സിഡിറ്റ് വെട്ടിലായിരിക്കുകയാണ്. മഴ വരുമെന്നു കരുതി മുറ്റത്ത് മാലിന്യമെറിഞ്ഞപോലെ. ഈ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണം അനുവദിച്ചവര്‍ എന്തായാലും കുടുക്കിലാകും. സര്‍ക്കാരിന് ഒരു ചെലവുമില്ലെന്നും എല്ലാം സിഡിറ്റ് വഹിക്കുമെന്നുമാണ് മന്ത്രി കെ സി ജോസഫ് പറഞ്ഞത്. സിഡിറ്റിന്റെ പണം സര്‍ക്കാരിന്റെ പണമല്ലെന്ന നിലയിലാണ് ജോസഫിന്റെ പ്രതികരണവും. പ്ലാന്റ് സ്ഥാപിച്ച ഏജന്‍സിക്കു പിന്നില്‍ ആരെന്ന് ഇനിയും വെളിപ്പെടുത്താന്‍ സിഡിറ്റ് തയ്യാറായിട്ടില്ല.
മെഗാബൈറ്റിന്റെ വെബ് സൈറ്റില്‍ ഡോ. ആര്‍ വി ജി മേനോന്റെ വീട്ടില്‍ പ്ലാന്റ് സ്ഥാപിച്ചതായി പറയുന്നുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിച്ച കാര്യം പറയുന്നില്ല. ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയാണ് യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിച്ചത്. അത് സമ്മതിക്കാന്‍ മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ സിഡിറ്റോ തയ്യാറാകുന്നില്ല. ഇത് സംബന്ധിച്ച ഫയലുകളെല്ലാം സിഡിറ്റില്‍നിന്ന് അര്‍ധരാത്രി കടത്തി. അര്‍ധരാത്രി ഫയല്‍ കടത്തിയതല്ലെന്നും നിയമസഭയില്‍ മന്ത്രിക്ക് മറുപടി പറയാന്‍ കൊണ്ടുപോയതാണെന്നുമാണ് ഡയറക്ടര്‍ ബാബു ഗോപാലകൃഷ്ണന്റെ മറുപടി. ടെക്നോപാര്‍ക്കിലെ കമ്പനിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും ഈ കമ്പനിയില്‍ ഓഹരിയുണ്ട്. ഈ ഉന്നതന് സരിതയുടെ ടീം സോളാറിലുമുണ്ട് നിക്ഷേപം. സരിത കേരളത്തില്‍ കുടുങ്ങി സിഡിറ്റ് തകര്‍ച്ചയിലാണ്. മുന്‍കാലങ്ങളില്‍ ഏറ്റെടുത്ത പ്രോജക്ടുകളെല്ലാം നിലച്ചു. പുതുതായി ഒന്നും നടത്താന്‍ കഴിയുന്നില്ല. എല്‍ഡിഎഫ് ഭരണകാലത്ത് നീക്കിവച്ചിരുന്ന 25 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉള്‍പ്പെടെ തീര്‍ന്നു. വരും മാസങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളംപോലും നഷ്ടപ്പെടുമെന്ന സ്ഥിതി. ഇതെല്ലാം നടക്കുന്നത് അതിവേഗം ബഹുദൂരം ഭരണത്തിലാണ്. എന്നിട്ടും പറയുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് നടപടി എടുക്കാത്തതുകൊണ്ടാണെന്ന്. സരിതയുടെയും ബിജുവിന്റെയും തട്ടിപ്പുകള്‍ക്ക് കരുത്താര്‍ജിച്ചത് 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍. കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും അറസ്റ്റ് ചെയ്തതും എല്‍ഡിഎഫ് ഭരണകാലത്ത്. ഭാര്യയെ കൊന്ന കേസിലും നടപടി എടുത്തത് എല്‍ഡിഎഫ് ഭരണത്തില്‍. സരിതയുടെയും ബിജുവിന്റെയും ശാലുമേനോന്റെയുമെല്ലാം മിന്നല്‍വേഗത്തിലുള്ള ഉയര്‍ച്ചയ്ക്കു പിന്നില്‍ ആര്? ഇവര്‍ വന്ന വഴിയും വളര്‍ച്ചയും നാളെ
എം രഘുനാഥ് deshabhimani
No comments:
Post a Comment