Wednesday, June 19, 2013

"പയ്യന്‍ ചാണ്ടി" വളര്‍ത്തിയ പാവം പയ്യന്‍

പാവം പയ്യന്‍ തോമസ് കുരുവിളയെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി ഉറപ്പിച്ചുനിര്‍ത്തിയത് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. പിജി പഠനത്തിന് ഡല്‍ഹിയില്‍ എത്തിയ ചാണ്ടി ഉമ്മന്റെ പരിചരണം ഏറ്റെടുത്താണ് കുരുവിള ഉമ്മന്‍ചാണ്ടിയുടെ മനംകവര്‍ന്നത്. പിന്നീട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഡല്‍ഹിയില്‍ കാര്യങ്ങള്‍ നോക്കിനടത്തുന്ന അനൗദ്യോഗിക സെക്രട്ടറിയായി കുരുവിള. ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരന്‍ എന്നനിലയില്‍ കേന്ദ്രമന്ത്രാലയങ്ങളിലും പാര്‍ലമെന്റിലുമെല്ലാം കുരുവിള പ്രത്യേക പരിഗണന നേടി. സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്താന്‍ കുരുവിള ആ സ്വാധീനമാകെ ഉപയോഗിക്കുകയും ചെയ്തു.

കുരുവിള ഡല്‍ഹിയിലെത്തി അധികം വൈകാതെ സരിത നായര്‍ തലസ്ഥാനത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയെന്ന് കേരള ഹൗസ് ജീവനക്കാര്‍ പറയുന്നു. ആ ബന്ധം ഡല്‍ഹിയിലെ തന്റെ സ്വാധീനവലയം വിപുലപ്പെടുത്തുന്നതില്‍ സരിതയെ സഹായിച്ചു. പത്തുവര്‍ഷംമുമ്പാണ് കുരുവിള നാട്ടില്‍ ഗതിപിടിക്കാതെ ഡല്‍ഹിയിലേക്ക് വണ്ടികയറിയത്. കേരള ഹൗസിലെത്തിയ കുരുവിള ആദ്യനാളുകളില്‍ ഡോര്‍മിറ്ററിയിലായിരുന്നു താമസം. തുടക്കത്തില്‍, ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായിരുന്നു കുരുവിളയുടെ ഉപജീവനമാര്‍ഗം. ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെയാണ് കുരുവിള കേരള ഹൗസില്‍ സജീവമായത്.

ചാണ്ടി ഉമ്മന്‍ ഡല്‍ഹിയില്‍ പഠനാവശ്യത്തിന് എത്തിയതോടെ കുരുവിളയുടെ കാലം തെളിഞ്ഞു. ഇരുവരും കേരളഹൗസില്‍ നടത്തിയ വിളയാട്ടങ്ങള്‍ അക്കാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായി. എല്ലാ കാര്യത്തിലും ചാണ്ടി ഉമ്മന് തുണയായി കുരുവിളയുണ്ടായിരുന്നു. കേരള ഹൗസിന്റെ പ്രധാന ബ്ലോക്കില്‍ ദീര്‍ഘനാള്‍ അനധികൃതമായി താമസിച്ചത് വിവാദമായതോടെ ചാണ്ടി ഉമ്മന് മുറി ഒഴിയേണ്ടിവന്നു. മകനുമായുള്ള അടുപ്പം പരിധിവിട്ടതോടെ ഉമ്മന്‍ചാണ്ടിക്ക് കുരുവിളയെ ഒഴിവാക്കാനാകാതായി. മകന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദം ശക്തമായിരുന്നിട്ടും തന്ത്രശാലിയായ ഉമ്മന്‍ചാണ്ടി കുരുവിളയെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയില്ല. പകരം ഡല്‍ഹിയിലെ കാര്യങ്ങളുടെ ചുമതലയുള്ള അനൗദ്യോഗിക സെക്രട്ടറിയാക്കി.

deshabhimani

No comments:

Post a Comment