Wednesday, June 19, 2013

തിരിച്ചറിയല്‍ പരേഡ് നടത്തിയത് നടപടിക്രമം പാലിക്കാതെ

കോഴിക്കോട്:ജില്ലാ ജയിലില്‍ സാക്ഷികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് പ്രതിഭാഗം കോടതിയില്‍. പ്രതിചേര്‍ക്കപ്പെട്ട നാലുപേരുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയ മജിസ്ട്രേട്ടിനെ ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കുമ്പോഴാണ് പ്രതിഭാഗം തെളിവുകളുമായി രംഗത്തുവന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്(ഒന്ന്) പി ടി പ്രകാശനെയാണ് 159-ാം സാക്ഷിയായി വിസ്തരിച്ചത്. വ്യത്യസ്ത ആകാരസാദൃശ്യമുള്ള പ്രതികള്‍ക്കൊപ്പം നിര്‍ത്തിയത് രൂപസാദൃശ്യമില്ലാത്തവരെയാണെന്നും പ്രതിചേര്‍ക്കപ്പെട്ടവരെ തിരിച്ചറിയാന്‍ ഇത് സഹായകമായെന്നും ക്രോസ് വിസ്താരത്തില്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടി.

പ്രതി ചേര്‍ക്കപ്പെട്ട ടി കെ രജീഷിനെയും എം സി അനൂപിനെയും കെ ഷിനോജിനെയും തിരിച്ചറിയുന്നതിന് അവര്‍ക്കൊപ്പം നിര്‍ത്തിയ മൂന്നുപേരും ഒരേ ആളുകളാണന്നും പ്രതിഭാഗം പറഞ്ഞു. ഇവരുടെ പേരും വിലാസവും ഒന്നുതന്നെയാണെന്ന് മജിസ്ട്രേട്ട് സമ്മതിച്ചു. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം രജീഷിനെയും അനൂപിനെയും മജിസ്ട്രേട്ടിനടുത്തേക്ക് കോടതി വിളിപ്പിച്ചു. രജീഷ് തടിച്ച് കഷണ്ടിയുള്ളയാളും അനൂപ് ഇടതൂര്‍ന്ന മുടിയുള്ള, ഉയരംകുറഞ്ഞ ആളുമാണെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാല്‍ രണ്ടുപേര്‍ക്കും ഉയരത്തില്‍ സാദൃശ്യമുണ്ടെന്നായിരുന്നു മജിസ്ട്രേട്ടിന്റെ മൊഴി. പരേഡ് സമയത്ത് രജീഷ് ഒഴികെയുള്ളവരെല്ലാം കഷണ്ടിയില്ലാത്തവരായിരുന്നുവെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോള്‍ അല്ലെന്ന് മജിസ്ട്രേട്ട് മറുപടി നല്‍കി. തിരിച്ചറിയല്‍ പരേഡ് 20 മിനുട്ടുകൊണ്ട് പൂര്‍ത്തിയാക്കിയെന്നു പറയുന്നത് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതിന്റെ തെളിവാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. തിരിച്ചറിയല്‍ പരേഡ് നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജയിലില്‍ എത്തിയതിനുശേഷം രൂപസാദൃശ്യമുള്ള അന്‍പതോളം പേരില്‍നിന്ന് 13 പേരെ തെരഞ്ഞെടുത്തുവെന്നാണുള്ളത്. 2.50ന് പരേഡ് പൂര്‍ത്തിയായതായും കാണുന്നു. ഇത്രയും സമയത്തിനകം പരേഡ് പൂര്‍ത്തിയാക്കാനാകില്ലെന്നും പറയുന്നതുപ്രകാരം പരേഡ് നടന്നിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇപ്രകാരം സൂചിപ്പിച്ചത് ടൈപ്പ് ചെയ്യുമ്പോള്‍ പറ്റിയ തെറ്റാണെന്നും 13 പേരെ നേരത്തെ തെരഞ്ഞെടുത്തതാണെന്നുമാണ് മജിസ്ട്രേട്ടിന്റെ മൊഴി. ജയില്‍ അധികൃതരാണ് ഒപ്പം നിര്‍ത്തേണ്ട രൂപസാദൃശ്യമുള്ളവരെ കൊണ്ടുവന്നതെന്ന് മജിസ്ട്രേട്ട് മൊഴി നല്‍കി. ഇവരുടെ പേരും വിലാസവും ജയില്‍ അധികൃതര്‍ തന്നതാണ്. ഇവരുടെ ഒപ്പുകള്‍ വെള്ളക്കടലാസിലാണ് വാങ്ങിച്ചത്. പിന്നീട് അതിനൊപ്പം ലിസ്റ്റ് പ്രകാരമുള്ള പേരുകള്‍ ചേര്‍ക്കുകയായിരുന്നുവെന്നും മജിസ്ട്രേട്ട് ബോധിപ്പിച്ചു. തിരിച്ചറിയല്‍ പരേഡില്‍ വന്ന പോരായ്മകള്‍ മറച്ചുവയ്ക്കാന്‍ വസ്തുതകള്‍ രേഖപ്പെടുത്തിയില്ലെന്ന് പ്രതിഭാഗം ആരോപിച്ചു. പലരുടെയും ഒപ്പുകള്‍ പരസ്പരം മാറിപ്പോയിട്ടുണ്ട്. എന്നാല്‍ ഇത് ശരിയല്ലെന്ന് മജിസ്ട്രേട്ട് മൊഴി നല്‍കി. പ്രതിചേര്‍ക്കപ്പെട്ട എം സി അനൂപ്, ടി കെ രജീഷ്, സുനില്‍കുമാര്‍ എന്ന കൊടി സുനി, കെ ഷിനോജ് എന്നിവരെ തിരിച്ചറിയാന്‍ ജില്ലാ ജയിലില്‍ പരേഡ് നടത്തിയതായി രേഖപ്പെടുത്താനാണ് മജിസ്ട്രേട്ടിനെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ വിസ്തരിച്ചത്. ഇതില്‍ രജീഷിനെയും അനൂപിനെയും ഷിനോജിനെയും തിരിച്ചറിഞ്ഞതായി കോടതി രേഖപ്പെടുത്തി. കൊടി സുനിയെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടിലുള്ള സാക്ഷി രാമചന്ദ്രന്‍ മരിച്ചതിനാല്‍ രേഖപ്പെടുത്തിയില്ല. പ്രതിഭാഗത്തിനുവേണ്ടി ബി രാമന്‍പിള്ള, സി ശ്രീധരന്‍ നായര്‍, എം അശോകന്‍, പി വി ഹരി, കെ വിശ്വന്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ അജിത്കുമാര്‍, പി ശശി, എന്‍ ആര്‍ ഷാനവാസ്, വി വി ശിവദാസന്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ സാക്ഷിയെ വിസ്തരിച്ചു.

deshabhimani

No comments:

Post a Comment