Thursday, June 20, 2013

മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന്റെ ഭര്‍ത്താവിനെ ഒഴിവാക്കി അന്വേഷണം അവസാനിപ്പിക്കുന്നു

മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന്റെ ഭര്‍ത്താവിന്റെ സഹായത്തോടെ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കാമുകനെതിരെ കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമം. കന്റോണ്‍മെന്റ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും രാജാജി നഗറിലെ സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ സ്റ്റാഫ് അംഗത്തിന്റെ ഭര്‍ത്താവിനെ ഉന്നതരുടെ ഇടപെടല്‍ ഉണ്ടായതോടെയാണ് അന്വേഷണത്തില്‍ നിന്ന് പൊലീസ് ഒഴിവാക്കിയത്.

വലിയതുറ സ്വദേശി പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ മുഖ്യ സൂത്രധാരനാണിയാള്‍. ഇയാളുടെ നിയന്ത്രണത്തിലുള്ള രാജാജി നഗറിലെ ഒരു വീട്ടില്‍നിന്നാണ് ചൊവ്വാഴ്ച പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ പറയുന്ന വീടാണിത്. രണ്ട് സ്ത്രീകള്‍ മാത്രമുള്ള ഈ വീട്ടിലെ നിത്യസന്ദര്‍ശകനാണിയാള്‍. ഇവിടേക്കുള്ള ഇയാളുടെ വരവ് നാട്ടുകാര്‍ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായ ഇയാള്‍ ഉന്നതബന്ധം ഉപയോഗിച്ച് പ്രതിഷേധിച്ചവരെ കള്ളക്കേസില്‍ കുടുക്കി. ആറുവര്‍ഷം മുമ്പ് രാജാജി നഗറിലെ ഒരു ഫ്ളാറ്റില്‍ ഇയാള്‍ താമസിച്ചിരുന്നു. ബ്ലേഡ് പലിശയും കഞ്ചാവ് വില്‍പ്പനയുമായിരുന്നു ജോലി. അമ്മയുടെ സര്‍ക്കാര്‍ ജോലിയുടെപേരില്‍ മേലാറന്നൂര്‍ എന്‍ജിഒ ക്വാട്ടേഴ്സില്‍ കിട്ടിയ വീട്ടിലായി പിന്നീട് താമസം. രാജാജി നഗറിലെ ഒരു സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത് മാധ്യമങ്ങളില്‍ വാര്‍ത്തയായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മുഖ്യമന്ത്രിയുടെ ഒരു പ്രൈവറ്റ് സെക്രട്ടറിയുടെ പ്രധാനസഹായിയായി. ഇതോടെ ഭാര്യക്ക് മുഖ്യമന്ത്രിയുടെ വീട്ടില്‍ ജോലി ശരിയാക്കി. തമ്പാനൂര്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇയാളോടൊപ്പമാണ് പതിനഞ്ചുകാരിയെയും യുവാവിനെയും കന്റോണ്‍മെന്റ് പൊലീസ് രാജാജി നഗറിലെ വീട്ടില്‍ നിന്ന് പിടികൂടിയത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചാണ് ഇവിടെ എത്തിച്ചത്.

എന്നാല്‍, ഇയാളുടെ ഉന്നതബന്ധം അറിയുന്ന പൊലീസ് തന്ത്രപൂര്‍വം ഇയാളെ കേസില്‍നിന്ന് ഒഴിവാക്കി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ നല്‍കിയിരുന്ന പരാതിപ്രകാരം പെണ്‍കുട്ടിയെയും യുവാവിനെയും വലിയതുറ പൊലീസിന് കന്റോണ്‍മെന്റ് പൊലീസ് കൈമാറി. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ചാല സ്വദേശി യുവാവിനെതിരെ കേസെടുത്തു. പെണ്‍കുട്ടിയെ വീട്ടുകാരോടെപ്പം വിട്ടയച്ചു. വ്യാഴാഴ്ച യുവാവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് വലിയതുറ എസ്ഐ സജിത് പറഞ്ഞു. നഗരത്തില്‍ ഒരു സ്വകാര്യസ്ഥാപനത്തിലെ സെയില്‍സ് ഗേളായ പെണ്‍കുട്ടിയെ അനാശാസ്യം നടക്കുന്ന രാജാജി നഗറിലെ വീട്ടില്‍ എത്തിച്ചതില്‍ ദുരൂഹതയുണ്ട്. കൂടെയുണ്ടായിരുന്ന യുവാവിനെ പ്രതിയാക്കി സംഭവത്തിന്റെ മുഖ്യസൂത്രധാരനായ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന്റെ ഭര്‍ത്താവിനെ പൊലീസ് കേസില്‍ നിന്ന് രക്ഷപ്പെടുത്തി.

പോപ്പുലര്‍ഫ്രണ്ട് ജില്ലാ നേതാക്കള്‍ പ്രതിയായ കേസ് പിന്‍വലിക്കുന്നു

തലശേരി: എസ്ഡിപിഐ- പോപ്പുലര്‍ഫ്രണ്ട് ജില്ലാനേതാക്കള്‍ പ്രതികളായ അക്രമക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോടതിയില്‍ ഹര്‍ജി. ജുമനമസ്കാരം കഴിഞ്ഞ് പള്ളിയില്‍നിന്നിറങ്ങിയ സിപിഐ എം പ്രവര്‍ത്തകന്‍ കോട്ടയം പുറക്കളത്തെ സി കെ ഫസലു (25)വിനെ മാരകമായി പരിക്കേല്‍പിച്ച കേസ് പിന്‍വലിക്കുന്നതിനാണ് തലശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതിയില്‍ ബുധനാഴ്ച എപിപി മുഖേന ഹര്‍ജി നല്‍കിയത്.

എസ്ഡിപിഐയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും ജില്ലയിലെ പ്രധാനനേതാക്കളായ വി പി സാഹിര്‍, ഇബ്രാഹിം, പ്രാദേശിക നേതാക്കളായ ഷിഹാബ്, റഫ്നാസ്, മുഹമ്മദലി എന്നിവരെ രക്ഷപ്പെടുത്തുന്നതിനാണ് യുഡിഎഫ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. അന്വേഷണഉദ്യോഗസ്ഥന്‍ പ്രതികളെ ആരെയും അറസ്റ്റ്ചെയ്തിട്ടില്ലെന്നും കൃത്യമായ നിലയിലല്ല അന്വേഷണം നടന്നതെന്നും കാണിച്ചാണ് കേസ് പിന്‍വലിക്കുന്നതിനുള്ള ഹര്‍ജി. അക്രമത്തിനിരയായ ഒന്നാംസാക്ഷിയുടെ അഭിപ്രായംകൂടി പരിഗണിച്ച് 25ന് ഹര്‍ജിയില്‍ കോടതി തീര്‍പ്പ്കല്‍പിക്കും.

നിസ്കാരം കഴിഞ്ഞ് നടന്നുപോവുകയായിരുന്ന ഫസലുവിനെ 2011 ജനുവരി 21ന് പകല്‍ ഒന്നരക്കാണ് പുറക്കളം കനാല്‍റോഡില്‍ തടഞ്ഞുനിര്‍ത്തി പതിനൊന്നംഗം പോപ്പുലര്‍ഫ്രണ്ട്- എസ്ഡിപിഐ സംഘം പരിക്കേല്‍പിച്ചത്. കൊല്ലുമെന്ന് ഭീഷണിമുഴക്കിയെത്തിയ സംഘത്തിലുണ്ടായിരുന്ന ഷിഹാബ് ഇരുമ്പ്കട്ട ഉപയോഗിച്ച് നെറ്റിക്ക് കുത്തുകയും ഇബ്രാഹിം ഇരുമ്പുവടികൊണ്ട് തലക്കടിക്കുകയുംചെയ്തു. മാരകമായി പരിക്കേറ്റ ഫസലു തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കതിരൂര്‍ പൊലീസ് 36ന2011 ആയി രജിസ്റ്റര്‍ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി സിസി 688ന2011 ആയാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. തീവ്രവാദിസംഘത്തിന്റെ സ്വാധീനത്തിന് വഴങ്ങി നാലുപ്രധാനപ്രതികളെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കുകയുംചെയ്തു. വിചാരണയില്‍ ഒന്നും രണ്ടും സാക്ഷികള്‍ തെളിവ്കൊടുത്തത്പ്രകാരം ഒഴിവാക്കിയ പ്രതികളെകൂടി ഉള്‍പ്പെടുത്തി വിചാരണ തുടരണമെന്ന് ക്രിമിനല്‍ നടപടിക്രമം 319 പ്രകാരം പ്രോസിക്യൂഷന്‍ നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടയിലാണ് സര്‍ക്കാര്‍ ഇടപെട്ട് കേസ് തന്നെ ഇല്ലാതാക്കുന്നത്.ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിവന്നതെന്നാണ് സൂചന. കോണ്‍ഗ്രസിലെയും മുസ്ലിംലീഗിന്റെയും ഉന്നതരായ നേതാക്കളാണ് പോപ്പുലര്‍ഫ്രണ്ട്- എസ്ഡിപിഐ നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന് ചുക്കാന്‍ പിടിച്ചത്. രാജ്യദ്രോഹപ്രവര്‍ത്തനം ഉള്‍പ്പെടെ നടത്തുന്ന തീവ്രവാദിസംഘത്തെ കേസില്‍നിന്ന് രക്ഷപ്പെടാനുള്ള ഇടപെടലിന് പിന്നിലും സാമ്പത്തിക ഇടപാടുണ്ടെന്നുള്ള ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.

deshabhimani

No comments:

Post a Comment